കണ്ണൂര്‍: ഐക്യകേരളപ്പിറവി ദിനമായ നാളെ കരിദിനമായി ആചരിക്കുവാന്‍ മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
കേരളം രൂപീകരിച്ച് 67 വര്‍ഷം പിന്നിട്ടിട്ടും കേരളത്തിന്റെ മലബാര്‍ പ്രദേശത്ത് ദേവസ്വം ഭരിക്കുന്നത് ഇന്നും പഴയ മദ്രാസ് നിയമം വച്ച് തന്നെയാണ്. ഹൈക്കോടതി വിധിയിലൂടെ മലബാറിലും ദേവസ്വം ബോര്‍ഡ് രൂപീകരിച്ചെങ്കിലും പഴയ നിയമം തന്നെയാണ് നിലനില്‍ക്കുന്നത്. ജീവനക്കാരുടെ നിയമനത്തിലും വേതനത്തിലും തെറ്റായ രീതിയാണ് മലബാറിലുള്ളത്.
കാലാനുസൃതമായ സേവന-വേതന വ്യവസ്ഥകളില്ല. ഇതര മേഖലകളില്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ വേതന പരിഷ്കരണം നടപ്പിലാക്കുമ്പോള്‍ ഇവിടെ 14 വര്‍ഷം മുമ്പ് നടപ്പിലാക്കിയ പരിഷ്കരണം പോലും യഥാസമയം ലഭ്യമാക്കാന്‍ നടപടിയില്ല. രണ്ടു വര്‍ഷം മുമ്പ് നാമമാത്രമായ പരിഷ്കരണം പ്രഖ്യാപിച്ചെങ്കിലും പിന്നീടത് മരവിപ്പിക്കുകയും ഉയര്‍ന്ന ഗ്രേഡിലെ ക്ഷേത്രങ്ങളില്‍ നടപ്പിലാക്കുകയും വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളെ അവഗണിക്കുകയും ചെയ്ത നിലപാടാണ് ദേവസ്വം ബോര്‍ഡ് കൈക്കൊണ്ടത്. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ജീവനക്കാര്‍ കേട്ടുമടുത്തതായി ജീവനക്കാര്‍ പറയുന്നു.
തിരുവിതാംകൂറിലും കൊച്ചിയിലും ദേവസ്വം ബോര്‍ഡുകളില്‍ കാലാനുസൃതമായ സേവന-വേതനവ്യവസ്ഥകള്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ തന്നെയാണ് ഇത് സംബന്ധിച്ച കോടതി വിധികളും കമ്മിഷന് റിപ്പോര്‍ട്ടുകളും അട്ടിമറിച്ച് കൊണ്ട് മലബാറിനോട് ചിറ്റമ്മ നയം പിന്തുടരുന്നത്. കേരളത്തില്‍ തുല്യ നീതി നടപ്പിലാക്കാത്ത സര്‍ക്കാര്‍, നവോത്ഥാനവും സ്ത്രീ തുല്യതയും കേരളം മാതൃകയെന്നും പറഞ്ഞ് ഇത്തരം അനീതികളെ മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെ തുറന്നു കാട്ടാനും തുല്യനീതിക്ക് വേണ്ടിയും ആറു മാസത്തിലധികമായി ജീവനക്കാര്‍ വിവിധ സമരങ്ങള്‍ നടത്തി വരികയാണ്. മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനം, സിവില്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസ് എന്നിവടങ്ങളില്‍ കേരളപ്പിറവി ദിനത്തില്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധ പ്രകടനം നടത്തും. യോഗത്തില്‍ സംയുക്ത സമരസമിതി ചെയര്‍മാര്‍ രാമകൃഷ്ണ ഹരി നമ്പൂതിരി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: