തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷനടക്കം മുടങ്ങിയിട്ടും കേരളീയം പരിപാടിക്ക് കോടികള്‍ അനുവദിച്ച് സര്‍ക്കാര്‍. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനെന്ന പേരില്‍ നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ തിരുവനന്തപുരത്തു നടത്തുന്ന കേരളീയത്തിനു ചെലവാക്കുന്നത് 27.12 കോടി രൂപ. ബജറ്റിന് ധനവകുപ്പ് അംഗീകാരം നല്കി.
സെമിനാര്‍ രണ്ടു ലക്ഷം, സാംസ്കാരിക പരിപാടികള്‍ 3.14 കോടി, ഭക്ഷ്യമേള 85 ലക്ഷം, സ്വീകരണം, താമസം 1.81 കോടി, വിപണനമേള 69.86 ലക്ഷം, പ്രദര്‍ശനം 9.39 കോടി, ദീപാലങ്കാരം 2.97 കോടി, പുഷ്പമേള 81.5 ലക്ഷം, ചലച്ചിത്ര മേള 60 ലക്ഷം, സ്പോണ്‍സര്‍ഷിപ്പ് ഒരു ലക്ഷം, സുരക്ഷ 31.17 ലക്ഷം, വോളന്റിയര്‍ 35.91 ലക്ഷം, ഗതാഗതം 1.98 കോടി, മാധ്യമങ്ങളും പ്രചാരണവും 3.98 കോടി, പരിപാടികള്‍ 16.09 ലക്ഷം, പരിപാടിയുടെ ഭാഗമായ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ 9.39 കോടി, വൈദ്യുതാലങ്കാരം 2.97 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. ഇതിനു പുറമേ സ്പോണ്‍സര്‍ഷിപ്പ് നീക്കവുമുണ്ട്.
വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി, ട്രഷറി നിയന്ത്രണത്തിനിടെയാണ് കേരളീയത്തിന്റെ പേരില്‍ സര്‍ക്കാര്‍ ധൂര്‍ത്ത്. കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പണം നല്‍കേണ്ട കിഫ്ബിയില്‍ നിന്നുപോലും പതിവുകള്‍ മറികടന്ന് കടമെടുത്താണ് കേരളീയം പരിപാടിക്ക് പണം അനുവദിച്ചത്.
കേരളീയം പരിപാടി ടൂറിസമാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. അതേസമയം അവധി പോലുമല്ലാത്ത സമയമാണ് നവംബര്‍ ആദ്യവാരം. ആകെയുള്ളത് ഒരു ഞായര്‍ മാത്രം. തലസ്ഥാനത്തേക്ക് എത്ര പേരെത്തുമെന്ന സംശയം ഇതിനോടകമുണ്ട്. ഇടത് അനുകൂല ഇവന്റ് മാനേജുമെന്റുകള്‍ക്കും സംഘങ്ങള്‍ക്കും പണം നല്കി സഹായിക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: