കൊച്ചി: നാവികദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ദക്ഷിണ നാവികാസ്ഥാനം ഒരുങ്ങി. സംസ്ഥാനത്തെ വിവിധ അനാഥാലയങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ ആഘോഷം എത്തിക്കും. ലക്ഷദ്വീപിലെ കവരത്തി, ആന്ത്രോത്ത്, മിനിക്കോയ്, ബിത്ര തുടങ്ങിയ ദ്വീപുകളില്‍ നവംബര്‍ പകുതിയോടെ മള്‍ട്ടി സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
ഫോര്‍ട്ട്‌കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യയിലെ മാരിടൈം മ്യൂസിയത്തില്‍ നവംബര്‍ 17 മുതല്‍ 19 വരെ നേവല്‍ ബാന്‍ഡിന്റെ പ്രത്യേക സംഗീത പരിപാടികള്‍ ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ കൊച്ചി ലുലുമാളില്‍ മിലിറ്ററി ഫോട്ടോ എക്‌സിബിഷനും നേവല്‍ ബാന്‍ഡിന്റെ പ്രകടനവും നടക്കും. നാവികസേനാ ആസ്ഥാനത്ത് ഡിസം. 3ന് ബാന്‍ഡ് പെര്‍ഫോമന്‍സ് അരങ്ങേറും.
നാവികസേനാ ദിനമായ ഡിസംബര്‍ നാലിന് നേവല്‍ ബേസിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു പരിപാടികള്‍ ആരംഭിക്കും. എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നാവിക കപ്പലുകളും എയര്‍ക്രാഫ്റ്റുകളും പങ്കെടുക്കുന്ന ഗംഭീരമായ നേവല്‍ ഓപ്പറേഷന്‍സ് ഡെമോണ്‍സ്‌ട്രേഷന്‍ നടക്കും.
ഐഎന്‍എസ് വെണ്ടുരുത്തി കമാന്‍ഡിങ് ഓഫീസര്‍ കമഡോര്‍ വി.ഇസഡ്. ജോബ്, എക്‌സിക്യൂട്ടിവ് ഓഫീസര്‍ ക്യാപ്റ്റന്‍ അജയ് ചെല്ലപ്പന്‍, പിആര്‍ഒ കമാന്‍ഡര്‍ അതുല്‍ പിള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: