Categories: Ernakulam

ചേര്‍ത്തല തങ്കപ്പ പണിക്കര്‍ക്ക് ഔദ്യോഗിക ബഹുമതികളോടെ അന്ത്യോപചാരം

Published by

കൊച്ചി: അന്തരിച്ച കഥകളി സംഗീതജ്ഞന്‍ ചേര്‍ത്തല തങ്കപ്പ പണിക്കരുടെ മൃതദേഹം, മൂവാറ്റുപുഴ പായിപ്ര മുളവൂരിലെ വസതിയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

ചേര്‍ത്തലയില്‍ വാസുദേവ പണിക്കരുടേയും നാണിയമ്മയുടേയും മകനായി ജനിച്ച തങ്കപ്പ പണിക്കര്‍ക്ക് തകഴി കുട്ടന്‍പിള്ള, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്, കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ എന്നിവരാണ് കഥകളി സംഗീതത്തിലെ ഗുരുനാഥന്മാര്‍. 1956-ല്‍ പേരൂര്‍ ഗാന്ധി സേവാസദനത്തില്‍ കഥകളി സംഗീത അധ്യാപകനായി. 1962-ല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി അക്കാദമിയില്‍ സംഗീതാധ്യാപകനായി. 1983ല്‍ വിരമിച്ചു.

ദല്‍ഹി രാജ്യാന്തര കഥകളി സെന്ററിന്റെ തങ്കമുദ്ര, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ശ്രീപൂര്‍ണത്രയ കഥകളി സംഗീത കലാകൗസ്തുഭം, കേരള കലാമണ്ഡലം അവാര്‍ഡ്, സദനം കഥകളി അക്കാദമി ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, കലാമണ്ഡലം കൃഷ്ണന്‍ നായര്‍ സ്മാരക അവാര്‍ഡ്, തകഴി കെ. മാധവക്കുറുപ്പ് സ്മാരക അവാര്‍ഡ്, കോട്ടയം കളിയരങ്ങിന്റെ കലാമണ്ഡലം ഹൈദരലി സ്മാരക അവാര്‍ഡ്, കലാമണ്ഡലം കരുണാകരന്‍ സ്മാരക അവാര്‍ഡ്, ഉണ്ണായിവാര്യര്‍ പുരസ്‌കാരം, ദുബായ് അരങ്ങിന്റെ പുരസ്‌കാരം, മാതാ അമൃതാനന്ദമയി ദേവിയുടെ അച്ഛന്‍ ഇടമണ്ണേല്‍ വി. സുഗുണാനന്ദന്‍ സ്മാരക പുരസ്‌കാരം, കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ സ്മാരക പുരസ്‌കാരം, കാലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍ മെമ്മോറിയല്‍ അവാര്‍ഡ്, കോട്ടക്കല്‍ പരമേശ്വരന്‍ നമ്പൂതിരി സ്മാരക ഗുരദക്ഷിണ പുരസ്‌കാരം, കലാമണ്ഡലം ഹൈദരാലി സ്മാരക ഗുരു പുരസ്‌കാരം, കലാമണ്ഡലം രാജന്‍ മാസ്റ്റര്‍ പുരസ്‌കാരം, തൃശ്ശൂര്‍ സഹൃദയവേദി പുരസ്‌കാരം, സതി വര്‍മ്മ സ്മാരക പുരസ്‌കാരം, കേരള കലാമണ്ഡലം ഫെലോഷിപ്പ്, പറവൂര്‍ കളിയരങ്ങിന്റെ കളിയച്ചന്‍ പുരസ്‌കാരം, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പ് തുടങ്ങി ഒട്ടേറെ പാരിതോഷികങ്ങള്‍ ലഭിച്ചു.

45 വര്‍ഷം ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിച്ചു. തെക്കന്‍, വടക്കന്‍ ചിട്ടകളില്‍ വിശാരദനായിരുന്നു. ഭാര്യ: വിലാസിനി കുഞ്ഞമ്മ (പായിപ്ര വടക്കുംചേരി അകത്തൂട്ട് കുടുംബാംഗം) മക്കള്‍: രാജ് ഗോപാല്‍, രാജേശ്വരി. മരുമകന്‍: പി.
കൃഷ്ണകുമാര്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക