ഡോ. കെ. മുരളീധരന് നായര്‍
വെള്ളയമ്പലം
ആറ്റില്‍ കളിക്കാനിറങ്ങിയപ്പോള്‍ വളരെ പഴക്കമുള്ള ഒരു ഗണപതിവിഗ്രഹം കിട്ടി. അത് വീടിന് അടുത്തുള്ള വൃക്ഷച്ചുവട്ടില്‍ വച്ചിരിക്കുകയാണ്. പലരും വന്ന്
പൂക്കള്‍ വച്ച് വിളക്ക് കൊളുത്തിത്തുടങ്ങിയിട്ടുണ്ട്. ഇത് മാറ്റണമെന്നും മാറ്റേണ്ട എന്നും രണ്ടഭിപ്രായമുണ്ട്. എന്താണ് ചെയ്യേണ്ടത്?
ആറ്റില്‍നിന്നു കിട്ടിയ ഗണപതിവിഗ്രഹം ഏതെങ്കിലും കുടുംബത്തില്‍ വച്ച് ആരാധിച്ചിരിക്കാന് സാദ്ധ്യത ഉണ്ട്. എന്തെങ്കിലും പ്രത്യേക കാരണത്താല്‍ ഈ വിഗ്രഹം ജലസമാധി ചെയ്തതാകണം. ഏതായാലും വൃക്ഷച്ചുവട്ടില്‍ വച്ച് നാട്ടുകാര്‍ പ്രസ്തുത വിഗ്രഹത്തെ ആരാധിച്ചുതുടങ്ങിയിട്ടുണ്ടെങ്കില് ആ വിഗ്രഹത്തിന് ചൈതന്യമുണ്ട് എന്നാണ് കരുതേണ്ടത്. ഇനി എടുത്ത് മാറ്റേണ്ട. കാലം കഴിയുമ്പോള്‍ അവിടെ ഒരു ചെറിയ ക്ഷേത്രം രൂപം കൊള്ളും. ഇതുകൊണ്ട് ഗുണമല്ലാതെ ദോഷം ഒരിക്കലും ഉണ്ടാകില്ല.
പുതിയൊരു വീടു പണികഴിപ്പിക്കുകയാണ്. വീട്ടില്‍ തീന്മുറിയും അടുക്കളയും ഒറ്റ ഹാളായിട്ടാണ് പണിഞ്ഞിട്ടുള്ളത്. അടുക്കള പ്രത്യേകം വേണമെന്നാണ് ആഗ്രഹമെങ്കിലും പണിയുന്ന എഞ്ചിനീയര്‍ പറയുന്നത് ഇപ്പോഴത്തെ രീതി ഇതാണെന്നാണ്. എന്താണ് അഭിപ്രായം?
ഇപ്പോഴത്തെ ഫഌറ്റുകളിലാണ് അടുക്കളയും തീന്മുറിയും ഒറ്റ ഹാളായി പണിയുന്നത്. അടുക്കള ആവശ്യത്തിന് സൂര്യകിരണങ്ങളും വായുവും കടന്നുവരാന്‍
പാകത്തിലായിരിക്കണം. നാലു ചുമരിനുള്ളിലാണ് അടുക്കള വരേണ്ടത്. മനുഷ്യന്റെ ആരോഗ്യത്തെ പരിപാലിക്കുന്ന ഉത്തമകേന്ദ്രമാണ് അടുക്കള. ഇത് വാസ്തുശാസ്ത്രവിധിപ്രകാരം തെക്കുകിഴക്ക്, വടക്കുകിഴക്ക്, വടക്കുപടിഞ്ഞാറ് എന്നിവിടങ്ങളില്‍ വരുന്നതാണ് ഉത്തമം.
ഇരുപത്തഞ്ച് വര്‍ഷം പഴക്കമുള്ള വീടാണ്. വലിയൊരു പൂജാമുറി ഉണ്ട്. അതില്‍ പല ഭാവത്തിലുള്ള കൃഷ്ണരൂപങ്ങള്‍ വച്ചിട്ടുണ്ട്. അതിലെല്ലാം കൃഷ്ണന്റെ കൈയ്യില്‍ ഓടക്കുഴല്‍ ഉണ്ട്. ചിലര്‍ പറയുന്നു, ഓടക്കുഴല്‍ കൃഷ്ണന്റെ കൈയ്യില്‍ വച്ചിരുന്നാല്‍ സമ്പത്ത് നശിക്കുമെന്ന്. ഇതില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ?
ഓടക്കുഴല്‍ ഇല്ലാത്ത കൃഷ്ണവിഗ്രഹം അപൂര്‍ണമാണ്. കൃഷ്ണന്റെ കൈയില്‍ ഓടക്കുഴലിരിക്കുന്നത് ഐശ്വര്യദായകമാണ്. അങ്ങനെയുള്ള ചിത്രങ്ങളോ ചെറിയ വിഗ്രഹങ്ങളോ പൂജാമുറിയില്‍ വച്ച് ആരാധിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. തമിഴ്നാട്ടില്‍ ഇറങ്ങിയ പ്രചാരണമാണ് ഓടക്കുഴല്‍ ഊതുന്ന കൃഷ്ണനെ വീട്ടില്‍ വച്ച് ആരാധിക്കാന്‍ പാടില്ലെന്നത്. ഇത് വെറും അന്ധവിശ്വാസമാണ്.
പൂജാമുറി വീടിന്റെ വടക്കുകിഴക്കേ മൂലയിലാണ്. വീടിന്റെ പുറത്തുകൂടി വന്നാലെ പൂജാമുറിക്ക് അകത്തുകയറാന്‍ സാധിക്കുകയുള്ളു. ഇതു ദോഷമാണെന്ന് പറയുന്നത് ശരിയാണോ?
വീടിന്റെ വടക്കുകിഴക്കു മൂലയിലുള്ള പൂജാമുറി ഉത്തമമാണ്. എന്നാല്‍, പ്രസ്തുത പൂജാമുറിയുടെ വാതില്‍ വീടിന്റെ അകത്തുതന്നെ ആയിരിക്കണം. എങ്കില്‍ മാത്രമേ വീടിനകത്ത് ഐശ്വര്യം ഉണ്ടാകുകയുള്ളൂ.
ഏഴു സെന്റ് സ്ഥലം ഒരു പഴയ വീടുള്‍പ്പെടെ വിലയ്ക്കു വാങ്ങി താമസിക്കുകയാണ്. ഈ വീടിന്റെ കിഴക്കുഭാഗത്ത് ഒരു ശീമപ്ലാവ് നില്ക്കുന്നു. ധാരാളം ചക്ക കിട്ടുന്നു. വീട്ടില്‍ താമസമായശേഷം എന്നും പ്രശ്നങ്ങളാണ്. ശീമപ്ലാവ് ഇവിടെ നിറുത്തരുതെന്നും മുറിച്ച് മാറ്റണമെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. ഇത് ശരിയാണോ?
ചുറ്റുമതിലിനകത്ത് ശീമപ്ലാവ് വളര്‍ത്താന്‍ പാടില്ല. കോമ്പൗണ്ടിന് പുറത്ത് വളര്‍ത്താവുന്നതാണ്. ശീമപ്ലാവ് മുറിച്ചു മാറ്റുന്നതാണ് നല്ലത്. ഒരു വീടിന്റെ എല്ലാ സൗഭാഗ്യത്തെയും ഇത് തകിടം മറിക്കും.
വീടു പണികഴിപ്പിച്ചിട്ട് നാലുവര്‍ഷം കഴിഞ്ഞു. ഇവിടെ താമസമാക്കിയ ശേഷം വളരെയധികം കടം വന്നു. ബിസിനസ്സും മനസ്സമാധാനവും നഷ്ടപ്പെട്ടു. വീടിന്റെ ദര്‍ശനം വടക്കോട്ടാണ്. പൂമുഖവാതില്‍ വടക്കുദിക്കിന്റെ മധ്യഭാഗത്താണ്. വടക്കുനിന്ന് തെക്കുഭാഗത്ത് ഉറങ്ങത്തക്ക രീതിയില്‍ വാതിലുകള്‍ എല്ലാം നേരേയാണ്. പ്രധാനവാതിലിന് നേരേയാണ് ഗേറ്റ്. ഇപ്പോള്‍ പലരും പറയുന്നത് തെറ്റായ രീതിയാണ് പ്രധാനവാതിലും ഗേറ്റുമെന്നാണ്. പ്രതിവിധിയായി എന്തു ചെയ്യണം?
നിങ്ങളുടെ വീടിന് ശക്തമായ വാസ്തുദോഷം സംഭവിച്ചു. കോണ്‍ക്രീറ്റ് വീടു പണിയുമ്പോള്‍ ആരൂഢക്കണക്കില്‍ അളവുകള്‍ എടുക്കാന്‍ പാടില്ല. അതുപോലെ ഗേറ്റില്‍ നിന്ന് തുടങ്ങി പൂമുഖ വാതില്‍ തൊട്ട് തെക്ക് ഭാഗത്തേക്ക് ഇറങ്ങുന്നതുവര നേര്‍വാതില്‍ കൊടുത്തത് ശരിയായില്ല. ഇങ്ങനെയുള്ള വീടുകളില്‍ ഐശ്വര്യം ഉണ്ടാകില്ല. കൂടാതെ സാമ്പത്തികനഷ്ടവും മനഃക്ലേശവും ദുരിതവുമായിരിക്കും ഫലം. ഒരു വാസ്തുപണ്ഡിതനെക്കൊണ്ട് വീടു പുനഃക്രമീകരിക്കുക.
പുതിയൊരു വീടു പണികഴിപ്പിക്കുമ്പോള്‍ പുറത്തെ സ്റ്റെയര്‍കെയ്സ് ഏതു ഭാഗത്തു വരുന്നതാണ് നല്ലത്?
വീടിന്റെ പുറത്തെ സ്റ്റെയര്‍കെയ്സ് വടക്കുകിഴക്കുമൂലയില്‍ നിന്ന് ആരംഭിക്കരുത്. മറ്റുള്ള ഭാഗങ്ങളില്‍ വരുന്നതില്‍ തെറ്റില്ല. വീടിനകത്തെ സ്റ്റെയര്‍കെയ്സ് വീടിന്റെ മധ്യഭാഗത്തു നിന്ന് ആരംഭിക്കരുത്. ക്ലോക്ക്വൈസില് വേണം വേണം സ്റ്റെയര്‍കേസ് പണിയാന്‍.
വിശേഷദിവസങ്ങളില്‍ പ്രത്യേകിച്ച് കാര്ത്തികപോലുള്ള ദിവസങ്ങളില്‍ മെഴുകുതിരി വീടിനകത്തും പുറത്തും കത്തിക്കുന്നത് നല്ലതാണോ?
പണ്ടുകാലത്ത് കാര്‍ത്തികയ്ക്ക് ചെറിയ വിളക്കുകള്‍ കൊളുത്തിയിരുന്നു. കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ ഇടിഞ്ഞിലുകള്‍ നല്ലെണ്ണയും നെയ്യും ഉപയോഗിച്ച് വീടിനകത്തും പുറത്തും കത്തിച്ചിരുന്നു. കാലം മാറി. ഇപ്പോള്‍ സൗകര്യത്തിനു വേണ്ടി മെഴുകുതിരി വീടിനകത്തും പുറത്തും ഉപയോഗിക്കുന്നുണ്ട്. മൃഗങ്ങളുടെ കൊഴുപ്പുകൊണ്ട് ഉണ്ടാക്കിയ വസ്തുവാണ് മെഴുകുതിരി. ഇതില്‍നിന്ന് വമിക്കുന്ന പുക പ്രതികൂല ഊര്‍ജമാണ് സംക്രമിപ്പിക്കുന്നത്. ആയതിനാല്‍ വീടിനകത്ത് കത്തിക്കുന്ന വിളക്കുകളില്‍ നെയ്യോ നല്ലെണ്ണയോ ഉപയോഗിക്കുക. പുറത്ത് മതിലുകളില്‍ മെഴുകുതിരി കത്തിക്കുന്നതില്‍ തെറ്റില്ല.
കോണ്‍ക്രീറ്റ് വീടുകള്‍ക്ക് നാലുകെട്ടില്‍ കൊടുത്തിട്ടുള്ളപോലെ അങ്കണം പണിയുന്നതില്‍ ദോഷമുണ്ടോ?
പണ്ടത്തെ നാലുകെട്ടിന്റെ കണക്കുപ്രകാരം കോണ്‍ക്രീറ്റ് വീട് ഒരിക്കലും പണിയാനാകില്ല. ഒരു ആരൂഢക്കണക്കില്‍ പണികഴിപ്പിച്ച പഴയ വീടിന്റെ ബ്രഹ്മസ്ഥാനത്ത് അങ്കണം വരുന്നത് നല്ലതാണ്. എന്നാല്‍, കോണ്‍ക്രീറ്റ് വീടിന് അങ്കണം ബ്രഹ്മസ്ഥാനത്തു പാടില്ല. വീടിന്റെ മദ്ധ്യഭാഗത്തുനിന്ന് വടക്കോട്ടോ കിഴക്കോട്ടോ മാറിവരുന്നതാണ് ഐശ്വര്യം. പല ആഡംബരവീടുകളിലും വീടിന്റെ മദ്ധ്യഭാഗത്ത് അങ്കണം കൊടുത്തിട്ടുണ്ട്. ഇത് ഒരു വീടിന്റെ സന്തുലിതാവസ്ഥയെ ദോഷമായി ബാധിക്കാം. കാരണം അവിടെ ലഭിക്കേണ്ട ഭൗമോര്ജ്ജവും പ്രാപഞ്ചികോര്ജ്ജവും വീട്ടില്‍ ക്രമമായി ലഭിക്കുകയില്ല. പണ്ടത്തെ ആരൂഢക്കണക്കില്‍ പണികഴിപ്പിച്ച വീടിന്റെ ഓടിന്റെ വിടവില്‍ക്കൂടിയും തട്ടിന്റെ ഇടയില്‍ക്കൂടിയും പ്രാപഞ്ചികോര്‍ജ്ജം വീടിന്റെ അകത്തേക്ക് കടന്നുവരും. എന്നാല്‍, കോണ്‍ക്രീറ്റ് വീട്ടില്‍ അത് ലഭിക്കില്ല. കൂടാതെ ഭൗമോര്‍ജ്ജം വീടിന്റെ മദ്ധ്യഭാഗത്തുനിന്നാണ് വമിക്കുന്നത്. അവിടം കുഴിക്കാതെയും ചുവരുകള്‍ കെട്ടി അടയ്ക്കാതെയും ഭാരമുള്ള സാധനങ്ങള്‍ സ്ഥാപിക്കാതെയും നോക്കുന്നത് വീടിന്റെ ഐശ്വര്യത്തിന് വഴിയൊരുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: