ന്യൂദല്‍ഹി: അഴിമതിവിരുദ്ധന്റെ കുപ്പായമിട്ട് നടന്ന ദല്‍ഹിയിലെ ദുര്യോധനനും അഴിക്കുള്ളിലാകുമെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് എക്സൈസ് കുംഭകോണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുന്നില്‍ ചോദ്യം ചെയ്യലിന് പോകാതെ ഒഴിഞ്ഞുമാറിയതിന് പിന്നാലെയാണ് മുമ്പ് ആപ്പ് മന്ത്രി കൂടിയായിരുന്ന കപില്‍ മിശ്രയുടെ രൂക്ഷ വിമര്‍ശനം.
‘അഭിനന്ദനങ്ങള്‍ ദല്‍ഹി എന്ന് അഭിസംബോധനയോടെയാണ് കപില്‍ മിശ്രയുടെ എക്സ് പോസ്റ്റ് തുടങ്ങുന്നത്. ‘ഇന്ന് ഒരു പ്രത്യേക ദിവസമാണ്. ദല്‍ഹിയിലെ കുറ്റവാളികള്‍ ഓരോരുത്തരായി ജയിലിലേക്ക് പോകുന്നു. ദുര്യോധനന്റെ എല്ലാ സഹോദരന്മാരും പോയി, ദുര്യോധനന് മാത്രം അവശേഷിക്കുന്നു. കേജ്രിവാള് എപ്പോള്‍ ജയിലില്‍ പോകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ. എന്തായാലും ജയിലില്‍ പോയേ പറ്റൂ. ഇത്രകാലം പിന്തുടരുന്ന പാപത്തിന്റെ വഴി ജയിലില്‍ തന്നെയാണ് അവസാനിക്കുക. കേജ്രിവാളിന്റെയും കൂട്ടരുടെയും അഴിമതിക്കെതിരെ ദല്‍ഹിയിലെ ജനങ്ങള്‍ നയിച്ച പോരാട്ടം അവസാന ഘട്ടത്തിലാണ്, കപില്‍ മിശ്ര കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: