കണ്ണൂര്‍: കേരളത്തിലെ ഇടത് വലത് മുന്നണികള്‍ ഹമാസിനെ അനുകൂലിക്കുന്നത് കേവലം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ സംസ്ഥാനതല ഏകദിന ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമാസെന്ന മതഭീകരവാദ സംഘടനയെ വെള്ളപൂശാന്‍ ഇരുവിഭാഗവും മത്സരിക്കുകയാണ്. ലീഗ് ഹമാസിനെ വിശേഷിപ്പിച്ചത് സ്വാതന്ത്ര്യസമര പോരാളികളെന്നാണ്.
ഭാരതത്തിലെ ഇസ്ലാമിക വിഭാഗങ്ങളില്‍ വളര്‍ന്നുവന്ന ചില ഭീകരവാദ സംഘടനകളുണ്ടായിരുന്നു. മദനിയുടെ ഐഎസ്എസ്, പോപ്പുലര്‍ ഫ്രണ്ട് എന്നിവയെ ഭീകരവാദികളെന്ന് പറഞ്ഞ മുസ്ലിം ലീഗ് ഐഎസ്ഐഎസിനെക്കാള്‍ പതിന്മടങ്ങ് ഭീകരവാദിയായ ഹമാസിനെ പോരാളികളെന്ന് പറഞ്ഞ് വെള്ളപൂശുന്നത് ഇരട്ടത്താപ്പ് രാഷ്ട്രീയമാണ്. ലീഗിന്റെ ഇരട്ടത്താപ്പിനെക്കുറിച്ച് സിപിഎം മൗനം പാലിക്കുന്നു. കോണ്‍ഗ്രസിന് പ്രതികരണമില്ല. കേരളത്തിലെ തീവ്ര മുസ്ലിം വിഭാഗങ്ങളുടെ പിന്തുണയ്ക്ക് വേണ്ടി ഇവര്‍ മത്സരിക്കുന്ന ദയനീയമായ കാഴ്ചയാണ് നാം കാണുന്നത്.
സിപിഎം എന്നും സ്വീകരിച്ചിട്ടുള്ളത് വികസന വിരുദ്ധ നിലപാടുകളാണ്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്കാരം കേരളത്തില്‍ നടപ്പിലാക്കില്ലെന്നാണ് പിണറായിയും ശിവന്‍കുട്ടിയും പറയുന്നത്. പണ്ട് കമ്പ്യൂട്ടറിനെ എതിര്‍ത്തത് പോലുള്ള ഹിമാലയന്‍ വിഡ്ഢിത്തമാണിതെന്ന് സിപിഎമ്മിന് പിന്നീട് ബോധ്യപ്പെടും. കാരണം കേന്ദ്ര മത്സര പരീക്ഷകളെല്ലാം എന്‍സിഇആര്‍ടി സിലബസിനെ അടിസ്ഥാനമാക്കിയാണ് നടത്തുന്നത്. കേരളത്തില്‍ സിലബസ് പരിഷ്കാരത്തിന് എതിരായാല്‍ മത്സരപരീക്ഷകളില്‍ നിന്ന് നമ്മുടെ വിദ്യാര്‍ത്ഥികള്‍ പിറകോട്ട് പോകും. അതുകൊണ്ട് പിന്തിരിപ്പന് നിലപാടില്‍ നിന്ന് പിണറായി സര്‍ക്കാര്‍ മാറിച്ചിന്തിക്കണം. വിദ്യാഭ്യാസവും ചിന്തശേഷിയുമുള്ള യുവതലമുറയുള്ള കേരളത്തില്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനാധിപത്യവാദികളായ വോട്ടര്‍മാരുടെ പിന്തുണയോടെ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: