തിരുവനന്തപുരം/ആലപ്പുഴ: പത്തനംതിട്ട വടശ്ശേരിക്കര എംആര്‍എസ് ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ദേവനാരായണന് ആലപ്പുഴ സേവാഭാരതിയുടെ കേരളപ്പിറവി സമ്മാനമായി പുത്തന്‍വീട്. ആലപ്പുഴ പുന്നമടവാതില് നാലുതെങ്ങിന്ചിറയിലെ കുടിലില്‍ നിന്ന് അച്ഛന് ബിജുമോനും അമ്മഗംഗാദേവിക്കും അനുജന് ഹരി നാരായണനുമൊപ്പം ദേവനാരായണന് ഇന്ന് ഈ വീട്ടിലേക്കു മാറും.
കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഹൈസ്കൂള്‍ നാടകത്തില്‍ രാജാവായി അഭിനയിച്ച ദേവനാരായണന്റെ കഥ, ‘നാടകത്തില്‍ രാജാവ്, ജീവിതം ഈ കുടിലില്‍’ എന്ന തലക്കെട്ടില്‍ ജന്മഭൂമി വാര്‍ത്തയാക്കിയിരുന്നു. ഇതോടെ ആലപ്പുഴ സേവാഭാരതി പ്രവര്‍ത്തകര്‍ വീടുണ്ടാക്കിക്കൊടുക്കാന്‍ തയാറായി. വാര്‍ത്ത ശ്രദ്ധിച്ച എറണാകുളം മരട് നായേഴ്സ് ഹോസ്പിറ്റല്‍ സ്ഥാപകനും ഡയറക്ടറുമായ ഡോ.എം. ചന്ദ്രശേഖരന് നായരാണ് വീടിന്റെ അടിത്തറയ്ക്ക് മുഴുവന്‍ തുകയും നല്‍കിയത്.
രാവിലെ 11.44നും 12നും ഇടയില്‍ പുന്നമട തോട്ടാ തോടിനു സമീപമാണ് താക്കോല്‍ദാനം. ഡോ.എം. ചന്ദ്രശേഖരന് നായര്‍ ദേവനാരായണനും കുടുംബത്തിനും താക്കോല്‍ കൈമാറും. ആര്‍എസ്എസ് നഗര്‍ സംഘചാലക് അഡ്വ. ടി.ജെ. തുളസീകൃഷ്ണന്‍ കൃഷ്ണ വിഗ്രഹം സമ്മാനിക്കും.
മാര്‍ച്ച് 27ന് ആയിരുന്നു തറക്കല്ലിടല്‍. 10 ലക്ഷം രൂപ ചെലവില്‍ 550 സ്ക്വയര്‍ ഫീറ്റിലാണ് വീട്. രണ്ടു മുറിയും ഹാളും അടുക്കളയും ശുചിമുറിയുമുള്ള വീട് വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: