മൂന്നാര്‍: അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള റവന്യൂ സംഘം ദൗത്യം തുടരുന്നു. പള്ളിവാസല്‍, ചിന്നക്കനാല്‍ വില്ലേജുകളിലെ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. ഉടുമ്പന്‍ചോല താലൂക്കില്‍ ചിന്നക്കനാല്‍ വില്ലേജിലെ സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വച്ചിരുന്ന ചിന്നക്കനാല്‍ താവളം സര്‍വെ 20/1, 11/1, 48ല്‍പ്പെട്ട 2.20 ഏക്കര്‍ ഭൂമിയും പള്ളിവാസല്‍ വില്ലേജില്‍ ബ്ലോക്ക് 14ല്‍ സര്‍വെ 36/3ലെ 75 സെന്റ് സ്ഥലത്തെ കൈയേറ്റവുമാണ് ഒഴിപ്പിച്ചത്. ചിന്നക്കനാല്‍ സിമന്റ് പാലത്തിന് സമീപം അടിമാലി സ്വദേശി ജോസ് ജോസഫ് കൈയേറി കൃഷി നടത്തിയിരുന്ന സ്ഥലമാണ് ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ്. നായരുടെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചത്.
1.76 ഏക്കര്‍ റവന്യൂ പുറമ്പോക്കും ആനയിറങ്കല്‍ ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിലുള്ള 43.3 സെന്റ് കെഎസ്ഇബി ഭൂമിയും കൈയേറിയാണ് കൃഷി നടത്തിയിരുന്നത്. താമസിക്കാന്‍ ഷെഡും നിര്‍മിച്ചിരുന്നു. ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ ജില്ലാ കളക്ടര്‍ക്കടക്കം അപ്പീല്‍ നല്‍കിയിരുന്നു. ഇത് തള്ളിയതിനെ തുടര്‍ന്നാണ് ഇന്നലെ അതിരാവിലെ രഹസ്യമായി ഒഴിപ്പിക്കല്‍ നടത്തിയത്. കൈയേറിയിരുന്നവര് താമസിച്ചിരുന്ന ഷെഡില്‍ നിന്നും 30 ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കി.
പള്ളിവാസല്‍ വില്ലേജില്‍ റോസമ്മ കര്‍ത്ത വര്‍ഷങ്ങളായി കൈവശം വച്ച് വീട് നിര്‍മ്മിച്ച് താമസിച്ചിരുന്ന സ്ഥലമാണ് ഒഴിപ്പിച്ചത്. ഇവര്‍ നല്കിയ അപ്പീലും തള്ളിയിരുന്നു. താമസിക്കാന്‍ വേറെ സ്ഥലമില്ലാത്തതിനാല്‍ വീട് ഒഴിവാക്കിയാണ് ഭൂമി ഏറ്റെടുത്തത്. അതേസമയം വന്‍കിടക്കാരെ ഒഴിവാക്കി ചെറുകിടക്കാരെ മാത്രം ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. രണ്ടാഴ്ചയായി ഉടുമ്പന്‍ചോല, ദേവികുളം എന്നീ താലൂക്കുകളിലെ 231.96 ഏക്കര്‍ കൈയേറ്റ ഭൂമിയാണ് റവന്യൂ വകുപ്പ് ഒഴിപ്പിച്ചത്.
ഒഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി
നിയമപരമായി യാതൊരു പിന്‍ബലവും ഇല്ലാതിരുന്ന കൈയേറ്റങ്ങള്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് ഒഴിപ്പിച്ചിട്ടുള്ളത്. പട്ടയം ലഭിക്കുന്നതിനുള്ള അര്‍ഹത പരിശോധിച്ച് നിയമപരമായ നടപടികള്‍ പാലിച്ച് മാത്രമേ തുടര്‍ന്നും ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ. ദൗത്യം വരുംദിവസങ്ങളിലും തുടരും.
-ഷീബ ജോര്‍ജ്, ജില്ലാ കളക്ടര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: