ന്യൂദല്‍ഹി: ഖത്തറില്‍ തടവിലായിരുന്ന മുന്‍ നാവികസേനാ ഉദ്യോഗസ്ഥരായ എട്ടു ഭാരതീയര്‍ക്ക് വധശിക്ഷ വിധിച്ചു. വിധി ഞെട്ടിക്കുന്നതാണെന്നും ഖത്തറുമായി സംസാരിച്ച് ഭാരതീയരുടെ ജീവന് രക്ഷിക്കാന്‍ ശക്തമായി ഇടപെടുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യുദ്ധക്കപ്പലുകളിലടക്കം സേവനമനുഷ്ഠിച്ചിട്ടുള്ള നാവികസേവന ഉദ്യോഗസ്ഥരായിരുന്ന ഇവര്‍ വിരമിച്ച ശേഷം ഖത്തറില്‍ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു. ഖത്തറിലെ സൈനികര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും പരിശീലനം നല്കുന്ന അല്‍ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കമ്പനിയിലായിരുന്നു എട്ടു പേര്‍ക്കും ജോലി.
കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ ഇവര്‍ തടവിലാണ്. ഇവര്‍ക്കെതിരേയുള്ള കുറ്റങ്ങള്‍ ഖത്തര്‍ പരസ്യമാക്കിയിരുന്നില്ല. ചാര പ്രവര്‍ത്തനം ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭാരതത്തിന്റെ ഖത്തര്‍ കോണ്‍സുലേറ്റ് സഹായത്തോടെ കുടുംബങ്ങള്‍ നിയമ നടപടികള്‍ തുടരുകയായിരുന്നു.
എന്നാല്‍ ജാമ്യാപേക്ഷകള്‍ തുടര്‍ച്ചയായി ഖത്തര്‍ കോടതി തള്ളി. പ്രധാന യുദ്ധക്കപ്പലുകളില്‍ ജോലി ചെയ്തിട്ടുള്ള കമാന്‍ഡര്‍ (റിട്ട) പൂര്‍ണേന്ദു തിവാരിയും ശിക്ഷ ലഭിച്ചവരിലുണ്ട്.
അല്‍ ദഹ്റ കമ്പനി എംഡിയായിരുന്നു അദ്ദേഹം. ഭാരതവും ഖത്തറും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വഹിച്ച പങ്ക് പരിഗണിച്ച് പ്രവാസി ഭാരതീയ സമ്മാന്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നവ്തേജ് സിങ് ഗില്‍, ബിരേന്ദര്‍ കുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ്, അമിത് നാഗ്പാല്‍, സുഗുണകര്‍ പകാല, സഞ്ജീവ് ഗുപ്ത, രാഗേഷ് തുടങ്ങിയവരാണ് മറ്റുള്ളവര്‍.
ഖത്തറിലെ ഒന്നാം കോടതി വധശിക്ഷ വിധിച്ചതായി അറിഞ്ഞെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. വിധി ഞെട്ടിക്കുന്നതാണ്. ഖത്തറുമായി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തും. ഉത്തരവിന്റെ വിശദാംശങ്ങള്‍ക്കു കാത്തിരിക്കുന്നു. കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. നിയമ വിദഗ്ധര്‍ കാര്യങ്ങള്‍ പരിശോധിക്കുകയാണ്.
നിയമ നടപടി ഉള്‍പ്പെടെ സാധ്യമായതെല്ലാം ചെയ്യും. ഖത്തറിലെ കോണ്‍സുലേറ്റ് ആവശ്യമായ നിയമ സഹായങ്ങള്‍ ഭാരതീയര്‍ക്കു നല്‍കിയിരുന്നു. വളരെ പ്രാധാന്യത്തോടെയാണ് ഈ കേസ് നിരീക്ഷിച്ചിരുന്നത്. ഖത്തര്‍ അധികൃതരുമായി സംസാരിച്ച് കൂടുതല്‍ നിയമ സഹായങ്ങള്‍ക്കു നടപടികളുണ്ടാകും. വിദേശകാര്യ മന്ത്രാലയം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: