അര്‍ജ്ജുനോപാഖ്യാനം
ധീമാനായ ശ്രീരാമചന്ദ്രന് മഹാന്മാരെല്ലാം വാഴ്ത്തും മുനിനാഥനോട് പിന്നെയും പറഞ്ഞു, ”അറിയേണ്ടതെല്ലാം നന്നായി ഞാന്‍ അറിഞ്ഞു. കാണേണ്ടതഖിലവും ഞാന്‍ ശരിയായി കണ്ടു. ഇനിയും ബോധംവന്നീടുവാനായി മുനിനായക! ഞാന്‍ ചോദിക്കുന്നു. ലോകങ്ങളെ നല്ലരീതിയില്‍ നിര്‍മ്മാണം ചെയ്യുന്നതും കണ്ണാടിപോലെ നിഷ്കളങ്കവുമായ പുര്യഷ്ടകത്തിന്റെ രൂപം എങ്ങനെയാണെന്നത് ഉള്ക്കാരുണ്യത്തോടെ ഇപ്പോള്‍ അരുള്‍ ചെയ്യേണമേ.” ഇതുകേട്ടനേരം മുനീശ്വരന്‍ ഇങ്ങനെ പറഞ്ഞു, ”രാമ! അനാദ്യന്തമായി, ജഗത്ബീജമായി, നിരാമയമായി, സച്ചിന്മയമായി, സത്യമായി വിളങ്ങുന്ന ബ്രഹ്മംതന്നെ കലനായുക്തമായി ഉലകില് ജീവനെന്നു പറയപ്പെട്ടീടുന്നു. ഞാനെന്നുള്ളോരു ഭാവംകൊണ്ട് അഹങ്കാരമായി മാനസമായിത്തീര്ന്ന് മനനം നിമിത്തമായി ബോധനിശ്ചയംമൂലം ബുദ്ധിയായി ഭവിച്ചു. അത് വിഷയങ്ങളാല്‍ ഇന്ദ്രിയമായി ഭവിച്ചുവെന്നും അറിയുക. അതുപോലെ ദേഹഭാവനമൂലം ദേഹമായി, ഘടഭാവനമൂലം ഘടമായതുപോലെ. ഇങ്ങനെയുള്ള ആത്മാവിനെ ജ്ഞാനികളായുള്ളവരേവരും പുര്യഷ്ടകമെന്നു പറയുന്നു.
ഞാന്‍ അറിയുന്നവനാണ്, കര്‍ത്താവാണു ഞാന്‍, ഭോക്താവും ഞാനാണ്, ആതങ്കമേതുമില്ലാത്ത സാക്ഷിയാകുന്നതും ഞാന്‍. എന്നേവം ആദ്യംമുതലേ പലവിധം തുടരെ നന്നായി അഭിമാനിച്ചീടുന്നതായ അറിവിനെ ജീവനെന്നു പറയുന്നു, അത് പുര്യഷ്ടകമെന്നതിന് വാദമില്ല. മനുഷ്യര്‍ സ്വപ്നത്തില്‍ സ്വപ്നത്തിനെ പുര്യഷ്ടകവശാല് എപ്രകാരം അസത്യമായി കാണുന്നുവോ അപ്രകാരംതന്നെയാണ് ഇക്കാണുന്ന ലോകത്തെയും കാണുന്നതെന്നു ഓര്‍ത്താലും. നന്ദനന്ദനനായ കൃഷ്ണന്റെ ഉപദേശം നന്നായി സ്വീകരിച്ചിട്ട് പാണ്ഡുപുത്രനായ അര്ജ്ജുനന് ജീവന്മുക്തനായി മേലില്‍ വാണുകൊണ്ടീടുന്നവണ്ണം ഖേദംകൂടാതെ നീ വാഴുക രാമ!”. ഇത്തരം മുനീശ്വരന്‍ പറഞ്ഞതുകേട്ടനേരം രാമന് ഇങ്ങനെ ചോദിച്ചു, ”ആ പാണ്ഡുപുത്രനായ അര്ജ്ജുനന് എപ്പോള്‍ ജനിച്ചീടും? ചില്പ്പുമാനായ കൃഷ്ണന് എങ്ങനെ ഉപദേശിക്കും? എന്നതും അരുള്‍ചെയ്യണം.” (ത്രേതായുഗത്തിലാണ് ശ്രീരാമന്റെ ജനനവും രാമായണവും. ദ്വാപരയുഗത്തിന്റെ അവസാനം കലിയാരംഭിക്കാറായപ്പോഴാണ് ശ്രീകൃഷ്ണനും അര്‍ജ്ജുനനും ജനിക്കുന്നത്. വസിഷ്ഠന് മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് ഇവിടെ അവരുടെ കഥ പറുയുന്നത്) എന്നതുകേട്ടു പിന്നെയും മുനീശ്വരന്‍ പറഞ്ഞു, ”ചതുര്യുഗം കഴിയുന്നകാലം, കാലന് അന്തമില്ലാത്ത പ്രാണിവൃന്ദത്തെ വധിക്കനിമിത്തം ഉണ്ടായ ദുഷ്ക്കൃതത്തെ കളയുന്നതിനായി ഒരുകാലം വലിയ തപസ്സുചെയ്തു. ഒകുകാലത്തില് എട്ടുവര്‍ഷം തപംചെയ്യും, ഒരുകാലത്തു പന്ത്രണ്ടു വര്‍ഷം തപംചെയ്യും, ഒരുകാലത്ത് അഞ്ചുവര്‍ഷം തപംചെയ്യും, ഒരുകാലത്ത് ഏഴുവര്‍ഷവും ഒരുകാലത്ത് പതിനാറുവര്‍ഷവും തപംചെയ്യും. ഇങ്ങനെ കാലന് തപസ്സുചെയ്തുകൊണ്ട് കഴിയുന്നകാലത്ത് ആരും മരിച്ചീടാത്തതുകൊണ്ട് വര്‍ഷകാലത്തില്‍ സ്വേദിയാകിയ (ചൂടും വിയര്‍പ്പുമുള്ള) വാരണത്തില്‍ (വാരണം=ആന) ഈച്ചക്കൂട്ടം നല്ലവണ്ണം ചേര്‍ന്നിരിക്കുന്നപോലെ പ്രാണിസഞ്ചയം തിക്കിത്തിരക്കിവാഴുന്ന ഭൂമിയില്‍ സഞ്ചരിപ്പാനിടമില്ലാതെയാകും. ദേവന്മാര് ഭൂഭാരത്തെ കളയുന്നതിന് അനന്തരം ആ ഭൂതങ്ങളെ യുക്തികളാല്‍ മുടിക്കും. ഇത്തരം യുഗസമൂഹങ്ങളും മറ്റും കീഴിലെത്രയോ കഴിഞ്ഞു, അതിനൊന്നും കണക്കില്ല. ഇങ്ങനെ ചിലയുഗം കഴിഞ്ഞീടുമ്പോള്‍ സൂര്യദേവന്റെ പുത്രനായീടുന്ന ഈ യമന്‍ ദുരിതം നീങ്ങീടുവാന്‍ ജന്തുഹിംസയെവിട്ട് പന്ത്രണ്ടു സംവത്സരം തപസ്സുചെയ്യും. അതുമൂലം മരിച്ചീടാതെയുള്ള ജന്തുക്കളാല്‍ നീരന്ധ്രയായി(ഇടതിങ്ങിയ, വടിവില്ലാത്ത) ഭൂമി ഭവിക്കും. പിന്നെ ഈ ഭൂമീദേവി അതിമാത്രം ഭാരംകൊണ്ട് ഖിന്നയായി മുകുന്ദനെ ശരണം പ്രാപിച്ചീടും. ഇതുമൂലം ഭൂമിയില്‍ രണ്ടു രൂപത്തെ കൈക്കൊണ്ട് ഇന്ദിരാമണവാളന് വന്നവതാരം ചെയ്യും. എന്നതില്‍ ഒരു ദേഹം വസുദേവാത്മജനായി വാസുദേവനെന്നുള്ള നാമത്തോടും കൊണ്ടല്നേര്വര്ണന് തന്റെ രണ്ടാമതായ ദേഹം പാണ്ഡുനന്ദനനായും ഭവിക്കും.”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: