ടെല്‍അവീവ്: ഗാസ മുനമ്പിലെ ഇസ്രായേലിന്റെ കരയാക്രമണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. കഴിഞ്ഞ രാത്രിയിലെ ആക്രമണത്തില്‍ ഡസന്‍ കണക്കിന് ഹമാസ് ഭീകരരെ വധിച്ചതായി ഐഡിഎഫ് അറിയിച്ചു. പാലസ്തീന്‍ ഭീകരസംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ നേതാവ് വിയാം ഹനൗനും കൊല്ലപ്പെട്ടു. വ്യോമാക്രമണത്തില്‍ ഇരുപതിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹമാസിന്റെ ആയുധ ശേഖരണ സംവിധാനം, ഒളിത്താവളങ്ങള്‍ എന്നിവയുള്‍പ്പെടെ അറുനൂറിലധികം കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. കൂടുതല്‍ സൈന്യം ഗാസയിലേക്ക് പ്രവേശിച്ചിട്ടുണ്ടെന്നും ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി അറിയിച്ചു. അതിനിടെ ഹമാസിനെ പിന്തുണയ്‌ക്കുന്നുവെന്നാരോപിച്ച് പാലസ്തീന് നല്കിക്കൊണ്ടിരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും ഇസ്രായേല്‍ മരവിപ്പിച്ചു.
ഇസ്രായേലിലേക്കോ ഗാസയിലേക്കോ സൈന്യത്തെ അയയ്‌ക്കില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് അറിയിച്ചു. യുദ്ധത്തിന് വേണ്ട ആയുധങ്ങളും മറ്റും നല്കി അമേരിക്ക ഇസ്രായേലിനെ പിന്തുണയ്‌ക്കുന്നുണ്ട്. എന്നാല്‍ യുദ്ധം എങ്ങനെ നടത്താമെന്ന് പറഞ്ഞുകൊടുക്കേണ്ടതില്ലെന്നും അവര്‍ വിശദീകരിച്ചു. വെള്ളിയാഴ്ച രാത്രിയുണ്ടായ കരയാക്രമണത്തില്‍ ഗാസ മുനമ്പില്‍ തകര്‍ന്ന ആശയവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ ദിവസം സഹായങ്ങളുമായി റാഫ അതിര്‍ത്തിയില്‍ കാത്തുകിടന്ന 33 ട്രക്കുകള്‍ കൂടി ഗാസയിലേക്ക് പ്രവേശിച്ചതായി ഐക്യരാഷ്‌ട്രസഭ അറിയിച്ചു.
എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ തയാറാണെന്നും എന്നാലാദ്യം ഇസ്രായേലില്‍ തടവിലാക്കിയ 6000 പലസ്തീനികളെ മോചിപ്പിക്കണമെന്നും ഹമാസ് നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ 224 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇറാനുമായി നടത്തിയ ചര്‍ച്ചയിലാണ് ഹമാസ് നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ഹമാസ് നഗ്നയാക്കി ട്രക്കില്‍ കൊണ്ടുപോയ ജര്‍മന്‍ യുവതി ഷാനി ലൂക്കിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ ഷാനിയുടെ മരണം സ്ഥിരീകരിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. മരണവിവരം കുടുംബത്തെ അറിയിക്കുകയും ചെയ്തു. ഒക്ടോ. ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഷാനി ലൂക്കിനെ ബന്ദിയാക്കിയത്. ഇവരെ മര്‍ദിച്ച് അവശയാക്കി ട്രക്കില്‍ കൊണ്ടു പോകുന്നതിന്റെയും അവരുടെ ദേഹത്ത് ഭീകരര്‍ തുപ്പുന്നതിന്റെയുമൊക്കെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. യുവതി കൊല്ലപ്പെട്ടതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: