(അര്‍ജ്ജുനോപാഖ്യാനം തുടര്‍ച്ച)
അക്കാലം അര്‍ജ്ജുനനും ധൃതരാഷ്ട്രന്റെ നൂറു മക്കളും തമ്മില്‍ ഘോരമായ യുദ്ധമുണ്ടാകും. മരിക്കാനുറച്ചു നേരിട്ടു യുദ്ധംചെയ്യാനൊരുങ്ങിക്കൊണ്ട് നില്ക്കും സ്വജനങ്ങളെയെല്ലാം കണ്ടിട്ട് ആ പാണ്ഡുപുത്രല് ഏറ്റവും വിഷാദിച്ചുകൊണ്ടീടും, യുദ്ധം ചെയ്യാനൊരുങ്ങീടുകയില്ല. പ്രാപ്തകാരൈ്യകസിദ്ധിക്കായ്ക്കൊണ്ട് വാസുദേവന്‍ അന്നേരം പാര്‍ത്ഥനോട് ഏവം ഉപദേശം ചെയ്യും. ‘ആദിമദ്ധ്യാന്തഹീനം, അവ്യക്തം, അനാമയം, ആത്മാനം, ആലോകനംചെയ്ക നീ രാജസിംഹ! ജ്ഞാനസ്വരൂപനായി വിളങ്ങീടുന്നവന് നീ, നൂനം നീ നിത്യന്, ദോഷമല്പവുമില്ലാത്തവന്. ജനിക്കെന്നതുമില്ല, മരിക്കെന്നതുമില്ല, ചിന്തിച്ചീട് അജന്, നിത്യന്, ശാശ്വതന്‍, പുരാണനാണു നീ. ഒരുകാലത്തില്‍ ഇല്ലാതിരുന്നിട്ട് ആത്മാവ് പിന്നെ ഒരുകാലത്തുണ്ടായിവരികെന്നതില്ല. നശിച്ചീടുന്നതാണ് ദേഹമെന്നിരിക്കിലും നിശ്ചയമായും ആത്മാവെന്നും നശിച്ചീടുകയില്ല. ഉള്ളില്‍ ഫലകാംക്ഷകൂടാതെ കര്‍മ്മങ്ങളെ സിദ്ധിയിലും അസ്സിദ്ധിയിലും നീ സമനായി ചെയ്തീടുക. ഇത്തരം ബ്രഹ്മാര്‍പ്പണം ചെയ്തു വാഴുന്നതായാല് സത്വരം നീ ബ്രഹ്മമായിത്തന്നെ ഭവിച്ചീടും. ഈശ്വരനായിക്കൊണ്ട് എല്ലാവസ്തുക്കളെയും അര്‍പ്പിച്ച് ഈശ്വരാത്മാവായി നിരാമയനായി സദാകാലം സര്വഭൂതാത്മാവായി ഭൂഷിതഭൂതലനായി ഉര്വ്വീമന്ദ്രമൗലേ! നീതാനീശ്വരനായീടുക.സുമതേ! സങ്കല്പങ്ങളൊക്കെയും നീ അകറ്റി സമനായി, ശാന്തമനസ്സായി നല്ല മുനിയായി സന്ന്യാസയോഗയുക്താത്മാവായി കര്‍മ്മങ്ങളെയെല്ലാം നന്നായി ചെയ്ത് മുക്തിമതിയായി ഭവിച്ചാലും.’
ഇങ്ങനെ വാസുദേവന്‍ അരുള്ചെയ്യുന്നേരം ബുദ്ധിമാനായ അര്ജ്ജുനന് ഇപ്രകാരം ചോദിച്ചു. ‘കേശവ! സംഗത്യാഗം, പിന്നെ ബ്രഹ്മാര്‍പ്പണം, ഈശ്വരാര്‍പ്പണം, സന്ന്യാസം, ജ്ഞാനം, യോഗം ഇവയുടെ വിഭാഗം എവ്വണ്ണമാണ്, അതു മോഹനിവൃത്തിക്കായി ക്രമത്തില്‍ അരുളിച്ചെയ്യേണമേ.’ അര്‍ജ്ജുനന്റെ ഈവണ്ണമുളള ചോദ്യംകേട്ടിട്ട് അച്യുതന് കനിഞ്ഞരുളിച്ചെയ്തു, ‘എല്ലാ സങ്കല്പങ്ങളും ദൂരെനീങ്ങി അല്പവും വാസനയില്ലാതായി ഭവിച്ച് ഒരു ഭാവനയും ഇല്ലാതിരിപ്പതുതന്നെ നരപാലകമൗലേ! ബ്രഹ്മമെന്നറിഞ്ഞാലും. ബ്രഹ്മമാകുന്നതിനുള്ള ഉദ്യോഗംതന്നെ ജ്ഞാനം; യോഗമാകുന്നതും അതുതന്നെ.
ലോകമൊക്കെയും ഞാനും ബ്രഹ്മമാണെന്നബോധമാണ് ബ്രഹാമാര്പ്പണം. കര്‍മ്മഫലങ്ങളെ ഉപേക്ഷിക്കുന്നതുന്നെ നിര്‍മ്മലമായ സന്ന്യാസമെന്നോതുന്നു. സങ്കല്പജാലങ്ങളെ കളഞ്ഞീടുന്നത് അസംഗമെന്നു നീ ധരിക്കുക. സര്വാന്തര്യാമിയാകുന്ന ഏകനായ ഈശ്വരന്‍തന്നെ സര്‍വവും നടത്തുന്നതെന്ന ഭാവനയോടും രണ്ടെന്ന ഭാവം കാടാതിരുന്നീടുന്നതെല്ലാം കണ്ടറിഞ്ഞവര് ഈശ്വരാര്പ്പണമെന്നു പറയുന്നു. എന്നെ ധ്യാനിക്കുക, എന്റെ ഭക്തനായി ഭവിക്കുക, എന്നെ നന്നായി യജിക്കുക, എന്നെ സദാ വന്ദിക്കുക, എന്നില്‍ ഇങ്ങനെ ആത്മാവിനെ ചേര്‍ത്ത് മല്പ്പരനായിത്തീര്ന്നുവെങ്കില് എന്നെ നീ പ്രാപിക്കും. സാമാന്യം, പരം എന്നിങ്ങനെ എന്റെ രൂപം രണ്ടുണ്ടെന്നു നീ അറിയുക. ശംഖചക്രാദികളെ ധരിക്കുന്ന പുണ്യാദിസംയുക്തമായുള്ള രൂപം സാമാന്യമായീടുന്നു. ഏകമായി ആദ്യന്തങ്ങളില്ലാതെ വിളങ്ങുന്നതാകുന്നു എന്റെ പരമായ രൂപം. പരമാത്മാവ് പരബ്രഹ്മമെന്ന് ഏവം വിദ്വാന്മാരെല്ലാം അതിനെത്തന്നെ പറഞ്ഞീടുന്നു.
ഏതൊരുകാലത്തോളം നീ ആത്മജ്ഞാനിയായീടാതെകണ്ട് ബുദ്ധിയില്ലാത്തവനായി വസിച്ചീടുന്നുവോ അക്കാലത്തോളം ചതുര്ഭുജനാകുന്ന ഭഗവാനെ ഭക്തിയോടെ നന്നായി പൂജിച്ചീടുക. എന്നാല്‍ നീ പ്രബുദ്ധനായി ആദ്യന്തഹീനമാകുന്ന എന്റെ പരംരൂപം പ്രാപിക്കുമെന്നത് ഉറപ്പാണ്. പിന്നെ നീ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വാഴുകയെന്നുള്ളത് ഒരിക്കല്പ്പോലുമുണ്ടാകയില്ല.
തിങ്ങീടും മാനം, മോഹം എന്നിവ ദൂരെനീങ്ങി സംഗദോഷങ്ങള് അല്പവുമില്ലാതെ, ആത്മാനുസന്ധാനത്തില്‍ താല്പര്യമില്ലാതെ, സദാ വര്‍ത്തിച്ചുകൊണ്ടീടുന്ന വിദ്വാന് തല്പദത്തെ പ്രാപിക്കുന്നു. ഭൂമിയില്‍ എവന്നുള്ള സകലാരംഭങ്ങളും കാമസങ്കല്പവര്ജ്ജിതങ്ങളായി ഭവിക്കുന്നു, ജ്ഞാനാഗ്നിയാല്‍ കര്‍മ്മം നശിച്ചവനെ ബുധന്മാര്‍ പണ്ഡിതനെന്നു പറയുന്നു. നിത്യസത്വസ്ഥനായി നിര്യോഗക്ഷേമനായി (അലഭ്യമായ വസ്തു കൈയില്‍ വരുന്നത് യോഗം. ആ വസ്തുവിനെ നഷ്ടപ്പെടാതെയും ക്ഷയിക്കാതെയും കാത്തുസൂക്ഷിക്കുന്ന പരിപാലനം ക്ഷേമം. ഇവിടെ യോഗവും ക്ഷേമവും ഇല്ലാത്തവനായി എന്നര്‍ത്ഥം), നിര്‍ദ്വന്ദനായി, അപ്രമത്തചിത്തനായി നീ സദാകാലം യഥാപ്രാപ്താനുവര്ത്തിയായി ഭൂഷിതഭൂതലനായി ഭൂമീശ്വര! ഭവിക്ക. വിന്ധ്യാപര്‍വതം ചിതറിപ്പോയീടിലും കല്പാന്തവായു ഘോരമായി വീശീടിലും ഗുരുശാസ്ത്രാനുഗമായ മാര്‍ഗത്തെ ഉപേക്ഷിക്കരുതെന്ന് ധീമാനായവന് അറിയണം. സത്ബോധമുണ്ടാകുമ്പോള് വാസന അജ്ഞാനംനിമിത്തം സത്തയെയും നാശത്തെയും പ്രാപിക്കുന്നു.’ ഇത്തരം അരുളിച്ചെയ്ത് അച്യുതന് ജഗന്മയന് ഇത്തിരിനേരം മൗനം കൈക്കൊണ്ടു വാണീടുമ്പോള്‍ നീലത്താമരകൂട്ടത്തില് ചേരുന്ന ഷള്പ്പദമെന്നപോലെ ആ പാണ്ഡുപുത്രന് ഇങ്ങനെ പറഞ്ഞു, ‘ലോകബാന്ധവനാല് താമരപൊയ്കയെന്നപോലെ ലോകനായക! അങ്ങയുടെ വാക്യത്താല്‍ ഇതുകാലം എന്റെ ബുദ്ധിശോകഭാരത്തെയെല്ലാം നീക്കി നല്ല ഉദയത്തെ പ്രാപിച്ചെന്നു തീര്‍ച്ച.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: