Categories: India

നിതീഷും പാലം വലിച്ചു; ഇന്‍ഡി മുന്നണി തകര്‍ന്നു; ജെഡിയു ഫ്യൂസൂരിയെന്ന് സുശീല്‍കുമാര്‍ മോദി

കോണ്‍ഗ്രസിന്റെ തന്നിഷ്ടവും ധിക്കാരവും സഹിക്കാതെയാണ് ഇന്‍ഡി മുന്നണിയിലെ ഘടക കക്ഷികള്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

Published by

പാട്ന: അരവിന്ദ് കെജ്‌രിവാളിനും അഖിലേഷ് യാദവിനും പിന്നാലെ നിതീഷ്‌കുമാറും പാലം വലിച്ചതോടെ മധ്യപ്രദേശിലെ ഇന്‍ഡി സഖ്യം പൂര്‍ണ തകര്‍ച്ചയില്‍. കോണ്‍ഗ്രസിന്റെ തന്നിഷ്ടവും ധിക്കാരവും സഹിക്കാതെയാണ് ഇന്‍ഡി മുന്നണിയിലെ ഘടക കക്ഷികള്‍ സ്വന്തം നിലയ്‌ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

മധ്യപ്രദേശ് നിയമസഭയിലേക്കുള്ള അഞ്ച് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിലൂടെ ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) ഇന്‍ഡി സഖ്യത്തിന്റെ ഫ്യൂസൂരിയെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പ്രതികരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും കോണ്‍ഗ്രസ് വട്ടപൂജ്യമാകും. പ്രധാനമന്ത്രിയാകാന്‍ കുപ്പായം തയ്ച്ച നിതീഷ്‌കുമാറിന്റെ പാര്‍ട്ടിക്ക് മധ്യപ്രദേശില്‍ കെട്ടിവച്ച കാശ് പോലും കിട്ടില്ല, സുശീല്‍കുമാര്‍ പറഞ്ഞു.

മോദിയെ തോല്പിച്ച് രാജ്യത്തെ തകര്‍ക്കാനാണ് ഇന്‍ഡി മുന്നണി വന്നത്. പ്രതിപക്ഷ ഐക്യത്തിന്റെ നേതാവാണെന്ന് അവകാശപ്പെട്ടാണ് നിതീഷ് കുമാര്‍ ഇതിന് ചുക്കാന്‍ പിടിച്ചത്. കെജ്രിവാളും അഖിലേഷ് യാദവും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ അവരെ തിരുത്തേണ്ട നിതീഷ്‌കുമാറും അവരുടെ വഴി തന്നെയാണ് നടന്നത്, സുശീല്‍ മോദി പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി തന്നെ അധികാരത്തിലെത്തും. അതോടെ ശേഷിക്കുന്ന ഇന്‍ഡി സഖ്യവും തകര്‍ന്നടിയും. പതിനെട്ട് വര്‍ഷമായി മധ്യപ്രദേശില്‍ ബിജെപി ഭരിക്കുന്നു. ജനപ്രീതി കൂടുന്നതല്ലാതെ പ്രതിപക്ഷത്തിന്റെ ഒരു അടവും ഫലിക്കുന്നില്ല. രാജസ്ഥാനില്‍ കോണ്‍ഗ്രസ് രണ്ട് ഗ്രൂപ്പാണ്.

അശോക് ഗെഹ്‌ലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും രണ്ട് കോണ്‍ഗ്രസാണ് അവിടെ. ദുര്‍ഭരണം, അഴിമതി, പ്രീണന നയം എന്നിവയില്‍ നിന്ന് മുക്തി നേടാന്‍ രാജസ്ഥാനിലെ ജനങ്ങള്‍ ബിജെപിയിലേക്ക് ഉറ്റുനോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by