ടെല്‍അവീവ്: ഗാസ മുനമ്പിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ കരയാക്രമണം നടത്തുന്നതിനിടെ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഹമാസിന്റെ തുരങ്കങ്ങള്‍ നശിപ്പിക്കാന്‍ നടപടികളാരംഭിച്ച് ഇസ്രായേല്‍ സൈന്യം. സൈന്യത്തിലെ എന്‍ജിനീയര്‍മാര്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങളിലാണ്. റോബോട്ടുകളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് ഇത് നടപ്പാക്കുക, ഐഡിഎഫ് അറിയിച്ചു.
എന്നാല്‍, ഒരു സാഹചര്യത്തിലും ഇസ്രായേലി സൈന്യം തുരങ്കങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കരുതെന്ന് ഐഡിഎഫിന്റെ മുന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് യായിര്‍ ഗോലന്‍ മുന്നറിയിപ്പ് നല്കി. വലിയ അപകടമാണത്. ഹമാസ് ഭീകരര്‍ അവിടങ്ങളില്‍ ഒളിഞ്ഞിരിപ്പുണ്ടാകാം. തുരങ്കങ്ങളുടെ പ്രവേശന ഭാഗത്തൂടെ പുക കയറ്റിവിടുകയോ പ്രവേശനകവാടം മൂടുകയോ ചെയ്യാം. അതിലൂടെ ഭീകരരെ പുറത്തെത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം സൈന്യത്തോട് നിര്‍ദേശിച്ചു.
പുതിയതായി ഹമാസിന്റെ നിരവധി കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയും ഭീകര കേന്ദ്രങ്ങള്‍ കണ്ടെത്തുകയും അവയെ ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ രാത്രിയുണ്ടായ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും ഐഡിഎഫ് അറിയിച്ചു. കരയാക്രമണത്തില്‍ ഇസ്രായേലിന്റെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. ഗാസ മുനമ്പിന്റെ വടക്കന്‍ പ്രദേശത്ത് ഹമാസുമായുണ്ടായ ആക്രമണത്തിലാണ് ലഫ്.കേണല്‍ സല്മാന് ഹബാക്ക കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് അറിയിച്ചു.
റഫ അതിര്‍ത്തി തുറന്നതോടെ വിദേശികളും ഇരട്ട പൗരത്വമുള്ള പാലസ്തീനികളും ഗുരുതരമായി പരിക്കേറ്റവരും ഗാസ വിടുന്നത് തുടരുന്നു. വിദേശികള്‍ക്കായി അതിര്‍ത്തിയില്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബന്ദികളുടെ മോചനത്തിനാ
യി ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തായ്ലന്ഡ് ഇറാനില്‍ വച്ച് ഹമാസുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, അന്താരാഷ്ട്ര നിയമ പ്രകാരം ഹമാസിന്റെ ആക്രമണത്തില്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനില്ലെന്ന് ഐക്യരാഷ്ട്ര സഭയിലെ റഷ്യയുടെ പ്രതിനിധി വാസിലി നെബന്‍സ്യ അറിയിച്ചു. ഗാസ ഒരു അധിനിവേശ രാഷ്ട്രമായതിനാലാണതെന്നും നെബന്‍സ്യ കൂട്ടിച്ചേര്‍ത്തു.
ആണവ പദ്ധതികളുടെ പേരില്‍ യുഎന്‍ ഉപരോധം നേരിടുന്ന ഉത്തര കൊറിയ, ഹമാസുമായി ആയുധവ്യാപാരത്തിന് തയാറാകുന്നതായി ദക്ഷിണ കൊറിയയുടെ ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഉത്തരകൊറിയ ഹമാസിന് ആന്റി ടാങ്ക് റോക്കറ്റ് ലോഞ്ചറുകള്‍ കൈമാറിയിരുന്നു. ഗാസയിലേക്കു കൂടുതല്‍ ആയുധങ്ങളെത്തിക്കാന്‍ കിം ശ്രമിക്കുന്നെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: