കൊച്ചി: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്പറേഷന് (സപ്ലൈകോ) ഭക്ഷ്യോത്പന്നങ്ങള്‍ വിതരണം ചെയ്ത വകയില്‍ കുടിശികയായി ലഭിക്കാനുള്ള 650 കോടിയിലേറെ രൂപ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിതരണക്കാര്‍ കേരളപ്പിറവി ദിനത്തില്‍ സപ്ലൈകോ ആസ്ഥാനത്ത് സമരം നടത്തി.
ആറുമാസത്തെ കുടിശിക ഉടന്‍ നല്‍കണമെന്നും ബാങ്ക് ജപ്തിയില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് കൊച്ചിയിലെ ഗാന്ധിനഗറിലുള്ള സപ്ലൈകോയുടെ ഹെഡ് ഓഫീസിനു മുന്പില് ധര്‍ണ നടത്തിയത്.
ആറു മാസമായി സപ്ലൈകോയില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തവര്‍ക്ക് പണം നല്‍കിയിട്ടില്ല. കിടപ്പാടം പോലും പണയപ്പെടുത്തി ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് സപ്ലൈകോയ്ക്ക് ഇവര്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ ഇത്രയുംകാലമായി പലിശപോലും അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണിവര്‍.
കേരളത്തിലേയും ആന്ധ്ര, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേയും പ്രതിനിധികളാണ് സമരത്തില്‍ പങ്കെടുത്തത്. ജപ്തി നോട്ടീസുകള്‍ നിരന്തരം ലഭിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് സമരത്തിനിറങ്ങിയത്. കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ 1500 കമ്പനികള്‍ക്കാണ് സപ്ലൈകോ പണം കൊടുക്കാനുള്ളത്.
ജിഎസ്ടി പോലും അടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിതരണക്കാര്‍. പല വിതരണക്കാരുടെയും ജിഎസ്ടി ബ്ലോക്ക് ചെയ്ത സ്ഥിതിയിലാണ്.
റവന്യു റിക്കവറിയിലേക്ക് നീങ്ങുമെന്ന് ജിഎസ്ടി വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായും വിതരണക്കാരുടെ കൂട്ടായ്മ പറയുന്നു. തൊഴിലാളികള്‍ക്ക് ശമ്പളം പോലും കൃത്യമായി കൊടുക്കുവാന്‍ ഇക്കാരണത്താല്‍ സാധിക്കുന്നില്ല എന്നും ഇവര്‍ പറഞ്ഞു.
ശ്രീനിവാസ് റെഡ്ഡി (ആന്ധ്രാപ്രദേശ് ശ്രീലക്ഷ്മി റൈസ് മില്‍ ആന്‍ഡ് ഹൈജീനിക് ഫുഡ്), അമിത് സത്യന് (യൂണിബിക് ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), പ്രമോദ് കൃഷ്ണ (ഡെവണ്‍ ഫുഡ്സ്), സെബി ആല്‍ബര്‍ട്ട് (ആല്‍ബര്‍ട്ട് ആന്‍ഡ് സണ്‍സ്), ബാബുരാജ് (മദീന സ്റ്റാര്‍), കിച്ചന് ട്രഷേര്‍സ്, മേളം ഫുഡ്സ്, എലൈറ്റ് ഫുഡ്സ്, ഈസ്റ്റേണ്‍, ഗ്രീന്‍ മൗണ്ട് തുടങ്ങിയ നിരവധി ഭക്ഷ്യോത്പന്ന വിതരണ കമ്പനികളുടെ പ്രതിനിധികള്‍ ധര്‍ണയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: