ഏറ്റുമാനൂര്‍: ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ യഥാര്‍ത്ഥ്യമാകുമെന്നു കരുതിയ ഏറ്റുമാനൂര്‍ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മാണം അനിശ്ചിതത്വത്തില്‍. കെട്ടിടം നിര്‍മിക്കേണ്ട സ്ഥലത്തെച്ചൊല്ലി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍പ്പെടുന്ന സ്ഥലത്താണ് കെട്ടിടം നിര്‍മിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ തങ്ങളുടെ കൈവശാവകാശത്തിലുള്ള സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതില്‍ ഏറ്റുമാനൂര്‍ പോലീസ് വിയോജിപ്പ് അറിയിക്കുകയായിരുന്നു.
ആദ്യഘട്ടത്തിന് 15 കോടി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പണി അടുത്ത മാസം തുടങ്ങാനിക്കെയാണ് പ്രതിസന്ധി ഉണ്ടായത്. പോലീസ് സ്റ്റേഷനും പോലീസ് ക്വാര്‍ട്ടേഴ്‌സിനുമിടയിലുള്ള സ്ഥലമാണിത്. പരിമിതികളിലും അസൗകര്യങ്ങളിലും വീര്‍പ്പുമുട്ടുന്ന പോലീസ് സ്റ്റേഷനു വേണ്ടി ഒരു കെട്ടിടം നിര്‍മിക്കേണ്ടി വന്നാല്‍ ആകെ അവശേഷിക്കുന്നത് ഈ സ്ഥലം മാത്രമാണ്.
കെട്ടിടം പണിയാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂര്‍ പോലീസ് പൊതുമരാമത്ത് കെട്ടിട നിര്‍മാണ വകുപ്പിനു പരാതി നല്കി. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. എന്തായാലും മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും അനിശ്ചിതമായി കാത്തിരിക്കേണ്ടിവരുമെന്ന് ഉറപ്പായി. ഇതിനിടെ, നിര്‍ദ്ദിഷ്ട സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതില്‍ വിവിധ കോണുകളില്‍ നിന്ന് വിയോജിപ്പ് ഉയരുന്നുമുണ്ട്. പോലീസ് സ്റ്റേഷനോടു ചേര്‍ന്ന് ഇടുങ്ങിയ സ്ഥലത്ത് 15ലേറെ ഓഫീസുകളുള്ള മിനി സിവില്‍ സ്റ്റേഷന്‍ വരുന്നത് പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കാമെന്നതാണ് മിക്കവരുടെയും വിമര്‍ശനം.
നീണ്ടൂര്‍ റോഡില്‍ നിന്ന് ആരംഭിച്ച് പോലീസ് സ്റ്റേഷനു സമീപം വൈക്കം റോഡില്‍ എത്തുന്ന വഴിയിലാണ് നിര്‍ദ്ദിഷ്ട മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. ഈ വഴി തീര്‍ത്തും ഇടുങ്ങിയതാണ്. നീണ്ടൂര്‍ റോഡില്‍ നിന്ന് വഴി ആരംഭിക്കുന്നിടത്ത് വഴിയുടെ ഒരുവശത്ത് ക്രിസ്തുരാജ പള്ളിയും മറുവശത്ത് നഗരസഭാ കാര്യാലയവും ഗവണ്‍മെന്റ് ആശുപത്രിയുമാണ്. ഇവിടെ വഴിക്ക് വീതി കൂട്ടാനുമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: