ഹൈദരാബാദ്: തെലുഗു രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ച് സൂപ്പര്‍ താരം പവന് കല്യാണിന്റെ രംഗപ്രവേശം. ബിജെപി തെലങ്കാന സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷന് റെഡ്ഡിയുമായി ഒരേ വിമാനത്തില്‍ ദല്‍ഹിയില്‍ പറന്നിറങ്ങിയ പവന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തിയതാണ് തെലങ്കാന തെരഞ്ഞെടുപ്പ് രംഗത്തെ ചൂടുപിടിപ്പിക്കുന്നത്.
ജനസേന പാര്‍ട്ടി രാഷ്ട്രീയ കാര്യ സമിതി അദ്ധ്യക്ഷന്‍ നാന്ദേഡ്ല മനോഹറും പവന് കല്യാണിനൊപ്പമുണ്ടായിരുന്നു. പവന് കല്യാണിന്റെ നേതൃത്വത്തില്‍ ആന്ധ്രയില്‍ രൂപം കൊണ്ട ജനസേന ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയുമായി സഖ്യത്തിലെത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. പവന് കല്യാണ്‍ ജയിലില്‍ പോയി ചന്ദ്രബാബു നായിഡുവിനെ കണ്ടത് വാര്‍ത്തയായിരുന്നു.
അടുത്തവര്‍ഷം ആദ്യം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് പവന് കല്യാണ്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുമ്പോഴും തെലങ്കാനയില്‍ ബിആര്‍എസും കോണ്‍ഗ്രസും ഈ നീക്കത്തില്‍ പരിഭ്രാന്തിയിലായിട്ടുണ്ട്.
തെലങ്കാന തെരഞ്ഞെടുപ്പ് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ആദ്യം തെലങ്കാന, പിന്നെ ആന്ധ്ര പ്രദേശ് എന്നതാണ് ബിജെപിയുടെ മുന്നിലുള്ള ലക്ഷ്യമെന്ന് കിഷന് റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ ബിജെപിയോട് സഹകരിക്കുമെന്നാണ് പവന് കല്യാണുമായി അടുപ്പമുള്ളവര്‍ പറയുന്നത്. തെലങ്കാനയിലെ സീറ്റ് നിര്‍ണയത്തിനായി ബിജെപിയുടെയും ജനസേനയുടെയും നേതാക്കള്‍ യോഗം ചേരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: