Categories: Thiruvananthapuram

രണ്ടായിരം കേരളീയ വിഭവങ്ങളുമായി കേരളീയം ഭക്ഷ്യമേള; പഴങ്കഞ്ഞി മുതല്‍ ഉറുമ്പു ചമ്മന്തി വരെ, അഞ്ഞൂറു വിദഗ്ധ ഷെഫുമാർ

Published by

തിരുവനന്തപുരം: രണ്ടായിരം കേരളീയവിഭവങ്ങളുമായി മാനവീയം വീഥി മുതല്‍ കിഴക്കേക്കോട്ട വരെയുള്ള 11 വേദികളില്‍ കേരളീയത്തിന്റെ ഭാഗമായി ഭക്ഷ്യമേള നടത്തുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ഞൂറു വിദഗ്ധ ഷെഫുമാരുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ രണ്ടായിരത്തോളം തനതുവിഭവങ്ങള്‍ അണിനിരത്തുന്നത്. തട്ടുകട മുതല്‍ പഞ്ചനക്ഷത്രവിഭവങ്ങള്‍ വരെ ഉള്‍പ്പെടുത്തിയ നൂറ്റമ്പതിലധികം സ്റ്റാളുകള്‍ ഭക്ഷ്യമേളയുടെ ഭാഗമായി സജ്ജീകരിക്കും. സഹകരണ വകുപ്പ്, ഫിഷറീസ് വകുപ്പ്, ക്ഷീര വികസന വകുപ്പ്, കുടുംബശ്രീ തുടങ്ങിയവയും ഭക്ഷ്യമേളയുടെ ഭാഗമാകും.

കേരളത്തിന്റെ പാരമ്പര്യ ഭക്ഷണവിഭവങ്ങളായ രാമശേരി ഇഡലി, വനസുന്ദരി ചിക്കന്‍, പുട്ടും കടലയും തുടങ്ങി കുട്ടനാടന്‍ കരിമീന്‍ വരെ 10 കേരളീയ വിഭവങ്ങള്‍ ബ്രാന്‍ഡ്‌ചെയ്ത് അവതരിപ്പിക്കും. പഴങ്കഞ്ഞി മുതല്‍ ഉണക്കമീന്‍ വിഭവങ്ങള്‍ വരെ കേരളത്തിലെ പരമ്പരാഗത ഭക്ഷണരീതികള്‍ ആസ്വദിക്കാന്‍ കഴിയുന്ന മാനവീയം വീഥിയിലെ പഴമയുടെ ഉത്സവം നൊസ്റ്റാള്‍ജിയ, ഉറുമ്പു ചമ്മന്തി മുതല്‍ കിഴങ്ങുവര്‍ഗങ്ങളുടെ വ്യത്യസ്തവിഭവങ്ങള്‍ വരെ അവതരിപ്പിക്കുന്ന യൂണിവേഴ്‌സിറ്റി കോളജിലെ എത്‌നിക് ഫുഡ്‌ഫെസ്റ്റ് എന്നിവയും കേരളീയം ഭക്ഷ്യമേളയുടെ സവിശേഷതയാകും.

ഭക്ഷ്യമേളയ്‌ക്ക് പ്രത്യേകം വേദികള്‍ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തിലെ ബ്രാന്‍ഡഡ് ഭക്ഷണങ്ങള്‍: കനകക്കുന്ന്. മലയാളി അടുക്കള (കുടുംബശ്രീ ഭക്ഷ്യമേള): കനകക്കുന്ന്, പഴമയുടെ രുചിഉത്സവം (നൊസ്റ്റാള്‍ജിയ): മാനവീയം വീഥി, പെറ്റ്‌സ് ഫുഡ് ഫെസ്റ്റിവല്‍: എല്‍എംഎസ് കോമ്പൗണ്ട്, മില്‍ക്ക് ആന്‍ഡ് ചോക്ലേറ്റ് ഫെസ്റ്റിവല്‍: യൂണിവേഴ്‌സിറ്റി കോളജ്, എത്‌നിക് ഫുഡ്‌ഫെസ്റ്റിവല്‍: യൂണിവേഴ്‌സിറ്റി കോളജ്, സീഫുഡ് ഫെസ്റ്റിവല്‍: എല്‍എംഎസ് കോമ്പൗണ്ട്, പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേള: സെന്‍ട്രല്‍ സ്‌റ്റേഡിയം, ഉപ്പും മുളകും: സഹകരണ വകുപ്പ് ഭക്ഷ്യമേള: ടാഗോര്‍ തിയേറ്റര്‍, ടേസ്റ്റ് ഓഫ് കേരള: പുത്തിരിക്കണ്ടം മൈതാനം, സ്ട്രീറ്റ് ഫുഡ്‌ഫെസ്റ്റിവല്‍: യൂണിവേഴ്‌സിറ്റി കോളജിന് സമീപം സ്‌പെന്‍സേഴ്‌സ് മുതല്‍ വാന്റോസ് ജംഗ്ഷന്‍ വരെ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by