കാഞ്ഞങ്ങാട്: വ്യാഴാഴ്ച വൈകിട്ട് മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസ് കാഞ്ഞങ്ങാട് റെയിവെ സ്റ്റേഷനില്‍ പാളം മാറി ഓടിയ സംഭവത്തില്‍ സ്റ്റേഷന് മാസ്റ്ററെ പാലക്കാട്ടേക്ക് വിളിപ്പിച്ചു. ഇദ്ദേഹത്തിന് 15 ദിവസത്തെ പരിശീലനം നല്‍കുമെന്നും മറ്റ് നടപടികള്‍ ഒന്നും ഉണ്ടാവില്ലെന്നുമാണ് പാലക്കാട് റെയില്‍വേ ഡിവിഷന് അധികൃതര്‍ വ്യക്തമാക്കുന്നത്.
മാവേലി എക്സ്പ്രസിന്റെ ലോക്കോ പൈലറ്റുമാരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. സിഗ്നല്‍ മാറി നല്‍കിയെന്ന് ബോധ്യപ്പെട്ടാല്‍ ബന്ധപ്പെട്ടവരുമായി ആശയം വിനിമയം നടത്തുകയോ ട്രെയിന്‍ അവിടെത്തന്നെ നിര്‍ത്തിയിടുകയോ ആണ് ചെയ്യേണ്ടത്. എന്നാല്‍ ദീര്‍ഘദൂര ട്രെയിന്‍ കടന്നുപോകുന്ന ട്രാക്കിലേക്ക് ട്രെയിന്‍ ഓടിച്ച് കയറ്റുകയായിരുന്നു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച വൈകുന്നേരം 6. 41 ന് ആയിരുന്നു സംഭവം. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ എത്തേണ്ട ട്രെയിന്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് കടന്ന് പോകേണ്ട മധ്യത്തിലുള്ള ട്രാക്കിലാണ് വന്നത് നിന്നത്. ഈ സമയത്ത് ദീര്‍ഘദൂര ട്രെയിനുകള്‍ ഒന്നും ഇല്ലാതിരുന്നതിനാന്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
സ്റ്റേഷന് മാസ്റ്ററുടെ ഭാഗത്ത് ചെറിയ അശ്രദ്ധ മാത്രമാണ് ഉണ്ടായതെന്നും മറ്റ് സാങ്കേതിക പിഴവുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ് റെയില്‍വേയുടെ വിശദീകരണം. വ്യാഴാഴ്ച രാത്രി തന്നെ സ്റ്റേഷന് മാസ്റ്ററോട് പാലക്കാട് റെയില്‍വേ ഡിവിഷന് അധികൃതര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം വിശദാംശങ്ങള്‍ വ്യക്തമാക്കി മറുപടി നല്‍കിയതിനെ തുടര്‍ന്നാണ് പാലക്കാട്ടേക്ക് വിളിപ്പിച്ച് പരിശീലനം നല്കാന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: