ലഖ്നൗ: ഇത്തവണത്തെ ലോകകപ്പില്‍ അല്‍ഭുത പ്രകടനത്തിലൂടെ വമ്പന്മാരെ ഞെട്ടിച്ച രണ്ട് ടീമുകള്‍ ഇന്ന് നേര്‍ക്കുനേര്‍. ലഖ്നൗവില്‍ ഉച്ചയ്ക്ക് രണ്ടിന് അഫ്ഗാനിസ്ഥാനും നെതര്‍ലന്‍ഡ്സും തമ്മിലാണ് പോരടിക്കുക. ഇന്ന് ജയിക്കായാല് അഫ്ഗാനിസ്ഥാന് സെമി പ്രതീക്ഷ സജീവമാക്കാന്‍ സാധിക്കും. നെതര്‍ലന്‍ഡ്സിന് കരുത്ത് തെളിയിക്കാനുള്ള ഇത്തവണത്തെ മറ്റൊരു അവസരവും.
ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് അല്‍ഭുത പ്രകടനത്തിന് തുടക്കമിട്ട അഫ്ഗാനിസ്ഥാന് സെമിബെര്‍ത്ത് ഉറപ്പിച്ച് ഇക്കുറി ടൂര്‍ണമെന്റിന്റെ കറുത്ത കുതിരകളാകാനുള്ള ഒരുക്കത്തിലാണ്. മൂന്ന് മത്സരങ്ങളാണ് ഇതുവരെ ജയിച്ചത്. ഇംഗ്ലണ്ടിന തോല്‍പ്പിച്ചത് ആദ്യം ബാറ്റ് ചെയ്ത ശേഷം പ്രതിരോധിച്ചുകൊണ്ടാണെങ്കില് പാകിസ്ഥാനെയും ശ്രീലങ്കയെയും കീഴടക്കിയത് സ്കോര്‍ പിന്തുടര്ന്നുകൊണ്ടാണ്. പാകിസ്ഥാനെതിരായ വിജയത്തോടെ ടീം അട്ടിമറിക്കാരെന്ന ലേബല്‍ ഭേദിച്ചു. രണ്ട് മുന്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ശ്രീലങ്കയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കെയുള്ള അഫ്ഗാന്റെ കുതിപ്പ് ശ്രദ്ധേയമാണ്. ഇന്നത്തെ കളി അഫ്ഗാന് ജയിച്ചാല്‍ ഇതേ സാധ്യത നിലനില്‍ക്കുന്ന പാകിസ്ഥാന് കൂടുതല്‍ വെല്ലുവിളിയാകും. ഇന്നത്തെ മത്സരം ജയിച്ചാലും അടുത്ത രണ്ട് മത്സരങ്ങള്‍ കരുത്തരായ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെയാണ്. അത് രണ്ടും ജയിച്ചെങ്കിലേ സെമി പ്രവേശ സാധ്യത നിലനില്‍ക്കൂ. ആ കളികള്‍ ജയിക്കുന്നതിലൂടെ ടീമിന് 12 പോയിന്റാകും. ഇത്രയും പോയിന്റുമായി നില്ക്കുന്ന മറ്റ് ടീമുകളുണ്ടെങ്കില്‍ അവരുടെ റണ്‍നിരക്ക് താരതമ്യം ചെയ്ത് മുന്നിലാണെങ്കിലേ സെമിടിക്കറ്റ് ഉറപ്പിക്കാനാകൂ.
ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച നെതര്‍ലന്‍ഡ്സ് കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് വീണ്ടും കരുത്തുകാട്ടി. ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന നെതര്‍ലന്‍ഡ്സിന് മുന്നേറാന്‍ പ്രതീക്ഷ നിലനില്‍ക്കുന്നില്ലെങ്കിലും ജയത്തിലൂടെ കരുത്ത് അറിയിക്കാനെത്തിയവരാണ്. 13-ാം ലോകകപ്പ് സമ്മാനിക്കുന്ന മറ്റൊരു വാശിപ്പോരാട്ടമായിരിക്കും ഇന്നത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: