തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മേരി മാട്ടി മേരാ ദേശ് പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണ് നിറച്ച കലശങ്ങളുമായി ന്യൂദല്‍ഹിയിലേക്ക് പ്രത്യേക ട്രെയിനില്‍ പു
റപ്പെട്ട കേരള സംഘത്തിന് തിരുവനന്തപുരത്ത് യാത്രയയപ്പ് നല്കി.
തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നെഹ്റു യുവകേന്ദ്രയുടെ 229 വോളണ്ടിയര്‍മാരടങ്ങുന്ന സംഘമാണ് 152 ബ്ലോക്കുകളില്‍ നിന്നുള്ള അമൃതകലശങ്ങളുമായി യാത്ര തിരിച്ചത്. പരിപാടിയുടെ ഭാഗമായി വോളണ്ടിയര്‍മാരും ഉദ്യോഗസ്ഥരും പഞ്ച പ്രാണ്‍ പ്രതിജ്ഞയെടുത്തു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി.പളനിച്ചാമി, തിരുവനന്തപുരം റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ എസ്.എം. ശര്‍മ്മ, നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ എം. അനില്‍കുമാര്‍, നെഹ്റു യുവകേന്ദ്ര പ്രതിനിധികള്‍, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പ്രത്യേക ട്രെയിന്‍ ചെന്നൈ വഴി 30ന് രാവിലെ ന്യൂദല്‍ഹിയില്‍ എത്തിച്ചേരും. തുടര്‍ന്ന് മേരി മാട്ടി മേരാ ദേശ് പരിപാടിയുടെ ഭാഗമായി കര്‍ത്തവ്യപഥില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള സംഘം പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: