ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വധേരയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഗൂഢനീക്കം നടത്തുന്നുവെന്ന് ജെഡിഎസ് നേതാവും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. രാമനഗരയെ ബെംഗളൂരു സിറ്റിയില്‍ ലയിപ്പിക്കാനുള്ള നീക്കം റോബര്‍ട്ട് വധേരയുടെ ഡിഎല്‍എഫ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയെ രക്ഷിക്കാന്‍ ഡി.കെ. ശിവകുമാര്‍ നടത്തുന്ന നീക്കമാണ്. ഈ തീരുമാനവുമായി മുന്നോട്ട് പോയാല്‍ മരണം വരെ നിരാഹാരം നടത്തുമെന്ന് എച്ച്.ഡി. കുമാരസ്വാമി മുന്നറിയിപ്പ് നല്കി.
രാമനഗരയുടെ പേര് ബെംഗളൂര് സൗത്ത് എന്നാക്കുമെന്നും രാമനഗരയെ ബെംഗളൂരു നഗരത്തില്‍ ലയിപ്പിക്കുമെന്നും ഡി.കെ. ശിവകുമാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ രാമനഗരയിലെ ജനങ്ങള്‍ അണിനിരക്കണമെന്നും എന്ത് വില കൊടുത്തും ഈ നീക്കത്തെ തോല്പിക്കണമെന്നും എച്ച്.ഡി. കുമാരസ്വാമി അഭ്യര്‍ത്ഥിച്ചു. ജെഡിഎസ് ബിജെപി സഖ്യം കര്‍ണ്ണാടക ഭരിച്ചിരുന്നപ്പോള്‍ 2007ല്‍ ആണ് രാമനഗര ജില്ല അന്ന് മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമി രൂപീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ രാമനഗര ഉള്‍പ്പെടെ അഞ്ച് ജില്ലകള്‍ ബെംഗളൂരു സൗത്ത് എന്ന പേരിലുള്ള പുതിയ ജില്ലയുടെ കീഴിലാക്കുമെന്നാണ് ഡി.കെ. ശിവകുമാര്‍ നടത്തിയ പ്രഖ്യാപനം. ഇതില്‍ കനക് പുര ജില്ലയെക്കൂടി ഉള്‍പ്പെടുത്തുമെന്നും ശിവകുമാര്‍ പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ ഡി.കെ. ശിവകുമാറും കുമാരസ്വാമിയും തമ്മില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: