ന്യൂദല്‍ഹി: രാജ്യത്തെ സഹകരണ ബാങ്കിങ് മേഖലയില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്താന്‍ കര്‍ശന നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക്. സഹ. ബാങ്കുകള്‍ പേരുകള്‍ മാറ്റുന്നതിനും സഹ. സംഘങ്ങളുടെ ബൈലോ, ബ്രാഞ്ചുകള്‍, സ്ഥലം എന്നിവ മാറ്റുന്നതിനും റിസര്‍വ് ബാങ്കില്‍ നിന്ന് മുന്‍കൂര്‍ അനുമതി വേണമെന്ന നിര്‍ദേശം റിസര്‍വ് ബാങ്ക് ഇന്നലെ പുറത്തിറക്കി. പ്രാഥമിക അര്‍ബന്‍ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹ. ബാങ്കുകള്‍, ജില്ലാ സഹ. ബാങ്കുകള്‍ എന്നിവയ്ക്കാണ് നിര്‍ദേശം. ബാങ്കിങ് ലൈസന്‍സ് അനുവദിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് നല്കിയ പേരുകള്‍ മാത്രമേ സഹ. ബാങ്കുകള്‍ ബ്രാഞ്ചുകളില്‍ ഉപയോഗിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.
1949ലെ ബാങ്കിങ് റെഗുലേഷന് നിയമത്തിന്റെ 49 ബി, 49 സി എന്നിവ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ സഹ. ബാങ്കുകള്‍ക്ക് ബാധകമാണെന്നും പേരുമാറ്റം അടക്കമുള്ളവക്ക് സഹ. സൊസൈറ്റി സെന്‍ട്രല്‍ രജിസ്ട്രാറുടെ അനുമതി മാത്രം പോരെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. സുപ്രീംകോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ രജിസ്ട്രാര്‍ക്ക് ഇനി മുതല്‍ പേരുകള്‍ മാറ്റാനാവൂ. സഹ. ബാങ്കുകളുടെ ബൈലോകള്‍ മാറ്റുന്നതിനും റിസര്‍വ് ബാങ്കിനെ സമീപിച്ച് നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. മതിയായ കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ അപേക്ഷ സ്വീകരിക്കൂ എന്നും പുതിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്.
പുതിയ ബ്രാഞ്ചുകള്‍ തുടങ്ങാനും എടിഎമ്മുകള്‍ സ്ഥാപിക്കാനും ബ്രാഞ്ച് ഓഫീസുകള്‍ മറ്റൊരിടത്തേക്ക് മാറ്റാനും നിലവിലെ ബ്രാഞ്ച് ഓഫീസുകള്‍ പൂട്ടാനും ജില്ലാ സഹ. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി വേണം. ബ്രാഞ്ച് മാറ്റത്തിനായി ബാങ്കിന്റെ ബോര്‍ഡ് മീറ്റിങ് ചേരുകയും മിനുറ്റ്സുകള്‍ റിക്കാര്‍ഡ് ചെയ്തു വയ്ക്കുകയും വേണം. മാറ്റിയ ബ്രാഞ്ചിന് കോഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാറുടെ അനുമതി ആവശ്യമാണ്. ബാങ്കിലെ ഉപഭോക്താക്കളെ രണ്ടുമാസം മുമ്പ് ബ്രാഞ്ച് മാറ്റം അറിയിക്കണം.
ബ്രാഞ്ച് ലൈസന്‍സില്‍ മാറ്റം വരുത്തണമെങ്കില്‍ ജില്ലാ സഹ. ബാങ്കുകള്‍ ബ്രാഞ്ച് ലൈസന്‍സിന്റെ ഒറിജിനല്‍ റിസര്‍വ് ബാങ്കിന്റെ റീജണല്‍ ഓഫീസില്‍ സമര്‍പ്പിക്കണം. നബാര്‍ഡിന്റെ പരിശോധനാ വിഭാഗത്തിന്റെ സൂക്ഷ്മ നിരീക്ഷണവും ഇത്തരം നടപടികള്ക്കുമേലുണ്ടാവുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: