മീററ്റ്: ഒറ്റ ദിവസം 87 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളുമായി വാല്മീകി സേവായാത്ര. വാല്മീകി ജയന്തി ദിനത്തിന്റെ ഭാഗമായാണ് സേവാഭാരതിയുടെയും എന്എംഒയുടെയും നേതൃത്വത്തിലാണ് മീററ്റിലെ കോളനികള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയത്.
മഹര്‍ഷി വാല്മീകിയുടെയും ഭാരതമാതാവിന്റെയും ചിത്രങ്ങള്‍ക്കു മുന്നില്‍ ദീപം തെളിയിച്ചാണ് ക്യാമ്പുകള്‍ ആരംഭിച്ചത്. 10,590 രോഗികളെ സൗജന്യമായി പരിശോധിച്ച് മരുന്നുകള്‍ വിതരണം ചെയ്തു. യാത്രയുടെ ഭാഗമായി ഭഗവത്പുര പ്രദേശം സേവാഭാരതിയും എന്എംഒയും ഏറ്റെടുത്തു. ഈ പ്രദേശത്തെ തെരഞ്ഞെടുത്ത അമ്പത് കുടുംബങ്ങള്‍ക്ക് എല്ലാ മാസവും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. 15 സ്ഥലങ്ങളിലായി ഇരുന്നൂറിലധികം പേര്‍ക്ക് നേത്രരോഗചികിത്സ നല്കി. ശസ്ത്രക്രിയ ആവശ്യമുള്ള 176 രോഗികളെ കണ്ടെത്തി സൗജന്യമായി അത് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കി.
ലാലാ ലജ്പത് റായ് മെഡിക്കല്‍ കോളജ്, സുഭാരതി മെഡിക്കല്‍ കോളജ്, എന്‍സിആര്‍ മെഡിക്കല്‍ കോളജ്, ഐഐഎംടി എന്നിവിടങ്ങളില്‍നിന്നുള്ള 260 ഡോക്ടര്‍മാരാണ് ക്യാമ്പുകള്‍ നയിച്ചത്. 750 സേവാഭാരതി പ്രവര്‍ത്തകരും വാല്മീകി സേവായാത്രയുടെ ഭാഗമായി. മീററ്റ് നഗരത്തിന് പുറമെ മൊറാദാബാദ്, ഗാസിയാബാദ്, ബിജ്നോര്‍, ഹാപൂര്‍, ബറാവുത്ത് എന്നിവിടങ്ങളിലും എല്ലാ ആഴ്ചയിലും പ്രവര്‍ത്തിക്കുന്ന പത്ത് വീതം മെഡിക്കല്‍ സെന്ററുകള്‍ ആരംഭിച്ചതായി എന്‍എംഒ മീററ്റ് പ്രസിഡന്റ് ഡോ. വിരോത്തം തോമര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: