തൊടുപുഴ: ഇടതു സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിയുടെ നടത്തിപ്പിന് ഉദ്യോഗസ്ഥരടങ്ങുന്ന സംഘാടക സമിതി ഒരു നിയമസഭാ മണ്ഡലത്തില്‍ പിരിച്ചുനല്കണ്ടേത് 35 ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെ. നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 14 വരെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി നടത്തിപ്പിന് പണം പിരിക്കാനാണ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കുള്ള കര്‍ശന നിര്‍ദേശം.
തയാറാകാത്ത ഉദ്യോഗസ്ഥരുടെ പേരുകള്‍ ചീഫ് സെക്രട്ടറിക്കു നേരിട്ടു റിപ്പോര്‍ട്ട് ചെയ്യുമെന്നും വകുപ്പുതല നടപടിയുണ്ടാകുമെന്നുമാണ് താക്കീത്. സര്‍ക്കാര്‍ പരിപാടിയാണെങ്കിലും മന്ത്രിമാരുടെ ഭക്ഷണത്തിനടക്കമുള്ള പണം കണ്ടെത്തേണ്ടത് മണ്ഡല ചുമതലയുള്ള റവന്യൂ ഉദ്യോഗസ്ഥരടങ്ങിയ സംഘാടക സമിതിയാണ്. 140 മണ്ഡലങ്ങളിലും സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. തഹസില്‍ദാര്‍ക്കാണ് പഞ്ചായത്തു ചുമതല. പണപ്പിരിവിനു വഴിവിട്ട പല ഇടപെടലും ഉദ്യോഗസ്ഥര്‍ക്കു നടത്തേണ്ടി വരും. സാധാരണക്കാര്‍ പിരിവു നല്കില്ലെന്നിരിക്കേ വന്കിടക്കാരെയും അഴിമതിക്കാരെയും കണ്ടെത്തിയാകും വലിയൊരു പങ്കും പിരിക്കുക.
പരിപാടിയില്‍ വലിയ ഉദ്യോഗസ്ഥ വൃന്ദവും ഒപ്പമുണ്ടാകും. അഗ്നിരക്ഷാ സേന, പോലീസ്, റവന്യൂ, വനംവകുപ്പ് ഉള്‍പ്പെടെയുള്ളവരുടെ നൂറുകണക്കിന് വാഹനവും ഉപയോഗിക്കേണ്ടി വരും. ഇതിനൊപ്പം 5000 പേരെ പൊതുപരിപാടിയില്‍ പങ്കെടുപ്പിക്കണം. ഇത്രയും പേര്‍ക്ക് ഇരിക്കാനുള്ള ഗ്രൗണ്ടും പന്തലുമൊരുക്കണം.
ഭക്ഷണം, ആളുകളെയെത്തിക്കാന്‍ വാഹനം എന്നിവയുമൊരുക്കണം. വാഹനങ്ങള്‍ പെട്രോള്‍ സഹിതം സൗജന്യമായി ലഭിക്കാന്‍ സബ് ആര്‍ടിഒമാര്‍ ഇറങ്ങണമെന്നും നിര്‍ദേശമുണ്ട്. ഓരോ റേഷന്‍ കടക്കാരനും ആയിരം രൂപ വീതം നല്‍കണം.
മണിക്കൂറുകള്‍ മാത്രം നീളുന്ന സന്ദര്‍ശനമാണ് പലയിടത്തും. ഈ സമയംകൊണ്ട് എത്ര പരാതികള്‍ സ്വീകരിക്കാനും നടപടിയെടുക്കാനുമാകുമെന്നതും കണ്ടറിയണം. പരിപാടിയുടെ പ്രചാരണം, മന്ത്രിമാരുടെ ഭക്ഷണം, താമസം തുടങ്ങിയ എല്ലാ ചെലവും പിരിച്ചെടുത്തു വേണം നടത്താന്‍. അതതു പ്രദേശത്തെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരെ പങ്കെടുപ്പിച്ച് യോഗം, വിവിധ കലാപരിപാടികള്‍ എന്നിവ നടത്തണം.
കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ ഭാഗമായുള്ള എല്ലാവരും ഇതിന്റെ പ്രചാരണത്തിനിറങ്ങണം, പരിപാടിയില്‍ പങ്കെടുക്കണം. അതേസമയം പരിപാടിയുടെ ആവശ്യത്തിനു പണം നല്‍കാമെന്നു പറഞ്ഞ് ജോലികളേല്പ്പിക്കുന്ന പലര്‍ക്കും ഇതിനുള്ള സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം. ഉദ്യോഗസ്ഥര്‍ ജനസമ്പര്‍ക്കത്തിനു മാറുന്നതോടെ റവന്യൂ അടക്കമുള്ള വിഭാഗങ്ങളില്‍ ആഴ്ചകളോളം ജോലി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: