കാസര്‍കോട്: സമൂഹമാധ്യമങ്ങളിലൂടെ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയും ബി ജെ പി ദേശീയ ദേശീയ വക്താവും കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനുമായ അനില്‍ ആന്റണിക്കെതിരെയും പൊലീസ് കേസെടുത്തത് ഇന്നാണ്.
സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്റെ പരാതിയ്ക്ക് പിന്നാലെ കെപിസിസിയും കേന്ദ്രമന്ത്രിക്കെതിരെ പരാതിപ്പെട്ടിരുന്നു. കേസെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും ഒന്നിച്ചുവെന്നാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. ദശാബ്ദങ്ങളായി ജമ്മു കശ്മീരില്‍ നിന്ന് പഞ്ചാബിലും കേരളത്തിലുമടക്കം നിരവധി നിഷ്കളങ്കരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും ജീവനെടുത്ത എസ്ഡിപിഐ, പിഎഫ്ഐ, ഹമാസ് അടക്കമുള്ള തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഐ എന്‍ ഡി ഐ എ സഖ്യത്തിലെ പങ്കാളികള്‍ ഒന്നിച്ചെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. അവരുടെ പ്രീണന ശ്രമം തുറന്നുകാട്ടിയതിന് പിന്നാലെ കേസ് എടുത്ത് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് മന്ത്രി പറഞ്ഞത്.
അതേസമയം തീവ്രവാദ നീക്കത്തോട് കോണ്‍ഗ്രസ് പാര്‍ട്ടി മമത കാണിക്കുന്നുവെന്നാണ് ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി കെപിസിസിയുടെ പരാതിയെക്കുറിച്ച് പ്രതികരിച്ചത്. കേരളത്തില്‍ വളര്‍ന്നുവരുന്ന മതമൗലിക വാദത്തേക്കുറിച്ച് തുറന്ന് പറഞ്ഞതിനാണ് തനിക്കും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനുമെതിരായ കേസെന്നും ഐ എന്‍ ഡി ഐ എ
സഖ്യത്തിലെ പങ്കാളികള്‍ വളരുന്ന തീവ്രവാദശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ മത്സരിക്കുകയാണെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി.
കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അനില്‍ ആന്റണിയെ പ്രതി ചേര്‍ത്തത്. ഐ എന്‍ ഡി ഐ എ സഖ്യത്തിനെതിരെ വിമര്‍ശനമുന്നയിച്ചാണ് അനില്‍ ആന്റണി സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടത്. കാസര്‍കോട് ജില്ലയിലെ കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡില്‍ വിദ്യാര്‍ത്ഥിനികള്‍ ബസ് തടഞ്ഞതിനെ വര്‍ഗീയമായി പ്രചരിപ്പിച്ചെന്നതാണ് അനില്‍ ആന്റണിക്കെതിരായ കുറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: