അഹമ്മദാബാദ്: പ്രീണന രാഷ്ട്രീയമാണ് രാജ്യ വികസനത്തിന് ഏറ്റവും വലിയ തടസമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രീണനം നടത്തുന്ന ആളുകള്‍ക്ക് ഒരിക്കലും അതിന്റെ അപകടങ്ങള്‍ കാണാന്‍ കഴിയില്ലെന്നും തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം നില്ക്കാന് പോലും മടിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുരോഗതി കാണാന്‍ കഴിയാത്ത രാഷ്ട്രീയക്കാര്‍ വലിയൊരു വിഭാഗമുണ്ടെന്നും അവര്‍ രാജ്യത്തിന്റെ ഐക്യത്തേക്കാള്‍ മുന്‍ഗണന നല്‍കുന്നത് സ്വന്തമായി ഗോളടിക്കുന്നതിനാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഗുജറാത്തിലെ ഏകതാ നഗറിലെ ഏകതാ പ്രതിമയില്‍ നടന്ന ദേശീയ ഐക്യ ദിനാചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. രാജ്യത്തിന്റെ പ്രഥമ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. 160 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നിര്‍വഹിച്ചു. ആരംഭ് 5.0-ലെ 98-ാമത് കോമണ്‍ ഫൗണ്ടേഷന് കോഴ്സിന്റെ ഓഫീസര്‍ ട്രെയിനികളെയും അദ്ദേഹം അഭിസംബോധന ചെയ്തു.
ഈ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും മോദി ജനങ്ങളെ ഓര്‍മിപ്പിച്ചു. സ്വന്തം നിലയില്‍ ഗുണം നേടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാര്‍ ഇന്ത്യയെ വിഭജിച്ച് നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ദൗത്യവും ഇന്ത്യക്ക് അസാധ്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് -19, ‘ഭീകരവാദത്തില്‍ നിന്ന് കശ്മീരിനെ മോചിപ്പിക്കുക’, ആര്‍ട്ടിക്കിള്‍ 370 എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അടിമത്തത്തിന്റെ മാനസികാവസ്ഥ ഉപേക്ഷിക്കുമെന്ന പ്രതിജ്ഞയോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. പൈതൃകം കാത്തുസൂക്ഷിക്കുന്നതിനൊപ്പം രാജ്യം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിയില്‍ ഇന്ത്യയുടെ സാധ്യതകള്‍ കണ്ട് ലോകം അമ്പരന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും. ലോകത്തിലെ മറ്റൊരു രാജ്യത്തിനും എത്താന്‍ കഴിയാത്ത ചന്ദ്രന്റെ ഭാഗത്താണ് ഇന്ത്യ എത്തിയത്. തേജസ് യുദ്ധവിമാനങ്ങള്‍ മുതല്‍ ഐഎന്‍എസ് വിക്രാന്ത് വരെ ഇന്ത്യ സ്വയം നിര്‍മ്മിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ വികസിത രാജ്യമാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, അടുത്ത 25 വര്‍ഷം നമ്മുടെ രാജ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണെന്നും പറഞ്ഞു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില് രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, ഏകതാ നഗറില്‍ നടന്ന ചടങ്ങില്‍ സമ്മേളനത്തിന് ഐക്യത്തിന്റെ സത്യവാചകം ചൊല്ലിക്കൊടുത്തു. ‘ഉരുക്കുമനുഷ്യന്റെ’ 148-ാം ജന്മവാര്ഷികത്തില്, അതിര്‍ത്തി രക്ഷാ സേന, സംസ്ഥാന പൊലീസ് സേന എന്നിവയുള്‍പ്പെട്ട രാഷ്ട്രീയ ഏകതാ ദിവസ് പരേഡിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.
വനിതാ സിആര്‍പിഎഫ് ബൈക്ക് യാത്രികരുടെ ഡേര്‍ഡെവിള്‍ ഷോ, ബിഎസ്എഫിന്റെ വനിതാ പൈപ്പ് ബാന്‍ഡ്, ഗുജറാത്ത് വനിതാ പൊലീസിന്റെ കൊറിയോഗ്രാഫ് പ്രോഗ്രാം, പ്രത്യേക എന്‍സിസി ഷോ, സ്കൂള്‍ ബാന്‍ഡ് പ്രദര്‍ശനം, ഇന്ത്യന്‍ വ്യോമസേനയുടെ ഫ്ലൈ പാസ്റ്റ്, ഗ്രാമങ്ങളുടെ സാമ്പത്തിക ഭദ്രത പ്രദര്‍ശിപ്പിക്കുന്ന പ്രകടനം തുടങ്ങിയവ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു
ഈ അവസരത്തില്‍ രാജ്യത്തുടനീളം ‘ഐക്യത്തിന് വേണ്ടിയുളള ഓട്ടം’ സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ‘ഐക്യത്തിന് വേണ്ടിയുളള ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: