ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച 912 സമ്മാനങ്ങള്‍ കൂടി ലേലം ചെയ്യുന്നത് ഈ മാസം 31 ന് സമാപിക്കും. ഒക്‌ടോ. രണ്ടിനാണ്, ദല്‍ഹിയിലെ നാഷണല്‍ ഗാലറി ഫോര്‍ മോഡേണ്‍ ആര്‍ട്ടില്‍ സമ്മാനങ്ങള്‍ ഇ-ലേലത്തിന് വച്ചത്. ഇ-ലേലത്തിന്റെ അഞ്ചാം റൗണ്ടാണിത്.
ഭഗവാന്‍ ലക്ഷ്മി നാരായണ്‍ വിത്തല്‍, രുഗ്മിണി ദേവി, കാമധേനു, ജറുസലേമില്‍ നിന്ന് ലഭിച്ച മെമന്റോ, ആറന്മുള കണ്ണാടി, ശ്രീരാമന്‍, സീതാദേവി, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവരുടെ പിച്ചള പ്രതിമ, സുവര്‍ണ ക്ഷേത്രത്തിന്റെ മാതൃക, സാംസ്‌കാരിക മൂല്യമുള്ള കലാരൂപങ്ങള്‍, പദ്മശ്രീ ആര്‍ട്ടിസ്റ്റ് ദുര്‍ഗാ ബായിയുടെ ഗോണ്ട് പെയിന്റിങ്, കര്‍ണാടകയില്‍ നിന്നുള്ള യക്ഷഗാന രൂപം, ബസവേശ്വര പ്രതിമ എന്നിവയടക്കം 100 രൂപ മുതല്‍ 65 ലക്ഷം രൂപ വരെ വിലവരുന്ന വസ്തുക്കള്‍ ഇവയിലുണ്ട്. ജനങ്ങള്‍ക്ക് ലേലത്തില്‍ പങ്കെടുത്ത് ഇവ സ്വന്തമാക്കാം.
ലക്ഷ്മി നാരായണ്‍ വിത്തല്‍, കാമധേനു എന്നിവയ്‌ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക, മുന്‍പത്തെ പോലെ, ഗംഗ ശുചീകരിക്കാനുള്ള നമാമി ഗംഗ പദ്ധതിക്കാണ് നല്‍കുക. മൊധേര സൂര്യക്ഷേത്രം, ചിത്തോര്‍ഗഡിലെ വിജയ് സ്തംഭ് തുടങ്ങിയ വാസ്തുവിദ്യാ വിസ്മയങ്ങളുടെ പകര്‍പ്പുകളും ഈ കൂട്ടത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: