ആര്‍എസ്എസിനെയും അതിന്റെ ആശയത്തെയും കേരളത്തില്‍ പ്രചരിപ്പിച്ച മഹാവ്യക്തിത്വമായിരുന്നു ആര്. ഹരി. എഴുത്തുകാരന്, സാമൂഹ്യ പ്രവര്ത്തകന്, ബഹുഭാഷാ പണ്ഡിതന് എന്ന നിലയിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു അദ്ദേഹം. ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഹരിയേട്ടന്റെ വിയോഗം സമാനതകളില്ലാത്ത നഷ്ടമാണ്. ബൗദ്ധിക മേഖലയിലെ അന്തിമ വാക്ക്. ഏഴുപതിറ്റാണ്ടായി രാഷ്ട്ര സേവനത്തില്‍ വ്യാപൃതനായ അദ്ദേഹം അടിയന്തരാവസ്ഥാ കാലത്ത് സംഘത്തെ നയിച്ചത് ത്യാഗോജ്ജ്വലമായ ചരിത്രമാണ്. പ്രതിസന്ധിഘട്ടത്തില്‍ സംഘത്തെ ശരിയായ ദിശയിലേക്ക് ആര്. ഹരിക്ക് നയിക്കാന്‍ സാധിച്ചതാണ് ഇന്ന് കേരളത്തിലെ ഏറ്റവും ശക്തമായ പ്രസ്ഥാനമായി ആര്‍എസ്എസിനെ മാറ്റിയത്.
കെ. സുരേന്ദ്രന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍
ഹൈന്ദവ സമാജത്തിന്റെ ഐക്യത്തിനും സ്വത്വം വീണ്ടെടുക്കുന്നതിനും വേണ്ടിയുള്ള പ്രയത്നങ്ങളില്‍ കഠിനാധ്വാനം ചെയ്ത് ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു ആര്. ഹരി. ലാളിത്യം മുഖമുദ്രയാക്കിയിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് സമാജത്തിന് തീരാനഷ്ടമാണ്.
സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി
ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍
ഏവര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു ഹരിയേട്ടന്. ഭാരതീയ സംസ്കൃതി സംബന്ധമായ അറിവിന്റെ നിറകുടം; വയോവൃദ്ധനും ജ്ഞാന വൃദ്ധനും; നവതിയുടെ നിറവിലും ഒളിമങ്ങാത്ത , തെളിമയുള്ള ചിന്താ പ്രവാഹത്തിന്റെ വറ്റാത്ത സ്രോതസ്. ഇതിഹാസങ്ങളെയും അവയിലെ കഥാപാത്രങ്ങളെയും പുതിയ വെളിച്ചത്തില്‍ കാണാന്‍ അദ്ദേഹത്തിന്റെ കൃതികള്‍ സഹായിക്കുന്നു. ആര്‍ഷ സംസ്കൃതിയുടെ ആഴവും പരപ്പും ഇത്രമാത്രം ഉള്‍ക്കൊണ്ട വ്യക്തിത്വങ്ങള്‍ വളരെ അപൂര്‍വം. വിയോഗം ഒരു തീരാ നഷ്ടം തന്നെ. എന്നാല്‍ അദ്ദേഹം തന്നിട്ടു പോയ സാഹിത്യ സംഭാവനകള്‍ സമാനതയില്ലാത്തതും വരും തലമുറകള്‍ക്ക് വലിയൊരു പ്രചോദന സ്രോതസ്സുമായിരിക്കും.
സ്വാമി വിവിക്താനന്ദ സരസ്വതി
ചിന്മയ മിഷന്
അഗാധ പാണ്ഡിത്യത്തിന്റെ തുളുമ്പാത്ത നിറകുടം, സൗമ്യമധുരമായ പ്രഭാഷണ ചാരുതയ്ക്കുടമ, നിത്യ നിരന്തര ജിജ്ഞാസുവും പഠിതാവും. വ്യാസമഹാഭാരതവും വാല്മീകി രാമായണവും ആസ്വദിച്ച്, സ്വാംശീകരിച്ച് അനുവാചകര്‍ക്ക് പകര്‍ന്നു നല്കിയ ധീമാന്‍. സൗഹൃദങ്ങളുടെ അര്‍ത്ഥവും ആഴവും കാത്തു സൂക്ഷിച്ചു പോന്ന വാത്സല്യ കാരണവര്‍, സ്വീകരിച്ച പ്രത്യയശാസ്ത്രത്തെ സസൂക്ഷ്മം പഠിച്ച് പ്രതിബദ്ധതയോടെ ജീവിച്ച ഉത്തമ രാഷ്ട്രസേവകന്, ചരിത്ര പാഠങ്ങള്‍ യുക്തിഭദ്രമായി സ്വാംശീകരിച്ച ജ്ഞാനി ഭക്തന്.
സ്വാമി അദ്ധ്യാത്മാനന്ദ
സംബോധ് ഫൗണ്ടേഷന്
സമാജ സേവയ്ക്കൊപ്പം നിരന്തരം നടത്തിയ ജ്ഞാന തപസിലൂടെ വ്യത്യസ്തനായ അതുല്യ പ്രതിഭയായിരുന്നു ഹരിയേട്ടന്. കൊച്ചു കുട്ടികള്‍ മുതല്‍ സമൂഹത്തിന്റെ ഉന്നത ശ്രേണികളിലെ വ്യക്തികളെ വരെ ഹൃദയബന്ധം സ്ഥാപിച്ച് സ്വാധീനിക്കാനുള്ള അദ്ദേഹത്തിന്റെ ശേഷി അവിസ്മരണീയമാണ്. ഹരിയേട്ടന്റെ വിയോഗത്തേടെ നഷ്ടമാകുന്നത് പകരം വയ്ക്കാനില്ലാത്ത ഒരു മഹാവ്യക്തിത്വത്തെയാണ്.
അഡ്വ.എസ്. മനു
ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ
പിതൃതുല്യനായ ഹരിയേട്ടന് എല്ലാ സംശയങ്ങളും നിവര്‍ത്തിക്കാനുള്ള ജ്ഞാന സൂര്യനാണ്. എന്നും സ്നേഹത്തോടെ വ്യക്തിപരമായും സംഘടനാപരമായും അന്വേഷണങ്ങള്‍ നടത്തി മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാറുള്ള ഹരിയേട്ടന്റെ ദേഹവിയോഗം നികത്താനാകാത്ത നഷ്ടമാണ്.
ബി. ഗോപാലകൃഷ്ണന്,
ബിജെപി വൈസ് പ്രസിഡന്റ്
ഏതൊരു സംഘ പ്രവര്‍ത്തകനും ഒരേ സമയം സ്നേഹത്തിന്റെയും ആശയത്തിന്റെയും ആള്‍രൂപമായിരുന്നു ഹരിയേട്ടന്. ഏത് തലമുറയില്‍ പെട്ട പ്രവര്‍ത്തകര്‍ക്കും പ്രേരണാ ശക്തി. ഹൈന്ദവ പുരാണങ്ങളിലും ഭാരതീയ സംസ്കാരത്തിലും ഹരിയേട്ടന്റെ അറിവ് അപാരമാണ്. എത്ര കഠിനമായ വിഷയങ്ങളെയും ആര്‍ക്കും മനസിലാകുന്ന വിധം ലളിതമായി വിശദീകരിക്കാനുള്ള വൈദഗ്ധ്യം അസാമാന്യമാണ്. തന്റെ രചനകളിലൂടെ ഇനിയും ഹരിയേട്ടന് തലമുറകള്‍ക്ക് അദൃശ്യ പ്രേരണയാകുമെന്നുറപ്പാണ്.
പി.എസ്. ഗോപകുമാര്‍
ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: