തൃശൂര്‍: കരുവന്നൂരില്‍ നിക്ഷേപകരെ വീണ്ടും കബളിപ്പിച്ച് ബാങ്ക് ഭരണസമിതിയും സര്‍ക്കാരും. 150 കോടി എത്തിക്കുമെന്ന് പറഞ്ഞിടത്ത് എത്തിയത് അഞ്ചു കോടി. അടുത്ത ദിവസം മുതല്‍ 50,000 രൂപ വരെ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് പണം മടക്കി നല്‍കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് കടമെടുത്ത അഞ്ചു കോടി രൂപയാണ് ഇപ്പോള്‍ ബാങ്കില്‍ എത്തിയിട്ടുള്ളത്. കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍ മടക്കി നല്‍കാന്‍ തന്നെ 134 കോടി രൂപ വേണമെന്നിരിക്കെ അഞ്ചു കോടി രൂപ കൊണ്ട് ഒന്നുമാകില്ല എന്ന് വ്യക്തമാണ്.
50,000 രൂപ മുതല്‍ ഒരു ലക്ഷം വരെയുള്ള സ്ഥിരനിക്ഷേപകര്‍ക്ക് ഗഡുക്കളായി തുക മടക്കി നല്‍കുമെന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ ഇന്നലെ പറഞ്ഞത്. മറ്റുള്ളവര്‍ക്ക് എന്ന് പണം മടക്കി നല്‍കുമെന്ന് പറയാന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കാകുന്നില്ല.
കേരള ബാങ്കില്‍ നിന്ന് 50 കോടി എത്തിക്കുമെന്നും ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് 50 കോടി എത്തിക്കുമെന്നും അവകാശപ്പെട്ടവര്‍ ഇപ്പോള്‍ നിശബ്ദരാണ്. മൂന്ന് ദിവസത്തിനുള്ളില്‍ പണം മടക്കി നല്കുമെന്ന് സപ്തം. 29 ന് സഹ. മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും എത്തിക്കാനായത് അഞ്ച് കോടി മാത്രം. അതും ക്ഷേമനിധി ബോര്‍ഡില്‍ നിന്നെടുത്ത കടം. ഇതിന് സര്‍ക്കാരാണ് ഗ്യാരണ്ടി നല്കിയിട്ടുള്ളത്.
സ്ഥിരനിക്ഷേപങ്ങള്‍ മടക്കി നല്‍കുമ്പോള്‍ പലിശയിനത്തില്‍ വലിയ തുക വെട്ടിക്കുറയ്‌ക്കുന്നതായും പരാതിയുണ്ട്. 12 – 12.5 ശതമാനം പലിശക്കാണ് സ്ഥിരനിക്ഷേപം നടത്തിയതെന്നും ഇപ്പോള്‍ ബാങ്കിന്റെ കണക്കില്‍ 8 ശതമാനം മാത്രമാണ് പലിശ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും പല നിക്ഷേപകരും പരാതിപ്പെടുന്നു.
നവംബര്‍ 20 നു ശേഷം 50,000 ത്തിന് മുകളിലുള്ളവര്‍ക്ക് പണം മടക്കി നല്‍കും എന്ന് പറയുന്നുണ്ടെങ്കിലും ഇതിനുള്ള പണം എവിടെ നിന്ന് എത്തിക്കും എന്ന കാര്യത്തിലും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് ഉറപ്പില്ല. 3770 പേര്‍ക്കാണ് കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍ മടക്കിനല്‍കാനുള്ളത്.
ഡിസംബര്‍ മാസത്തോടെ കൂടുതല്‍ സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി പൂര്‍ത്തിയാകും. ഇതിനുപുറമെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുള്ള ആയിരങ്ങള്‍ക്ക് പണം മടക്കി നല്‍കാനുണ്ട്. എസ് ബി അക്കൗണ്ടുകളില്‍ നിന്ന് അത്യാവശ്യത്തിന് പോലും പണം പിന്‍വലിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
ബാങ്കില്‍ പണയത്തിലുണ്ടായിരുന്ന സ്വര്‍ണം ലേലം ചെയ്തു കിട്ടിയ പണവും സര്‍ക്കാരില്‍ നിന്ന് ആദ്യം കിട്ടിയ പണവും പാര്‍ട്ടിക്ക് താല്പര്യമുള്ള നിക്ഷേപകര്‍ക്ക് മാത്രം മടക്കി നല്‍കിയെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: