കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി അവധിദിവസങ്ങളിൽ വലിയ വാഹനങ്ങളുടെ യാത്രയ്‌ക്ക് നിയന്ത്രണം. ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു അവധി ദിനങ്ങൾ , രണ്ടാം ശനിയോട് ചേർന്ന് വരുന്ന വെള്ളിയാഴ്ചകൾ എന്നീ ദിവസങ്ങളിൽ മൂന്ന് മുതൽ ഒമ്പത് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് കളക്ടർ സ്‌നേഹിൽ കുമാർ പുറത്തിറക്കിയ ഉത്തരവിന്മേലാണ് നിയന്ത്രണം.
ഈ ദിവസങ്ങളിൽ ആറ് ചക്രത്തിൽ കൂടുതലുള്ള ടിപ്പറുകൾ, 10 ചക്രത്തിൽ കൂടുതലുള്ള ചരക്കു വാഹനങ്ങൾ, മൾട്ടി ആക്‌സിൽ വാഹനങ്ങൾ, ട്രക്കുകൾ എന്നിവ ചുരത്തിലൂടെ കടന്നു പോകാൻ അനുവദിക്കില്ല. തിങ്കളാഴ്ച രാവിലെ ആറ് മുതൽ ഒമ്പത് വരെയും ഈ നിരോധനം പ്രാബല്യത്തിൽ ഉണ്ട്. കൂടാതെ ചുരത്തിൽ വാഹനങ്ങളുടെ പാർക്കിംഗിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി പാർക്ക് ചെയ്യുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു.
ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കളക്ടർ ഉത്തരവിട്ടിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഈ രീതിയിലാകും വാഹനങ്ങൾ കടത്തി വിടുന്നത്. ചുരത്തിൽ ഉണ്ടാകുന്ന അപകടങ്ങൾ, വാഹന തകരാറുകൾ എന്നിവ പരിഹരിക്കുന്നതിനും വേണ്ട സംവിധാനം നടത്താൻ പോലീസിനും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: