കൊച്ചി: വിനോദിനും ദീപയ്‌ക്കും മകന്‍ വിഷ്ണുവിനും ആരായിരുന്നു ഹരിയേട്ടന്‍ എന്ന ചോദ്യത്തിന് എല്ലാം എന്നാണ് ഉത്തരം. 1991 ലാണ് എല്‍ഐസി ഡെവലപ്‌മെന്റ് ഓഫീസറായിരുന്ന ആര്‍.ഡി. വിനോദിന്റെ കുടുംബത്തിലെ ഒരംഗമായി ഹരിയേട്ടന്‍ മാറുന്നത്. അയോധ്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന് നിരോധനം ഏര്‍പ്പെടുത്തിയ കാലം. അന്ന് തിരുവനന്തപുരത്ത് ഹരിയേട്ടന്‍ താമസിച്ചിരുന്നത് കവടിയാറില്‍ വിനോദിന്റെ വീടായ ദേവീ ഭവനത്തില്‍. ചിലപ്പോഴൊക്കെ കൂടെ പരമേശ്വര്‍ജിയും ഉണ്ടാകും. തിരുവനന്തപുരത്ത് എത്തുമ്പോഴെല്ലാം ദേവീ ഭവനം അദ്ദേഹത്തിന് സ്വന്തം വീടാകും.
ലളിതമായിരുന്നു ഹരിയേട്ടന്റെ ജീവിതം. പുലര്‍ച്ചെ 5ന് എഴുന്നേല്‍ക്കും. കുളി കഴിഞ്ഞ് ജപം. അതിന് ശേഷമാണ് ചായകുടിയും പത്രം വായനയും. മിതമായ അളവില്‍ ഭക്ഷണം. അതും കൂടുംബാംഗങ്ങള്‍ക്കൊപ്പം അടുക്കളയില്‍ ഇരുന്ന്, ദീപ ഓര്‍ക്കുന്നു.
ഇവരുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളിലെല്ലാം ഹരിയേട്ടന്റെ സാന്നിധ്യമുണ്ടായിരുന്നു. മകന് വിഷ്ണുവെന്ന് പേരിട്ടതും ഹരിയേട്ടനാണ്, ഹിമാലയത്തില്‍ നിന്ന്. ലോകത്തിന്റെ ഏത് കോണില്‍ നിന്നായാലും എല്ലാ ഞായറാഴ്ചയും രാത്രി 9ന് ഒരു വിളി വിനോദിന്റെ ലാന്‍ഡ് നമ്പറിലേക്ക് എത്തും. പ്രായത്തിന്റെ തളര്‍ച്ച ബാധിച്ചുതുടങ്ങിയ നാളുകളില്‍ ആ വിളി എത്തുക രാത്രി എട്ടിനോ ഏഴിനോ ആകും. പക്ഷേ ഒരു ഞായറും അത് മുടങ്ങിയിട്ടില്ല. പൂര്‍ണസമാധിയിലേക്ക് മനസ്സുകൊണ്ട് ഹരിയേട്ടന്‍ തയാറെടുപ്പുകള്‍ തുടങ്ങിയപ്പോഴാണ് ആ വിളിയും നിലച്ചത്.
2002 ല്‍ ഉണ്ടായ കാര്‍ അപകടത്തെ തുടര്‍ന്ന് ഓര്‍മ്മയില്‍നിന്ന് എല്ലാം മാഞ്ഞുപോയ അവസ്ഥയുണ്ടായിരുന്നു ഹരിയേട്ടന്. എന്നാല്‍ അന്നും മനസ്സില്‍ മായാതെ ആ ലാന്‍ഡ് ലൈന്‍ നമ്പര്‍ ഉണ്ടായിരുന്നു. ചികിത്സയിലിരിക്കെ ഹോസ്പിറ്റല്‍ അധികൃതരോട് ആ നമ്പര്‍ അദ്ദേഹം പങ്കുവച്ചു. കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു. അവര്‍ ആ നമ്പറില്‍ ബന്ധപ്പെട്ടു. വിവരം പറഞ്ഞു. വിനോദ് നാഗ്പൂരിലെത്തി ഹരിയേട്ടനെ കണ്ടു. അത്രയും അഗാധമായിരുന്നു ആ ആത്മബന്ധം.
കഴിഞ്ഞ ഡിസംബറിലായിരുന്നു വിഷ്ണുവിന്റെ വിവാഹ നിശ്ചയം. അവശതകള്‍ മറന്ന് ഹരിയേട്ടന്‍ എത്തി. വരുന്ന ജനുവരിയില്‍ നടക്കുന്ന വിവാഹത്തിന് എത്താന്‍ സാധിക്കില്ലെങ്കിലോ എന്ന് അദ്ദേഹം പറഞ്ഞു. ഹരിയേട്ടന്‍ വിഷ്ണുവിന് ഹരി അപ്പൂപ്പനാണ്. ആ വിരലില്‍ തൂങ്ങി ഏറെ നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ചേതനയറ്റ ഹരിയേട്ടനെ കാണാനുള്ള ശക്തിയില്ലാതെ, ആ കാഴ്ച തന്നെ വിഷ്ണു വേണ്ടെന്നു വച്ചു. എളമക്കരയിലെ പ്രാന്തകാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഹരിയേട്ടന്റെ മൃതദേഹത്തിന് അടുത്തു തന്നെയുണ്ടായിരുന്നു വിനോദും ദീപയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: