തിരുവനന്തപുരം : കേരളീയം പരിപാടിയോടനുബന്ധിച്ച് നടത്തുന്ന ചലച്ചിത്രമേളയില്‍ തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശ രേഖപ്പെടുത്തി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍.നിരവധി ജനപ്രിയ ചിത്രങ്ങള്‍ മലയാളത്തിന് നല്‍കിയിട്ടും തഴയപ്പെട്ടതിന് സര്‍ക്കാരിനോട് പരാതി പറയുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ബാലചന്ദ്രമേനോന്‍ പ്രതികരിച്ചത്.
എന്റേയും സര്‍ക്കാരാണല്ലോ. പെറ്റമ്മയെ പോലെ നമുക്കുണ്ടായ എന്ത് ദുഃഖവും സര്‍ക്കാരിനോട് പറയാമല്ലോ. എനിക്കുണ്ടായ വിഷമം കേരളപ്പിറവി ദിനത്തില്‍ പറയേണ്ടി വന്നതില്‍ ലജ്ജയും ദുഃഖവുമുണ്ടെന്ന് ബാലചന്ദ്ര മേനോന്‍ പറഞ്ഞു. നാലര പതിറ്റാണ്ടായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നു. നിരവധി മലയാള ചിത്രങ്ങള്‍ക്ക് കഥയും സംഭാഷണവും സംവിധാനവുമെല്ലാം നിര്‍വഹിച്ചിട്ടുണ്ട്. എന്നിട്ടും തന്റെ ഒരു ചിത്രം പോലും കേരളീയത്തില്‍ പ്രദര്‍ശിപ്പിക്കാത്തതെന്താണെന്ന് ബാലചന്ദ്ര മേനോന്‍ ചോദിക്കുന്നു.
മലയാള സിനിമയുടെ പരിച്ഛേദം പ്രദര്‍ശിപ്പിക്കാനുളള സിനിമകളുടെ പട്ടികയില്‍ തന്റെ ഒരു സിനിമയ്‌ക്ക് പോലും ഇടമില്ല. ഇപ്പോള്‍ കരയുന്ന കുഞ്ഞിനല്ലേ പാലുള്ളു. പലപ്പോഴും കരഞ്ഞാലും കിട്ടാറില്ല. തന്റെ സിനിമ കണ്ട് വിസിലടിക്കുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുന്ന ഫാന്‍സ് ഇല്ല. എന്നാല്‍ തന്റെ സിനിമ ഇഷ്ടപ്പെടുന്നവരുണ്ട്. ഒരു ഷോ പോലും നേരെ നടക്കാത്ത ചിത്രങ്ങള്‍ വരെ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
നവംബര്‍ ഒന്നിന് വന്ന് പൊങ്ങച്ചം പറയുകയല്ല. എന്നാല്‍ സിനിമയില്‍ പ്രവര്‍ത്തിച്ചതിന് നിരവധി പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. അച്ചുവേട്ടന്റെ വീട് സ്ത്രീപക്ഷ ചിത്രമായിരുന്നു. ചിരിയോ ചിരി ട്രെന്‍ഡ് സെറ്ററായി. ഇതിന് ശേഷമാണ് നാടോടിക്കാറ്റ് വരുന്നത്. ഏപ്രില്‍ മാസം എന്ന് കേട്ടാല്‍ ഏപ്രില്‍ 18 ആണ് മലയാളികളുടെ മനസിലേക്ക് വരുന്നത്. ഇതൊന്നും ജനപ്രിയ സിനിമകളല്ലേയെന്ന് ബാലചന്ദ്ര മേനോന്‍ ചോദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: