ബെംഗളൂരു: ഇംഗ്ലണ്ടിനിതെന്തുപറ്റി, എന്ന് ചോദിച്ചുപോകുന്ന ഒരു മത്സരം കൂടി കടന്നുപോയി. ഇന്നലെ നടന്ന മത്സരത്തില്‍ ജോസ് ബട്ട്ലര്‍ക്ക് കീഴിലിറങ്ങിയ ഇംഗ്ലണ്ടിനെ ശ്രീലങ്ക തരിപ്പണമാക്കിയത് എട്ട് വിക്കറ്റിന്. ആദ്യം ബാറ്റ് ചെയ്ത നിലവിലെ ലോകചാമ്പ്യന്മാര് ലങ്കന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങിയത് വെറും 156 റണ്‍സില്‍. 25.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലങ്ക ലക്ഷ്യം കണ്ടു. ഈ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാര് സ്വന്തമാക്കുന്ന രണ്ടാം ജയം.
ബെംഗളൂരുവിലെ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ശ്രീലങ്കയ്ക്ക് തുടക്കത്തിലേ ഓപ്പണര്‍ കുസാല്‍ പെരേരയെ(നാല്) നഷ്ടമായി. അധികം വൈകാതെ പകരമെത്തിയ കുസാല്‍ മെന്‍ഡിസും(11) പുറത്തായപ്പോള്‍ ശ്രീലങ്ക 5.2 ഓവറില്‍ 23 എന്ന നിലയിലായി. ഇംഗ്ലണ്ട് വെറുതെ ഒന്നാശ്വസിച്ചു. ആ ചെറിയ ആശ്വാസം മാത്രമേ ഉണ്ടായുള്ളൂ. ഡേവിഡ് വില്ലിക്കായിരുന്നു രണ്ട് വിക്കറ്റും.
മുന്നില്‍ വലിയ കൂറ്റന്‍ ലക്ഷ്യമില്ലാത്തതിനാല് വലിയ തിടുക്കം കൂട്ടാതെ ബാറ്റ് ചെയ്ത്, കിട്ടുന്ന അവസരങ്ങളില്‍ പന്ത് അടിച്ചുപറത്തുന്ന ലങ്കന്‍ ബാറ്റിങ്ങാണ് പിന്നെ കണ്ടത്. ഒരുവശത്ത് ഓപ്പണര്‍ പതും നിസ്സങ്ക മറുവശത്ത് സദീര് സമരവിക്രമ. ഇരുവരും ചേര്‍ന്ന് കിട്ടുന്ന അവസരങ്ങളിലെല്ലാം ബൗണ്ടറികളും സിക്സറുകളും പായിച്ച് ഉറച്ച വിജയത്തിലേക്ക് ഇന്നിങ്സിന്റെ പകുതി സമയംകൊണ്ട് എത്തിച്ചേര്‍ന്നു. നിസ്സങ്ക 77 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സമരവിക്രമ ലങ്കന്‍ വിജയത്തിനായി കൂട്ടിചേര്‍ത്തത് 65 റണ്‍സ്.
നേരത്തെ ബാറ്റിങ്ങിലും പ്രതീക്ഷ നല്കുന്ന തുടക്കമാണ് ഇംഗ്ലണ്ട് സമ്മാനിച്ചത്. റണ്ണൊഴുകുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ചില്‍ വമ്പന്‍ സ്കോര്‍ പടുത്തുയര്‍ത്തി ലങ്കയെ പ്രതിരോധിക്കാം എന്ന ലക്ഷ്യത്തോടെയാണ് ടോസ് നേടിയ ഇംഗ്ലണ്ട് നായകന് ജോസ് ബട്ട്ലര്‍ ബാറ്റിങ് തെരഞ്ഞെടുത്തത്. ആദ്യത്തെ അഞ്ച് ഓവറില്‍ മികച്ച പ്രകടനവുമായാണ് ജോണി ബെയര്‍സ്റ്റോയും(30) ഡേവിഡ് മലാനും(28) ചേര്‍ന്ന് തുടങ്ങിയത്. ഏഴാം ഓവറില്‍ ലങ്കന്‍ നായകന് മെന്‍ഡിസ് പകരം പന്തേല്‍പ്പിച്ച ആഞ്ചെലോ മാത്യൂസ് മലാനെ പുറത്താക്കി. പിന്നീട് പ്രതിഭയാര്‍ന്ന ഇംഗ്ലണ്ട് ബാറ്റര്‍മാരുടെ നിര ലങ്കന്‍ ബോളിങ്ങിന് മുന്നില്‍ ചൂളിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. ഇന്നിങ്സിനെ വീണ്ടും സജീവമാക്കാന്‍ കുരത്തുണ്ടായിരുന്ന ബെന്‍ സ്റ്റോക്സ്(43) നിലയുറപ്പിച്ചെങ്കിലും ലഹിരു കുമാര പുറത്താക്കി. നായകന് ജോസ് ബട്ട്ലറെയും(എട്ട്) ലയാം ലിവിങ്സ്റ്റണിനെയും(ഒന്ന്) പുറത്താക്കി ലഹിരു കുമാര ഇംഗ്ലണ്ട് ഇന്നിങ്സിനെ ലങ്കന്‍ കൈപ്പിടിയിലാക്കി. പിന്നീടത്തെ കൂട്ടത്തകര്‍ച്ച 33.2-ാം ഓവര്‍ കൊണ്ട് അവസാനിച്ചു. ആ സമയം കൊണ്ട് ഇംഗ്ലണ്ട് ഒരുവിധം കഷ്ടപ്പെട്ട് സ്കോര്‍ 150നപ്പുറം എത്തിച്ചു. കഴിഞ്ഞ മത്സരത്തില്‍ അവസാന വിക്കറ്റുകളില്‍ തകര്‍ത്തടിച്ച മാര്‍ക്ക് വൂഡ് മഹീഷ് തീക്ഷണയെ സിക്സര്‍ പായിക്കാന്‍ സ്റ്റെപ്പ്ഔട്ട് ചെയ്യുന്നതിനിടെ മെന്‍ഡിസ് സ്റ്റമ്പ് ചെയ്തു. ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റും വീണു.
മൂന്ന് ഇംഗ്ലണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ലങ്കന്‍ ബോളര്‍ ലഹിരു കുമാര കളിയിലെ താരമായി. കസുന്‍ രാജിതയും ആഞ്ചെലോ മാത്യൂസും രണ്ട് വീതം വിക്കറ്റ് നേടി. അശ്രദ്ധമായി കളഞ്ഞുകുളിച്ച രണ്ട് റണ്ണൗട്ടുകളും ഇംഗ്ലണ്ടിന്റെ വീഴ്ചയ്ക്ക് ആക്കം കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: