പയ്യന്നൂര്‍: നാലുമാസത്തിലേറെയായുള്ള നെടു നിദ്രയില്‍ നിന്നും ഉത്തരകേരളത്തിലെ കാവുകളില്‍ ചിലമ്പൊലികളുടെയും രൗദ്രതാളത്തിന്റെയും അകമ്പടിയോടെ ഉറഞ്ഞാടുന്ന
തെയ്യക്കോലങ്ങള്‍ ഇന്ന് മുതല്‍ ഉരിയാടിത്തുടങ്ങും.
പത്താമുദയമെന്ന് വിളിക്കുന്ന തുലാപത്ത് മുതല്‍ ഇടവപ്പാതി വരെ ഉത്തരമലബാറില്‍ ഇനിയുള്ള ദിനരാത്രങ്ങള്‍ ഉലര്‍ന്ന് കത്തുന്ന ചൂട്ട് കറ്റകളുടെ ചുകപ്പ് രാശിയില്‍ മിന്നിത്തിളങ്ങുന്ന ഉടയാടകളോടെ ദ്രുതതാളത്തില്‍ ചുവട് വെക്കുകയും മഞ്ഞള്‍ക്കുറി നല്‍കി അനുഗ്രഹം നല്‍കുകയും ചെയ്യുന്ന കളിയാട്ടക്കാലം.
കന്നിക്കൊയ്‌ത്ത് കഴിഞ്ഞ് രണ്ടാം വിളയിറക്കലിന്റെ ആരംഭദിനം കൂടിയാണ്തുലാപത്ത്. കാര്‍ഷിക സംസ്‌കൃതിയുടെ നല്ല കാലത്തെ വരവേല്‍ക്കാന്‍ തറവാടുകളിലും ഗ്രാമക്ഷേത്രങ്ങളിലും തെയ്യക്കാവുകളിലും പ്രത്യേക ചടങ്ങുകള്‍ നടക്കും.
നിറതിരിയിട്ട നിലവിളക്കുകളും നിറനാഴിയും അന്തിത്തിരിയന്‍മാരും ആചാരക്കാരും ഉദയത്തിന് സൂര്യദേവനെ എതിരേല്‍ക്കും. കൃഷിസമൃദ്ധിക്കും കന്നുകാലികളുടെ ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കും. ഇടവപ്പാതിയോടെ കൊട്ടിയടക്കപ്പെട്ട കാവുകളില്‍ പത്താമുദയത്തിന് അടുത്ത തെയ്യക്കാലത്തെ വിളിച്ച് വരുത്തന്ന ചടങ്ങുകള്‍ നടക്കും. സൂര്യോദയത്തില്‍ തൊഴുത്തില്‍ അടുപ്പ് കൂട്ടി പായസമുണ്ടാക്കി വിളമ്പുന്ന കാലിച്ചേകോന്‍ തെയ്യം നമ്മുടെ കാര്‍ഷിക സംസ്‌കൃതിയില്‍ ഗോമാതാവിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. ഉര്‍വ്വരതാ ദേവതകളായ കുറത്തിയും , വയല്‍ കുറത്തിയും കുഞ്ഞാര്‍ കുറത്തിയും ഇന്ന് മുതല്‍ ഗുണം വരുത്തുമെന്ന മന്ത്രവുമോതി കെട്ടിയാടി വീടുകളിലെത്തും.
കാവുകളിലും കഴകങ്ങളിലും പള്ളിയറകളിലും തറവാടുകളിലും തെയ്യങ്ങള്‍ ഉറഞ്ഞാടും. ചെണ്ടമേളത്തിന്റെ താളത്തില്‍ ചിലമ്പണിഞ്ഞ്ഉറഞ്ഞാടി അനുഗ്രഹം ചൊരിയാന്‍ തെയ്യങ്ങള്‍ വരവായി. ഓരോ കളിയാട്ടവും അതാതു ദേശത്തിന്റെ ഉത്സവങ്ങളാണ്.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരക്കാവിലെ കളിയാട്ടത്തോടെയാണ് വടക്കെ മലബാറിലെ തെയ്യക്കാലം തുടങ്ങുന്നത്. അരിവിതച്ച് അരയിയെ സമൃദ്ധമാക്കി കാര്‍ത്തിക ചാമുണ്ഡി അരയി പുഴ കടന്ന് ഭക്തര്‍ക്ക് അനുഗ്രഹ വര്‍ഷം ചൊരിയും.തുലാമാസം പിറന്നാല്‍പ്പിന്നെ തെയ്യം കലാകാരന്മാര്‍ക്ക് വിശ്രമിമില്ലാത്ത ദിനങ്ങളാണ്. ചുമതലയുള്ള ഓരോ കാവുകളിലെയും വ്യത്യസ്ഥ ദേവതകളായി സ്വയം രൂപാന്തരപ്പെടാനുള്ള ഒരുക്കങ്ങളാണ് പിന്നീടങ്ങോട്ട്.വ്യത്യസ്തമായ ദേവതാസങ്കല്‍പ്പങ്ങള്‍ക്കോരോന്നിനും തീര്‍ത്തും വൈവിധ്യമാര്‍ന്ന അലങ്കാരങ്ങളുമായാണ് ഓരോ തെയ്യങ്ങളും ഭക്തര്‍ക്കുമുമ്പിലെത്തുന്നത്. ചുവപ്പും കറുപ്പും പോലുള്ള കടുംചായക്കൂട്ടുകളും വസ്ത്രങ്ങളും കുരുത്തോലകൊണ്ടുള്ള അലങ്കാരങ്ങളുമായി മനുഷ്യന്‍ സ്വയം ദൈവമായി മാറുന്ന വൈവിധ്യമാര്‍ന്ന ഈ ആരാധനാരൂപങ്ങള്‍ ഒരു കൂട്ടായ്മയുടെ മുഴുവന്‍ പൈതൃകത്തിന്റെ ഭാഗമാണ്. കണ്ണുര്‍, കാസര്‍കോട് ജില്ലകളിലാണ് ഈ അനുഷ്ഠാനം പ്രചാരത്തിലുള്ളത്. ഏകദേശം അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ് ഇന്ന് പ്രധാനമായും കെട്ടിയാടപ്പെടുന്നത്.വണ്ണാന്‍മാര്‍, മലയന്മാര്‍, അഞ്ഞൂറ്റാന്മാര്‍,പുലയന്മാര്‍,മാവിലര്‍, കോപ്പാളര്‍ എന്നിവരാണ് പ്രധാനമായും തെയ്യം കെട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക