കോട്ടയം: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലേക്കുള്ള ശാന്തി നിയമനത്തിന് സാക്ഷ്യപത്രം നല്കാന് പാരമ്പര്യ തന്ത്രി സമൂഹത്തിന് ഉണ്ടായിരുന്ന അധികാരം റദ്ദാക്കിയ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നടപടി അപലപനീയമെന്ന് അഖില കേരള തന്ത്രിസമാജം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.
ദേവസ്വം ബോര്‍ഡ് രൂപീകൃതമായതു മുതല്‍ ദേവസ്വം ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ സാക്ഷ്യപത്രത്തിനാണ് ശാന്തിനിയമനത്തിനുള്ള അപേക്ഷയില്‍ നിര്‍ബന്ധവും പ്രാധാന്യവും നല്‍കിയിരുന്നത്.
ഓരോ അപേക്ഷകനെയും നേരിട്ട് പരിശോധിച്ച് ബോധ്യം വന്നിട്ടുമാത്രമാണ് തന്ത്രിമാര്‍ സാക്ഷ്യപത്രം നല്‍കിയിരുന്നത്. കെഡിആര്‍ബി വന്നതിനു ശേഷം 2022 വരെ ഈ നടപടി തുടര്‍ന്നിരുന്നു.
എന്നാല്‍ അപേക്ഷകരുടെ ബാഹുല്യവും മറ്റു കാരണങ്ങളും കൊണ്ട് പില്ക്കാലത്ത് തന്ത്രവിദ്യാപീഠം പോലുള്ള ചില സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി സ്വീകരിച്ചു തുടങ്ങി. പുതിയ വിജ്ഞാപനത്തില്‍ തന്ത്രിമാരെ തീര്‍ത്തും ഒഴിവാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ചില സ്ഥാപനങ്ങള്‍ക്ക് മാത്രമാക്കി.
തന്ത്രിമാരുടെ അവകാശവും അംഗീകാരവും അവരെ അറിയിക്കുകപോലും ചെയ്യാതെ റദ്ദ് ചെയ്യുന്ന വിധത്തില്‍ ഏകപക്ഷീയമായി ദേവസ്വം ബോര്‍ഡും കെഡിആര്‍ബിയും ചേര്‍ന്ന് എടുത്തിരിക്കുന്ന തീരുമാനവും നടപടികളും നിയമവിരുദ്ധമാണ്.
കെഡിആര്‍ബിയുടെ വിജ്ഞാപനം ഇറങ്ങിയ ശേഷം അവരുടെ അംഗീകാരമുള്ള ഒരു സ്ഥാപനം പുറത്തുവിട്ട ഒരു പരസ്യം ഏറെ ഗൗരവമുള്ളതാണ്. ഷോര്‍ട്ട് ടേം കോഴ്സും പരീക്ഷയും നടത്തി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിക്കുമുമ്പ് ശാന്തി നിയമനത്തിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്നാണ് പരസ്യത്തിലുള്ളത്.
ശാന്തി നിയമനത്തിനായി അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കുന്ന കാര്യത്തില്‍ ഇതുവരെ തന്ത്രിമാര്‍ക്ക് ഉണ്ടായിരുന്ന അംഗീകാരം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഏകപക്ഷീയമായി റദ്ദ് ചെയ്താല്‍ അത് തന്ത്രിമാരുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണ്.
കാലങ്ങളായി നിലനിന്നിരുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ച് പുനഃപരസ്യത്തിനുള്ള നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം പാരമ്പര്യ തന്ത്രി സമൂഹത്തിനെതിരായ നീക്കത്തെ നിയമപരമായി നേരിടുമെന്നും അഖില കേരള തന്ത്രി സമാജം നിര്‍ബന്ധിതമാകുമെന്നും പ്രമേയത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: