രാഷ്ട്രമാണ് പ്രഥമം, മറ്റെല്ലാം പിന്നീട് എന്ന് ജീവിതം കൊണ്ട് തെളിയിച്ച മഹാപ്രതിഭയെയാണ് രാജ്യത്തിന് നഷ്ടമായത്. സര്‍വ്വസ്വവും സമാജനന്മക്കായി സമര്‍പ്പിക്കുകയും അതില്‍ സംഘ മാര്‍ഗത്തിലൂടെ ആത്മനിര്‍വൃതി കണ്ടെത്തുകയുമായിരുന്നു അദ്ദേഹം. മികച്ച വാഗ്മിയും ഗ്രന്ഥകാരനും സംവാദകനുമായ ഹരിയേട്ടന് 11 ഭാഷകള്‍ അനായാസം കൈകാരും ചെയ്തിരുന്നു. വഴങ്ങാത്ത ഒരു വിഷയവും ഉണ്ടായിരുന്നില്ല. സര്വ്വസംഗ പരിത്യാഗിയായ ജ്യേഷ്ഠ സഹോദരന്റെ ഓര്‍മ്മക്ക് മുമ്പില്‍ അന്ത്യപ്രണാമം.
പി.എസ്. ശ്രീധരന്‍പിള്ള
ഗോവ ഗവര്‍ണര്‍
കേരളത്തെ ദേശസ്നേഹത്തിന്റെയും ദേശീയതയുടെയും വഴിയിലേക്ക് നയിച്ച വ്യക്തിയാണ് ഹരിയേട്ടന്. ജീവിതം ദേശത്തിനും ദേശസ്നേഹത്തിനും വേണ്ടി മാറ്റിവച്ച വ്യക്തി. മികച്ച സംഘാടകനായിരുന്നു ഹരിയേട്ടന്. നിരവധി പ്രമുഖരുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ച വ്യക്തി. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ഹരിയേട്ടന്റെ വിയോഗം കേരളത്തിന് മാത്രമല്ല മുഴുവന്‍ രാജ്യത്തിനു തീരാവിടവാണ്.
ജസ്റ്റിസ് എന്‍. നഗരേഷ്
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വ്യത്യസ്തമായ തലങ്ങളിലുള്ള ഉത്തരവാദിത്തങ്ങള്‍ വഹിച്ച് സുദീര്‍ഘകാലം അഖിലഭാരതീയ കാര്യകര്‍ത്താവായി പ്രവര്‍ത്തിച്ച ഹരിയേട്ടന്റെ പ്രകാശപൂര്‍ണ്ണമായ സ്മൃതിക്കു മുന്നില്‍ പ്രണാമം. ഏതു കാലഘട്ടത്തില്‍ കണ്ടു പരിചയിച്ചാലും ആ വ്യക്തിയെക്കുറിച്ചുള്ള നിരന്തരമായ ഓര്‍മ്മ സൂക്ഷിച്ചുകൊണ്ടുള്ള ഇടപെടലുകള്‍ അത്ഭുതകരമായ ധിഷണാവൈഭവം എല്ലാം ചേര്‍ന്ന അദ്ദേഹത്തിന്റെ സമീപത്തു എപ്പോഴൊക്കെ ഇരുന്നിട്ടുണ്ടോ എപ്പോഴൊക്കെ അദ്ദേഹവുമായി ഒത്തുചേര്‍ന്നു വ്യവഹരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അറിവിന്റെ ഒരു മഹാസാഗരം എന്ന നിലയ്ക്കാണ് തോന്നിട്ടുള്ളത്. ആഴവും പരപ്പും ഒരുപോലെ തികഞ്ഞതായിരുന്നു ആ സാഗരം.
സ്വാമി ചിദാനന്ദപുരി
കൊളത്തൂര്‍ അദൈ്വതാശ്രമമഠാധിപതി
മുപ്പത് വര്‍ഷത്തെ ഊഷ്മളബന്ധമാണ് ഹരിയേട്ടനുമായുണ്ടായിരുന്നത്. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വേദപ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും അദ്ദേഹം പ്രോത്സാഹനങ്ങളും മാര്ഗനിര്ദേശങ്ങളുമേകി. ‘വ്യാസഭാരതത്തിലെ യുധിഷ്ഠിരന്’ എന്ന അദ്ദേഹത്തിന്റെ കൃതിക്ക് അവതാരിക എഴുതാന്‍ സാധിച്ചതില്‍ ചാരിതാര്ഥനാണ്. രാഷ്ട്രത്തിനും സമൂഹത്തിനും അദ്ദേഹം നല്കിയ യോഗദാനം അന്യാദൃശമാണ്. രാഷ്ട്രോദ്ധാരണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവലക്ഷ്യം. ‘ഇദം ജീവനം രാഷ്ട്രായ, ഇദം ന മമ’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവമന്ത്രം. രാഷ്ട്രത്തിനുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച ഹരിയേട്ടന്. വിശ്വത്തില്‍ ഏതു കോണിലുമുള്ള ഹിന്ദുസമാജ പ്രവര്‍ത്തകരും അദ്ദേഹത്തെ അറിയുന്നു. അദ്ദേഹത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നു. സമീപം നില്ക്കുന്ന നമ്മളില്‍ പലരും പലപ്പോഴും അറിഞ്ഞിട്ടില്ലാത്ത ഒരു ഹരിയേട്ടനുണ്ട്. ആ ഹരിയേട്ടന്റെ യശസ്സ് എക്കാലവും കെടാതെ നില്‍ക്കുമെന്നുറപ്പാണ്.
ആചാര്യ എം.ആര്. രാജേഷ്
കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്
കേരളം ഭാരതത്തിന് നല്കിയ പ്രതിഭാധനനായ അതുല്യ സംഘാടകനാണ് ഹരിയേട്ടന്. അവസാനം വരെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ആചാര്യനായിരുന്നു അദ്ദേഹം. പതിനായിരക്കണക്കിന് വീടുകളില്‍ അദ്ദേഹത്തെ സ്വന്തം ഗൃഹനാഥനായാണ് ജനങ്ങള്‍ സ്വീകരിച്ചിരുന്നത്.
വത്സന് തില്ലങ്കേരി
ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ്
സംഘപരിവാറിന് എക്കാലവും വെളിച്ചമേകിയ വ്യക്തിയാണ് ഹരിയേട്ടന്. ഹരിയേട്ടന്റെ വിയോഗം തീരാ നഷ്ടവും തീരാ വേദനയുമാണ്.
ഉണ്ണികൃഷ്ണന് ഉണ്ണിത്താന്,
ബിഎംഎസ് സംസ്ഥാന പ്രസിഡന്റ്
ചിന്തകനും എഴുത്തുകാരനും മൗലിക ചിന്തകളുടെ വക്താവുമാണ് ഹരിയേട്ടന്. സംഘടനയ്ക്ക് അനുഗുണമായ രീതി യില്‍ മൗലികമായ ചിന്തകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ചിന്തകനാണ് ഹരിയേട്ടന്.
ഇ.എന്‍. നന്ദകുമാര്‍
അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ജനറല്‍ സെക്രട്ടറി
ഹരിയേട്ടനെ പരിചയപ്പെടല്‍ നീണ്ട ചോദ്യങ്ങളുടെ പരിചയപ്പെടലാണ്. ഹരിയേട്ടന് പകര്‍ന്നു തരുന്നത് വലിയ അറിവുകള്‍ ആണെങ്കിലും മനസ്സിലാകുന്ന തരത്തിലാണ്. അതുകൊണ്ടുതന്നെ ഹരിയേട്ടനോടൊപ്പം നടത്തിയ ചര്‍ച്ചകള്‍ എന്നും മനസ്സില്‍ ഉണ്ടാകും.
ദിനില്‍ ദിനേശന്
യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: