കോഴിക്കോട്: പുതിയൊരു ഐ ലീഗ് ഫുട്ബോള്‍ സീസണിന് ഇന്ന് തുടക്കം. ഉച്ചയ്ക്ക് രണ്ടിന് ശ്രീനഗറില്‍ നടക്കുന്ന റിയല്‍ കശ്മീരും രാജസ്ഥാന് എഫ്സിയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഭാരതത്തിന്റെ ഫുട്ബോള്‍ ലീഗിന് തുടക്കമിടുക. ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഗോകുലം കേരള എഫ്സി ഹോം മാച്ചില്‍ ലീഗിലെ പുതുമുഖങ്ങളായ ഇന്റര്‍ കാശിയെ നേരിടും. രാത്രി ഏഴിന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ് മത്സരം.
നിലവിലെ ചാമ്പ്യന്മാരായ പഞ്ചാബ് എഫ്സി ഇപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ(ഐഎസ്എല്‍) ഭാഗമാണ്. ചാമ്പ്യന്മാരെ ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് തുടക്കമിട്ട സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ഇന്റര്‍ കാശിയെ കൂടാതെ നാംധാരി എഫ്സി ആണ് ഇത്തവണത്തെ മറ്റൊരു പുതുമുഖ ടീം. പുതിയ സീസണിലേക്ക് അഞ്ച് ക്ലബ്ബുകളില്‍ നിന്നെത്തിയ അപേക്ഷകളില്‍ നിന്നാണ് രണ്ട് ടീമുകള്‍ക്ക് അവസരം നല്‍കിയത്.
കഴിഞ്ഞ തവണത്തെ ലീഗില്‍ കളിച്ച മുംബൈ കെന്‍ക്രെ, സുദേവ ദല്‍ഹി ടീമുകളെ ഇത്തവണ ഒഴിവാക്കി. പകരം ഐ ലീഗ് രണ്ടില്‍ നിന്നും ഡല്‍ഹി എഫ്സി, ഷില്ലോങ് ലാജോങ് ടീമുകള്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. അയ്സ്വാള്‍ എഫ്സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, മുഹമ്മദന്‍സ് എസ് സി, രാജസ്ഥാന് എഫ് സി, റിയല്‍ കശ്മീര്‍, ശ്രീനിധി ഡെക്കാന്‍, നെരോക്ക എഫ്സി, ട്രാവു എഫ്സി എന്നിവരാണ് സീസണില്‍ മാറ്റുരയ്ക്കാന്‍ തയ്യാറെടുത്തിരിക്കുന്ന മറ്റ് ടീമുകള്‍.
കഴിഞ്ഞ സീസണിന് മുമ്പ് തുടര്‍ച്ചയായി രണ്ട് തവണ ജേതാക്കളായ ടീമാണ് ഗോകുലം കേരള എഫ്സി. കഴിഞ്ഞ തവണ ടീമിന്റേത് നിറംമങ്ങിയ പ്രകടനമായിരുന്നു. ഡൊമിംഗോ ഒറാമസ് എന്ന സ്പാനിഷ് പരിശീലകന് കീഴിലാണ് ഗോകുലം ഇക്കുറി കളത്തിലിറങ്ങുന്നത്. സ്പാനിഷ് താരം അലക്സാഡ്രോ സാഞ്ചസ് ലോപ്പസാണ് ടീം ക്യാപ്റ്റന്‍. 25 അംഗ ടീമില്‍ 11 മലയാളിതാരങ്ങളും അഞ്ച് വിദേശതാരങ്ങളുമാണ് ഉള്ളത്. മലയാളിതാരം വി.എസ്. ശ്രീകുട്ടനാണ് വൈസ് ക്യാപ്റ്റന്‍.
വനിതകള്‍ക്ക് പ്രവേശനം സൗജന്യം
കോഴിക്കോട്: കൂടുതല്‍ വനിതാ ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കുന്നതിനായി ഗോകുലത്തിന്റെ മത്സരം കാണാന്‍ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലേക്ക് വനിതകള്‍ക്ക് പ്രവേശനം സൗജന്യമാണ്. കോളജ്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവുണ്ടാകും. ഗ്യാലറി- 100 രൂപ, നോര്‍ത്ത്സൗത്ത് ഗ്യാലറി- 75, വിദ്യാര്‍ത്ഥികള്‍- 50, വിഐപി- 200, സീസണ്‍ടിക്കറ്റ്:1000, സീസണ്‍ടിക്കറ്റ്(വിഐപി)- 2000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. കോര്പ്പറേഷന് സ്റ്റേഡിയത്തിലെ ഗോകുലം കേരള എഫ്സി ഓഫീസിലും ഗോകുലം മാളിലെ ജികെഎഫ്സി മര്‍ച്ചന്റെസ് ഷോപ്പിലും ഗോകുലം ചിട്ടി ഫണ്ട് ഓഫീസുകളിലും ടിക്കറ്റ് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: