തിരുവനന്തപുരം: ഇസ്ലാം മതപ്രചരണത്തിന് മൈക്രോസൈറ്റ് നിര്‍മിക്കാന്‍ പണം അനുവദിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി ടൂറിസം വകുപ്പ്.
കേരളത്തിലെ ക്ഷേത്രങ്ങള്‍, ക്രിസ്തുമതം, ജൂതമതം എന്നിവയെക്കുറിച്ച് സമാനമായ മൈക്രോസൈറ്റുകള്‍ കേരള ടൂറിസം വകുപ്പ് വികസിപ്പിച്ചിരുന്നു. ഈ പദ്ധതികളിലൂടെ തീര്‍ഥാടന ടൂറിസത്തിന്റെ സമഗ്ര പുരോഗതിയാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും ടൂറിസം വകുപ്പ് വിശദീകരിക്കുന്നു.
ശബരിമല ദര്‍ശനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍, ഭൂമിശാസ്ത്രപരമായ വിശദാംശങ്ങള്‍, സാംസ്കാരിക സ്ഥിതിവിവരക്കണക്കുകള്‍, ക്ഷേത്രവുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മൈക്രോസൈറ്റിനായി 61.36 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്റെ അംഗീകാരത്തിന് ശേഷം ഒക്ടോബര്‍ 16 നാണ് ഈ തുകയും അനുവദിച്ചത്. സമഗ്രമായ ഉള്ളടക്കത്തിനൊപ്പം തീര്‍ഥാടകര്‍ക്ക് യാത്രാപദ്ധതി കൃത്യമായി ആസൂത്രണം ചെയ്യാനും മൈക്രോസൈറ്റ് സഹായിക്കും.
ശബരിമല മൈക്രോസൈറ്റിനു പുറമേ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഓഗ്മെന്റഡ് റിയാലിറ്റി ഹെറിറ്റേജ് ടൂറിന് 60 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നുവെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി. ഇസ്ലാം മതത്തിലെ സവിശേഷമായ ആചാരങ്ങള്‍, കലകള്‍, ഉത്സവങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സമഗ്ര വിവരങ്ങള്‍ അടങ്ങുന്ന മൈക്രോസൈറ്റു രൂപകല്‍പ്പന ചെയ്യുന്നതിന് 93.81 ലക്ഷം രൂപയാണ് ഒക്ടോ. 16 ന് അനുവദിച്ചത്. ഇത് വലിയ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: