സംസ്ഥാനത്ത് കാലങ്ങളായി ഭരണം കയ്യാളിയ ഇരുമുന്നണികളും വാഗ്ദാനം നല്‍കി വഞ്ചിച്ചത് ലക്ഷക്കണക്കിന് വരുന്ന, മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന അടിസ്ഥാന ജനവിഭാഗത്തെയാണ്. തീര ജനതയുടെ പ്രാഥമികമായ അടിസ്ഥാന വിഷയങ്ങള്‍പോലും നടപ്പാക്കാതെ, അതാതുകാലത്ത് തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുക എന്നതാണ് ഈ മേഖലയില്‍ ഇക്കാലമത്രയും അരങ്ങേറിയിട്ടുള്ളത്.
സംസ്ഥാനത്തെ മത്സ്യബന്ധനമേഖലയുമായും മത്സ്യത്തൊഴിലാളികളുമായും നേരിട്ട് സംവദിക്കാനെത്തിയ കേന്ദ്ര ഫിഷറീസ് മന്ത്രി മുമ്പാകെ മത്സ്യത്തൊഴിലാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായി ഉന്നയിക്കപ്പെട്ടത് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണമെന്നാണ്. എന്നാല്‍ സംസ്ഥാനത്ത് കുടിവെള്ള പദ്ധതിയും വീട് നിര്‍മ്മാണവും സാഫല്യമാക്കിയെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പരസ്യവാചകം.
മുന്‍ ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ തീരത്തു നിന്നും 50 മീറ്ററിനുള്ളിലെ 18000 ത്തിലധികം കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാനാണ് പുനര്‍ഗേഹം പദ്ധതി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും ബജറ്റ് വിഹിതവും ചേര്‍ത്ത് മുവ്വായിരം കോടി ചെലവഴിച്ച് 18000 വീടുകള്‍ മൂന്ന് ഘട്ടങ്ങളിലായി നിര്‍മ്മിച്ചുനല്‍കാനാണ് മന്ത്രിസഭാ തീരുമാനമായി പ്രഖ്യാപിച്ചത്. അഞ്ചുവര്‍ഷം കഴിഞ്ഞ് പദ്ധതി കാലാവധിയും കഴിഞ്ഞ് ഏതാനും വീടുകളും കുറച്ച് ഫഌറ്റുകളുമടക്കം ആയിരത്തില്‍ താഴെ വീടുകളാണ് നിര്‍മ്മിക്കാനായത്. കൊട്ടിഘോഷിച്ച പുനര്‍ഗേഹം പദ്ധതിയെങ്ങുമെത്തിയില്ല. പ്രഖ്യാപിത കോടികളുടെ ഫണ്ട് എങ്ങോട്ടുപോയെന്നുമറിയില്ല.
തീരത്ത് താമസിക്കുന്നവരുടെ തീരശാപമാണ് കടലാക്രമണ ഭീഷണി. നാളിതുവരെയായിട്ടും ഇതിനൊരു ശാശ്വതപരിഹാരമുണ്ടാക്കാന്‍ സാധിച്ചില്ല. കോടികള്‍ ചെലവഴിച്ച് കടലില്‍ കല്ലിടുന്ന താല്‍ക്കാലിക സംവിധാനം തുടര്‍ച്ചയായി അനുവര്‍ത്തിക്കുകയാണ്. കാലവര്‍ഷക്കാലത്തും കാലം തെറ്റിയുള്ള കാലത്തും കടലാക്രമണം വ്യാപകമാകുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, തീരമേഖല ആവശ്യപ്പെടുന്ന ശാസ്ത്രീയമായ പുലിമുട്ടോടുകൂടിയ കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിനോ ഫലപ്രദമായ സ്ഥിരം സംവിധാനമോ ഉണ്ടാകുന്നില്ല. വര്‍ഷാവര്‍ഷം കടലില്‍ കല്ലിടല്‍ തുടരുന്നതിന്റെ പിന്നില്‍ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥ, കരാര്‍ ലോബിക്കും ഗുണകരമാണെന്നാണ് കരുതുന്നത്. മാറി മാറി ഭരണം കയ്യാളിയവര്‍ ഇതിനൊരു ശാശ്വത പരിഹാരത്തിന് ശ്രമിക്കാത്തത് തികഞ്ഞ അനാസ്ഥയാണ്.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രൂപം കൊണ്ട് മൂന്നുപതിറ്റാണ്ട് പിന്നിടുമ്പോഴും ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലാനുസൃതമായി മാറുന്നില്ല. ആനുകൂല്യങ്ങളും പെന്‍ഷനും കാലങ്ങളായി കുടിശ്ശികയാകുന്ന, വന്‍കിട കുത്തക കമ്പനിക്കാരുടെ വിഹിതം പിരിച്ചെടുക്കാന്‍ സാധിക്കാത്ത നോക്കുകുത്തിയായി ക്ഷേമനിധി ബോര്‍ഡ് മാറിയിരിക്കുന്നു.
മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി തൊഴിലാളി, സംസ്ഥാന, കേന്ദ്ര വിഹിതം ചേര്‍ത്താണ് പഞ്ഞമാസക്കാലത്ത് 4500 രൂപ നല്‍കുന്നത്. മുന്‍കാലങ്ങളില്‍ കേന്ദ്രവിഹിതം നല്‍കിയതിന്റെ റിപ്പോര്‍ട്ട് നല്‍കാത്തതിന്റെ പേരില്‍ കേന്ദ്ര വിഹിതം മുടങ്ങിയത് വെട്ടിപ്പ് നടത്താനുള്ള നീക്കമാണെന്നാണ് കരുതേണ്ടത്. അംഗങ്ങള്‍ക്ക് ആനുകൂല്യം ബാങ്ക് അക്കൗണ്ടുകളിലൂടെ നല്‍കുന്നതിന്റെ കൃത്യമായ കണക്ക് നല്‍കാന്‍ സൗകര്യമുണ്ടായിരിക്കെ ചെലവഴിച്ച കണക്ക് നല്‍കാന്‍ വിസമ്മതിക്കുന്നത് അംഗങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചതായിരിക്കാം എന്നാണ് ആരോപണം ഉയരുന്നത്.
വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാറും ഫിഷറീസ് വകുപ്പും ഇന്നേവരെ ഒരു കുറവും വരുത്തിയിട്ടില്ല. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ കടം എഴുതിതള്ളാന്‍ കടാശ്വാസകമ്മീഷന്‍ രൂപീകരിച്ചു. കമ്മീഷന്‍ കണക്കെടുത്ത് കണ്ടെത്തിയതില്‍ പ്രഥമ പരിഗണന നല്‍കിയത് പാര്‍ട്ടി സംഘങ്ങള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും. രണ്ടാംഘട്ടത്തിലേക്ക് വരുമ്പോള്‍ എഴുപ്പത്തയ്യായിരം വെച്ച് അനുവദിച്ച് കൊടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ഇല്ലാതെ കമ്മീഷനും സംവിധാനവും നിലച്ചു. മുഴുവന്‍ കടവും എഴുതിതള്ളുമെന്നത് ഒരു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്തിയ വാഗ്ദാനമായിരുന്നു. മത്സ്യഫെഡ് വഴിയാണ് മത്സ്യതൊഴിലാളിക്ക് മിക്ക ആനുകൂല്യങ്ങളും ലഭ്യമാകുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളുടെ അപെക്‌സ് ബോഡിയാണ് മത്സ്യഫെഡ് സഹകരണത്തിലൂടെ മുന്നേറാനുള്ള സംവിധാനം. എന്നാല്‍ എന്‍സിഡിസി പോലുള്ള കേന്ദ്ര ഏജന്‍സികളുടെ ഫണ്ട് ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് വായ്പ നല്‍കുന്നതിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് കേന്ദ്ര ഏജന്‍സിയുടെ ഫണ്ട് ഉപയോഗിച്ച് മത്സ്യപ്രവര്‍ത്തകരോട് കൊള്ളപലിശ ഈടാക്കുന്ന ഏജന്‍സിയായി മാറിയിരിക്കുകയാണ്. വാഗ്ദാന ലംഘനത്തിന്റെ മറ്റൊരു വശമാണ് മണ്ണെണ്ണ പ്രശ്‌നം. സബ്‌സിഡി നിരക്കില്‍ മത്സ്യത്തൊഴിലാളിക്ക് മത്സ്യബന്ധനാവശ്യത്തിന് മണ്ണെണ്ണ നല്‍കുമെന്നാണ് വാഗ്ദാനം. എന്നാല്‍ ഇന്നുവരെ ഈയാവശ്യത്തിലേക്ക് ഒരു ക്വാട്ട അനുവദിച്ച് കിട്ടാന്‍ യാതൊരു നീക്കവും രണ്ട് മുന്നണികളും നടത്തിയില്ല. സബ്‌സിഡി വാഗ്ദാനം നടന്നതുമില്ല. തമിഴ്‌നാട്ടില്‍ 25 രൂപയ്‌ക്ക് സബ്‌സിഡി മണ്ണെണ്ണ ലഭ്യമാവുമ്പോള്‍ ഇവിടെ കരിഞ്ചന്തയില്‍ 120 രൂപയ്‌ക്കാണ് മത്സ്യത്തൊഴിലാളികള്‍ മണ്ണെണ്ണ വാങ്ങുന്നത്.
സുനാമി ഫണ്ടും സുനാമി പുനരധിവാസ ഫണ്ടും വെട്ടിപ്പ് നടത്തിയതും വകമാറ്റിയതും നിയമസഭയില്‍ വാക്‌പോരാട്ടം നടത്തിയ രണ്ടു മുന്നണിക്കാരും ആരോപിച്ചതാണ്. അവസാനം ഒത്തുതീര്‍പ്പിലെത്തിയത് ഇക്കാര്യത്തില്‍ രണ്ടു കൂട്ടരും തുല്യരാണെന്ന ബോദ്ധ്യത്തിലാണ്. തീരദേശത്തിനാകെ ഗുണകരമാകേണ്ട സുനാമി പദ്ധതിയും ഫണ്ടും മറ്റു മേഖലയിലേക്കും വകമാറ്റിയും തട്ടിപ്പ് നടത്തിയും ആയിരകണക്കിന് കോടികളാണ് പാഴായി പോയത്. ആയിരത്തിനാന്നൂറ് കോടി തട്ടിപ്പ് നടത്തിയെന്ന് സര്‍വ്വീസിലിരുന്ന ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. ഓഖിയുടെ പാശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്ത നിരവധി വിഷയങ്ങള്‍, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളി അപകടത്തില്‍പ്പെട്ടാലുള്ള രക്ഷാപ്രവര്‍ത്തന സംവിധാനം, നാളിതുവരെയായി സംസ്ഥാനത്ത് ഇങ്ങിനെയൊരു സംവിധാനം കൊണ്ടുവരാന്‍ ഇവിടുത്തെ ഭരണാധികാരികള്‍ക്കായില്ല. നമ്മള്‍ ഇപ്പോഴും കോസ്റ്റ് ഗാര്‍ഡിനെയും നേവിയെയുമാണ് ആശ്രയിക്കുന്നത്. തീരക്കടലിലെ അപകടത്തിന് പ്രാദേശിക സംവിധാനമില്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് മറൈന്‍ ആബുംലന്‍സ് അടക്കമുള്ള കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. എല്ലാം ജലരേഖയായി. തോമസ് ഐസക് ഓഖി പാക്കേജായി പ്രഖ്യാപിച്ചത് 3000 കോടിയും എക്‌സ്ട്രാ ആയിരംകോടിയും. എന്നാല്‍ അത് വെറും പ്രഖ്യാപനം മാത്രമായി. നയാപൈസ വകയിരുത്തിയുമില്ല, ചെലവഴിച്ചതുമില്ല.
ട്രോളിംഗ് നിരോധനം തുടങ്ങി 4 പതിറ്റാണ്ടായിട്ടും അത് പ്രഖ്യാപിച്ച കാലത്തെ നാലാഴ്ച സൗജന്യ റേഷന്‍ മാത്രമാണ് 60 ദിവസത്തേക്ക് ട്രോളിംഗ് തൊഴിലാളിക്ക് ഇന്നും നല്‍കുന്നത്. മത്സ്യസമ്പത്തിന്റെ വര്‍ദ്ധനയ്‌ക്കും രക്ഷയ്‌ക്കും ട്രോളിംഗ് നിരോധനം നടപ്പാക്കുമ്പോള്‍ ജീവിക്കാനുള്ള സൗകര്യത്തിനായി മറ്റു സംസ്ഥാനങ്ങള്‍ 3000 മുതല്‍ 5000 രൂപ വരെയും സൗജന്യ ഭക്ഷ്യസാധനങ്ങളും അനുവദിക്കുമ്പോള്‍ ഇവിടെ ഇപ്പോഴും കിലോക്ക് രണ്ട് രൂപ ഈടാക്കുന്ന കേന്ദ്രത്തിന്റെ 25 കിലോ അരിയാണ് പരമാവധി ലഭ്യമാക്കുക. അത് തന്നെ വൈകിയും തോന്നുമ്പോഴും.
തീരദേശ നിയന്ത്രണ നിയമത്തില്‍ തീരദേശവാസികള്‍ക്കനുകൂലമായി പുതിയ വിജ്ഞാപനം 2019 ഫെബ്രുവരി ഒന്നിനിനിലവില്‍ വന്നു. അതനുസരിച്ച് തീരത്തിന്റെ കരട് മാപ്പ് പ്രസിദ്ധീകരിച്ച് ബന്ധപ്പെട്ടവരുടെ അഭിപ്രായം കേട്ട് ഒറിജിനല്‍ മാപ്പ് തയ്യാറാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അയച്ചുകൊടുത്താലെ നിയമത്തിന്റെ ആനുകൂല്യം തീരവാസികള്‍ക്ക് ലഭ്യമാവുകയുള്ളൂ. ഇതിന് ഉത്തരവാദിത്തപ്പെട്ട സംസ്ഥാനത്തെ സിആര്‍സെഡ് മാനേജ്‌മെന്റ് അതോറിറ്റി നാല് വര്‍ഷമായിട്ടും ഈ പ്രക്രിയ പൂര്‍ത്തിയാക്കിയില്ല. മുഖ്യമന്ത്രി ചെയര്‍മാനായ ഈ കമ്മിറ്റിയുടെ അനാസ്ഥ കാരണം ആയിരക്കണക്കിന് കുടുംബങ്ങളാണ് നിര്‍മ്മാണ അനുമതി ലഭിക്കാതെ വലയുന്നത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടും കേരളത്തില്‍ 2023 ലാണ് ഏതാനും ജില്ലകളുടെ കരട് മാപ്പ് തയ്യാറാക്കിയത്. ഈ കാലതാമസത്തിനു കാരണം അനുമതിലഭിക്കാന്‍ സാദ്ധ്യതയില്ലാത്ത വന്‍കിട നിര്‍മ്മാണക്കാര്‍ക്ക് മാനേജ്‌മെന്റ് അതോറിറ്റി നേരിട്ട് അനുമതി നല്‍കാനുള്ള നീക്കമാണെന്നാണ് കരുതുന്നത്.
രാജ്യത്താകെ മത്സ്യ മേഖലയില്‍ വലിയ മുന്നേറ്റമാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളിലൂടെ നടത്തികൊണ്ടിരിക്കുന്നത് ലോകത്തിലെ ഏറ്റവും കൂടുതല്‍ മത്സ്യം ഉത്പാദിപ്പിക്കുന്ന രാജ്യമായി മാറ്റുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇതോടെ കടലോര, കായലോര മേഖലകളിലെ ജീവിതം കൂടുതല്‍ ഓജസ്സുറ്റതാകും. അതിനായ് ഒന്നിച്ച് ചേര്‍ന്നീടാം.
പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന
മത്സ്യത്തൊഴിലാളികളുടെ സാമൂഹികവും ശാരീരികവും സാമ്പത്തികവും സാംസ്‌ക്കാരികവുമായ സുരക്ഷ ഉറപ്പാക്കുക എന്നതാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. മത്സ്യതൊഴിലാളികള്‍ സുശക്തരും മത്സ്യമേഖല സുസ്ഥിരവും സംഘടിതവുമാകാന്‍ മത്സ്യതൊഴിലാളികളുടെ വരുമാനം ഇരട്ടിയായി ഉയരണം. അതിനായി മത്സ്യ ഉത്പാദന ക്ഷമത, മത്സ്യ ഉത്പാദനം, മത്സ്യകയറ്റുമതി, മത്സ്യത്തിന്റെ അഭ്യന്തര ഉപയോഗം, മത്സ്യ സംസ്‌ക്കരണം , മത്സ്യ വിപണനം എന്നിവയെല്ലാം ഇന്നുള്ളതിന്റെ ഇരട്ടിയായി വര്‍ദ്ധിപ്പിക്കണം. ഇതിനായി സുശക്തമായ മത്സ്യ മേഖലാ മാനേജ്‌മെന്റും പദ്ധതി നടത്തിപ്പില്‍ വരാവുന്ന നഷ്ടമൊഴിവാക്കാനുമായ സംവിധാനം വിഭാവനം ചെയ്തു. മത്സ്യ കുഞ്ഞുങ്ങളെ ശാസ്ത്രീയമായി ഉത്പാദിപ്പിക്കുന്നതിന് കടല്‍, ഉള്‍നാടന്‍ ജലാശയങ്ങളുടെ സാദ്ധ്യതകളെ കൂടുതല്‍ കാര്യക്ഷമമാക്കി.
മത്സ്യബന്ധന സാധ്യതയുള്ള രണ്ട് ലക്ഷം കിലോമീറ്റര്‍ നദികള്‍, പന്ത്രണ്ട് ദശലക്ഷം ചതുരശ്ര അടി ജലാശയങ്ങള്‍, 23.6 ദശലക്ഷം കുളങ്ങള്‍, 35 ദശലക്ഷം ജല സംഭരണികള്‍, 12 ലക്ഷം കിലോമീറ്റര്‍ കായല്‍, 8818 കിലോമീറ്റര്‍ കടലോരംരാജ്യത്താകെയുണ്ട്. നമ്മുടെ ജലസ്രോതസ്സുകളുടെ 15 ശതമാനം മാത്രമാണ് ഇന്ന് നാം ഉപയോഗിക്കുന്നത് അവയുടെ സാദ്ധ്യത പരമാവധി ഉപയോഗിക്കാനാണ് 23 കടല്‍ മത്സ്യബന്ധന പദ്ധതികളും 11 ഉള്‍നാടന്‍ ജലാശയ മത്സ്യബന്ധന പദ്ധികളും പ്രധാന മന്ത്രി മത്സ്യ സമ്പദാ യോജനയിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. ഇരുപതിനായിരത്തി അമ്പതു (20,050) കോടിയാണ് ഇതിനായി ചെലവഴിക്കുന്നത്. 2024-25 വര്‍ഷത്തില്‍ 22 ദശലക്ഷം മെട്രിക്ക് ടണ്‍ മത്സ്യ ഉത്പാദനവും ഒരു ലക്ഷം കോടിയുടെ കയറ്റുമതിയും ലക്ഷ്യമാക്കിയാണ് ഈ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
മത്സ്യ സമ്പത്തില്‍ ഉത്പാദനം, സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവ ശാസ്ത്രീയമായി വികസിപ്പിക്കുന്നതോടൊപ്പം മത്സ്യമേഖലയില്‍ ജോലിചെയ്യുന്നവരുടെ ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതിനും പദ്ധതികള്‍ നടപ്പാക്കുന്നു. മത്സ്യ ബന്ധന നിരോധനകാലത്ത് 677462 കുടുംബങ്ങള്‍ക്ക് പോഷകാഹാരവും ജീവിതമാര്‍ഗ്ഗവും ഉറപ്പാക്കി. 720 മത്സ്യ കര്‍ഷക സംഘങ്ങള്‍ രൂപീകരിക്കപ്പെട്ടു.മത്സ്യബന്ധന യന്ത്രങ്ങള്‍ക്ക് 4250 ജൈവ ശൗചാലയങ്ങള്‍. 3331 മത്സ്യ ചന്തകള്‍ (മാര്‍ക്കറ്റ് സംവിധാനം). 1689 അലങ്കാര മത്സ്യ കൃഷി യൂണിറ്റുകള്‍. മത്സ്യതൊഴിലാളികളുടെ 527 പരമ്പരാഗത ബോട്ടുകളെ ആധുനിക നിലവാരത്തിലാക്കി. 465 ശീത സംഭരണികള്‍ തുടങ്ങി.
70 മത്സ്യ സേവാ കേന്ദ്രങ്ങള്‍. ആഴക്കടല്‍ മത്സ്യബന്ധനത്തിന് 1 കോടി ഇരുപത് ലക്ഷം വിലവരുന്ന ബോട്ടുകള്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ലഭ്യമാകുന്ന പദ്ധതി നടപ്പിലാക്കി. മത്സ്യബന്ധന സാഹചര്യം സുരക്ഷിതമാക്കാനായി മത്സ്യബന്ധന തുറമുഖങ്ങള്‍, ചെറുകിട തുറമുഖങ്ങള്‍, ബ്രേക്ക് വാട്ടര്‍ സിസ്റ്റം ശസ്ത്രീയമായി നിര്‍മ്മിക്കാനും നവീകരിക്കാനും പദ്ധതി. കടലാക്രമണം തടയുന്നതിനും തീരം സുരക്ഷിതമാക്കാനും പദ്ധതി.
(നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ് അംഗവും ബിജെപി-ഒബിസിമോര്‍ച്ച സംസ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: