തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളം മുടങ്ങി. ജീവനക്കാരുടെ സംഘടനകള്‍ നിരവധി സമരങ്ങള്‍ നടത്തുകയും എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി വിധി നിലവിലുള്ളപ്പോഴാണ് ശമ്പളവിതരണം മുടങ്ങിയത്. ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കണമെന്നും ശമ്പളവിതരണവുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കവെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ 57 ദിവസമായിട്ടും ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല.
കോടികള്‍ ധൂര്‍ത്തടിച്ച് കേരളീയം പോലുള്ള പരിപാടികള്‍ നടത്തുമ്പോഴും ജീവനക്കാര്‍ക്ക് ശമ്പളം കുടിശികയാകുന്നതില് ശക്തമായ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. അതേസമയം ശമ്പളവിതരണത്തിന് 20 കോടി ഇന്നലെ അനുവദിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം ധനവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ശമ്പളവും വിരമിച്ച ജീവനക്കാരുടെ പെന്‍ഷനും കുടിശികയാണ്. സപ്തംബറിലെ ശമ്പള കുടിശ്ശികയും ഈ മാസത്തെ ശമ്പളവും വിരമിച്ചവരുടെ രണ്ടു മാസത്തെ പെന്‍ഷനുമാണ് നല്‍കാനുള്ളത്. മാനേജ്മെന്റിന്റെ കൈവശം ഇതിനുള്ള പണമില്ല. അതിനാല്‍ സര്‍ക്കാരിനോട് 50 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 30 കോടി രൂപ മാത്രമാണ് ലഭിച്ചത്. അതില്‍ നിന്ന് സപ്തംബര്‍ മാസത്തെ ആദ്യഗഡു ശമ്പളം നല്‍കിയിരുന്നു. രണ്ടാം ഗഡു നല്‍കാനായി 20 കോടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സപ്തംബര്‍, ഒക്ടോബര്‍ മാസത്തെ പെന്‍ഷനും കുടിശികയാണ്. ഇതു തീര്‍ക്കാന്‍ തന്നെ 80 കോടി വേണം. 40,000 പേര്‍ക്കാണ് പെന്ഷന് നല്‍കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: