മരണത്തെ പ്രതീക്ഷിക്കുകയായിരുന്നു ഹരിയേട്ടന്‍. എഴുത്തൊതുക്കി, വാക്കൊതുക്കി, ചെറുചിരിയില്‍, തമാശയില്‍, അലയടങ്ങാത്ത ഓര്‍മ്മക്കടലിളക്കി ശാന്തമായി ഹരിയേട്ടന്‍ മരണത്തെ കാത്തിരുന്നു.
ചെയ്യേണ്ടതെല്ലാം ചെയ്തു തീര്‍ത്തവന്റെ ധന്യതയുണ്ടായിരുന്നു ആ കാത്തിരിപ്പിന്. ഒരേ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ ഒപ്പമുണ്ടായിരുന്ന എല്ലാ തലമുറയിലെയും പ്രവര്‍ത്തകര്‍ക്കൊപ്പം ഇനിയും വന്ന് കാര്യപൂര്‍ത്തി നേടാന്‍ പ്രയത്‌നിക്കണമെന്ന പ്രാര്‍ത്ഥനയുണ്ടായിരുന്നു ബാക്കി. 2016ലെ വിജയദശമി ദിവസം വിദ്യാരംഭത്തില്‍ ഹരിയേട്ടന്‍ സംസ്‌കൃതത്തില്‍ ‘മാമികാന്തിമപ്രാര്‍ത്ഥന’ (എന്റെ അന്തിമ പ്രാര്‍ത്ഥന) എന്ന പേരില്‍ കുറിച്ച വരികള്‍ തന്റെ യാത്ര അവസാനിച്ചതിന് ശേഷം ലോകം കണ്ടാല്‍ മതി എന്ന് അദ്ദേഹം നിശ്ചയിച്ചു. കവറിലാക്കി സീല്‍ ചെയ്ത് വച്ച ആ പ്രാര്‍ത്ഥന സാര്‍ത്ഥകമായ ഒരു ജീവിതത്തിന്റെ ഫലശ്രുതിയുടെ പ്രഖ്യാപനമാണ്. അതിനുമപ്പുറം രാഷ്‌ട്രകാര്യപൂര്‍ത്തിക്കായി മിത്രങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു മതിവരാത്ത ഒരു സ്വയംസേവകന്റെ ഹൃദയതാളമാണത്.
”കരണീയം കൃതം സര്‍വം
തജ്ജന്മ സുകൃതം മമ.
ധന്യോസ്മി കൃതകൃത്യോസ്മി
ഗച്ഛാമദ്യ ചിരം ഗൃഹം.
കാര്യാര്‍ഥം പുനരായാതും
തഥാപ്യാശാസ്തി മേ ഹൃദി
മിത്രൈഃ സഹ കര്‍മ കുര്‍വന്‍
സ്വാന്തഃസുഖമവാപ്‌നുയാം.
ഏഷാ ചേത് പ്രാര്‍ത്ഥനാ ധൃഷ്ടാ
ക്ഷമസ്വ കരുണാനിധേ
കാര്യമിദം തവൈവാസ്തി
താവകേച്ഛാ ബലീയസി”
(ചെയ്യേണ്ടതെല്ലാം ചെയ്തുതീര്‍ത്ത് കൃതക്യത്യനായി ഞാനെന്റെ സ്ഥിരമായ ഗൃഹത്തിലേക്ക് തിരിച്ചുപോകുന്നു. എന്നാലും കാര്യത്തിന്റെ പൂര്‍ത്തിക്കുവേണ്ടി എന്റെ മിത്രങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ആനന്ദം അനുഭവിക്കാന്‍ ഇനിയും മടങ്ങി വരണമെന്ന് ഹൃദയത്തില്‍ ആശയുണ്ട്. ഇതാണ് എന്റെ പ്രാര്‍ത്ഥന. ഇതില്‍ തെറ്റുണ്ടെങ്കില്‍ എന്റെ ഈ പ്രാര്‍ത്ഥന വ്യക്തിപരമായ സ്വാര്‍ത്ഥതയാണെങ്കില്‍ അല്ലയോ കരുണാനിധേ ക്ഷമിക്കണേ. ഇനി അങ്ങയുടെ ചിന്തയാണ് നടക്കേണ്ടത്. അങ്ങയുടെ ഇച്ഛയാണ് ബലപ്പെടേണ്ടത്).
സര്‍വസാധാരണ സ്വയംസേവകന് ചേരുന്ന അവസാനയാത്ര ഹരിയേട്ടന്‍ ആഗ്രഹിച്ചു. സംസ്‌കാരം ജാതി തിരിച്ചുള്ള ശ്മശാനങ്ങളിലാകരുതെന്നും പൊതുശ്മശാനത്തില്‍ വേണമെന്നും എഴുതിവച്ചു. വ്യാസഹൃദയം കടഞ്ഞ് മഹാഭാരതസത്ത പകര്‍ന്ന ആ രാഷ്‌ട്രോപാസകന്‍ തന്റെ അന്ത്യവിശ്രമം പഞ്ചപാണ്ഡവര്‍ പിതൃതര്‍പ്പണം നടത്തിയെന്ന ഐതിഹ്യപ്പെരുമ പേറുന്ന ഐവര്‍മഠത്തിലാകണമെന്ന് ആഗ്രഹിച്ചു. മായന്നൂരിലെ തണല്‍ ബാലാശ്രമം അവസാനകാല വിശ്രമകേന്ദ്രമായി തെരഞ്ഞെടുത്തതിന് പിന്നിലും അത്തരമൊരു ആഗ്രഹം അടങ്ങിയിരുന്നു. ബദരിനാഥിലെ ബ്രഹ്മകപാലത്തില്‍ സ്വയം മരണാനന്തരകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ഹരിയേട്ടന്‍ അവസാനസന്ദേശമായി എഴുതിയ കത്തിലും ജീവിതാദര്‍ശത്തിന്റെ കനലാളുന്ന ആ പ്രാര്‍ത്ഥനയുണ്ട്.
”വീണ്ടും ഇതേ പ്രവര്‍ത്തനത്തിന് അയയ്‌ക്കാന്‍ കനിവുണ്ടാകണേ എന്ന ശ്രീനരസിംഹപ്രാര്‍ത്ഥനയോടെ നിങ്ങളുടെ ഇടയിലെ സ്വയംസേവകന്‍”
ആര്‍. ഹരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: