ന്യൂദല്‍ഹി: പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന വ്യാജ ആരോപണത്തിന് പിന്നില്‍ വിവാദ വ്യവസായി ജോര്‍ജ്ജ് സോറസിന്റെ പങ്കിന്റെ തെളിവുകള്‍ പുറത്ത്. രാജ്യത്തെ ചില പ്രതിപക്ഷ നേതാക്കള്‍ക്കും മോദിവിരുദ്ധ മാധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമായി ആപ്പിള്‍ നോട്ടിഫിക്കേഷനുകള്‍ ലഭിച്ചതിന് പിന്നില്‍ സോറസ് ഫണ്ട് നല്കുന്ന ആക്സസ് നൗ എന്ന എന്‍ജിഒയുടെ പങ്ക് സംശയകരമാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ക്ക് ആപ്പിള്‍ നോട്ടിഫിക്കേഷനായി ലഭിച്ച സന്ദേശത്തിന്റെ അവസാനം സഹായത്തിനായി ആക്സസ് നൗവിന്റെ ഡിജിറ്റല്‍ സെക്യൂരിറ്റി ഹെല്‍പ്പ്ലൈനിനെ സമീപിക്കണമെന്ന വരി ഉണ്ട്. ഇതാണ് സംശയങ്ങള്‍ ശക്തമാകുന്നതിന് കാരണം.
ആപ്പിള്‍ കമ്പനി ഭാരതത്തില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ ആപ്പിളിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തില്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദം സൃഷ്ടിക്കപ്പെട്ടതില്‍ ചൈനയുടെ പങ്കിനെപ്പറ്റിയും വാദങ്ങളുയരുന്നുണ്ട്. ആപ്പിള്‍ നിര്‍മ്മാണത്തിലെ ചൈനീസ് സ്വാധീനം കുറയ്ക്കാനായി നിരവധി നിര്‍മ്മാണ യൂണിറ്റുകള്‍ ഭാരതം അടക്കമുള്ള മറ്റു രാജ്യങ്ങളിലേക്ക് കമ്പനി മാറ്റുന്നതിനിടെയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ വരുന്നത്.
ജോര്‍ജ്ജ് സോറസിന്റെ ഇടപെടലിന്റെ ഏറ്റവും വലിയ തെളിവ് വാര്‍ത്ത വന്നതിന് പിന്നാലെ അതിവേഗത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ച കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ പ്രവൃത്തിയാണെന്ന് അമിത് മാളവ്യ കുറ്റപ്പെടുത്തി. രാഹുല്‍ വിദേശത്ത് ജോര്‍ജ്ജ് സോറസുമായി കൂടിക്കാഴ്ച നടത്തുകയും മോദി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ദൗത്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതായി ബിജെപി ആരോപിച്ചിരുന്നു.
പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആപ്പിള്‍ കമ്പനി അധികൃതരോടും പ്രതിപക്ഷ നേതാക്കളോടും മന്ത്രാലയം വിവരങ്ങള്‍ തേടും. ഭാരതത്തിലെ പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്ത്തുന്നതായല്ല സന്ദേശത്തിന്റെ അര്‍ത്ഥമെന്നും ലോകമെങ്ങുമുള്ള 150 രാജ്യങ്ങളില്‍ അയച്ച സന്ദേശം തന്നെയാണ് ഇവിടെയും ലഭിച്ചിരിക്കുന്നതെന്നുമാണ് ആപ്പിളിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: