പൂര്‍ണമായ ഭൗതികവാദത്തിന്റെ പരകോടിയിലെത്തിയ ഉപഭോഗവാദകാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള വികസനമാര്‍ഗങ്ങള്‍ കാരണം മാനവികതയും പ്രകൃതിയും പതുക്കെപതുക്കെ, എന്നാല്‍ സ്ഥിരമായി വിനാശത്തിലേക്ക് നീങ്ങുകയാണ്. ലോകമെമ്പാടും ഈ ആശങ്ക വര്‍ധിച്ചിരിക്കുന്നു. പരാജയപ്പെട്ട വഴികളെ ഉപേക്ഷിച്ച് ലോകം ഭാരതീയ മൂല്യങ്ങളിലേക്ക് സാവധാനം തിരിയുകയാണ്. സമഗ്രമായ ഏകാത്മദൃഷ്ടിയില് അധിഷ്ഠിതമായ, കാലാനുസൃതമായി നവീകരിക്കുന്ന വികസനത്തിന്റെ പാത ഭാരതം സൃഷ്ടിക്കേണ്ടതുണ്ട്. ഇത് ഭാരതത്തിന് സര്‍വഥാ ഉപയുക്തവും ലോകത്തിന് അനുകരണീയവുമായ മാതൃകയാകണം. അതിന് ജഡവാദത്തിന്റെയും പിടിവാശിയുടെയും പ്രവണതകള്‍ നാം ഉപേക്ഷിക്കണം. പരാജയപ്പെട്ട പാതയെ അന്ധമായി പിന്തുടരുന്ന പ്രവണത അവസാനിപ്പിക്കണം. അധിനിവേശ മാനസികാവസ്ഥയില്‍ നിന്ന് മുക്തമായി ലോകത്തില്‍ നിന്ന് ദേശാനുകൂലമായതെന്തോ അത് സ്വീകരിക്കണം. നമ്മുടെ രാജ്യത്ത് എന്താണോ ഉള്ളത് അതിനെ യുഗാനുകൂലമായി മാറ്റിത്തീര്‍ത്ത് സ്വ ആധാരിതമായ സ്വദേശി വികാസപഥം സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇക്കാര്യത്തിന് അനുസൃതമായി അടുത്ത കാലത്തായി ചില മാറ്റങ്ങള്‍ ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. സമാജത്തില്‍ കൃഷി, വ്യവസായം, വ്യാപാരം, അനുബന്ധ സേവനങ്ങള്‍, സഹകരണം, സ്വയംതൊഴില്‍ തുടങ്ങിയ മേഖലകളില്‍, പുതിയ വിജയകരമായ പരീക്ഷണങ്ങളുടെ എണ്ണവും തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഭരണരംഗത്തും എല്ലാ മേഖലകളിലും ചിന്തയുടെ വഴി കാട്ടുന്ന ബൗദ്ധിക സമൂഹത്തിനിടയിലും ഇത്തരത്തിലുള്ള ഉണര്‍വ് കൂടുതലായി ഉണ്ടാകേണ്ടതുണ്ട്.
ഭരണത്തിന്റെ നല്ല നയങ്ങള്‍, സ്വ ആധാരിതവും യുഗാനുകൂലവുമായ നീതി, ജനസൗഹൃദ പ്രവര്‍ത്തനങ്ങള്‍, ഇവയ്ക്കെല്ലാം മനസും വാക്കും കര്‍മ്മവും കൊണ്ട് സമാജം നല്കുന്ന സഹകരണവും പങ്കാളിത്തവും പിന്തുണയും മാത്രമേ മാറ്റത്തിന്റെ ദിശയില്‍ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകൂ. എന്നാല്‍ ഇത് സാധ്യമായില്ലെങ്കില്‍, സമാജത്തിന്റെ ഒരുമ ശിഥിലമായി ഭിന്നതയും സംഘര്‍ഷവും വര്‍ദ്ധിക്കും, ഇത് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അജ്ഞതയും അവിവേകവും അവിശ്വാസവും അശ്രദ്ധയും കാരണം അപ്രതീക്ഷിതമായ ഇത്തരം പിരിമുറുക്കങ്ങളും വിയോജിപ്പുംവര്ധിക്കുന്നു. ഭാരതത്തിന്റെ ഉയര്‍ച്ചയുടെ ലക്ഷ്യം ലോകക്ഷേമമാണ്. ഈ ഉത്ഥാനത്തിന്റെ സ്വാഭാവിക പരിണാമമെന്ന നിലയില്‍ സ്വാര്‍ത്ഥികളും വിഘടനവാദികളും കാപട്യത്തിലൂടെ സ്വന്തം കാര്യം കാണുന്ന ശക്തികളുമൊക്കെ നിയന്ത്രിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ അത്തരക്കാരുടെ കേന്ദ്രങ്ങളില്‍ നിന്ന് നിരന്തരമായ പ്രതിരോധമുണ്ട്. ഇതെല്ലാം ചെയ്യുമ്പോഴും ഈ ശക്തികള്‍ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ കുപ്പായമിടും. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെറ്റിദ്ധാരണ പരത്തും. അവരുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ മറ്റു പലതുമാണ്. പ്രത്യയശാസ്ത്രവും പദവിയും ഏതായിരുന്നാലും ആത്മാര്‍ത്ഥതയോടെയും പ്രതിബദ്ധതയോടെയും പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഇത്തരക്കാര്‍ തടസമാണ്.
എല്ലാം വിഴുങ്ങുന്ന ഈ കൂട്ടര് ഇപ്പോഴത്തെ കാലത്ത് സ്വയം വിളിക്കുന്നത് സാംസ്കാരിക മാര്‍ക്സിസ്റ്റുകള്‍ അഥവാ വോക്(ഉണര്‍ന്നവര്‍) എന്നാണ്. എന്നാല്‍ 1920കള്‍ മുതല്ക്കേ അവര്‍ മാര്ക്സിനെത്തന്നെ മറന്നു. വിവാഹം, സംസ്കാരം തുടങ്ങി ലോകത്തിന്റെ എല്ലാ നല്ല വ്യവസ്ഥകള്‍ക്കും അവര്‍ എതിരാണ്. ഒരു ചെറിയ കൂട്ടം ആളുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഇന്നത്തെ ലോകക്രമത്തില്‍ അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും പ്രചാരവും അംഗീകാരവും ലഭിക്കും. മാധ്യമങ്ങളെയും അക്കാദമികളെയും കൈയിലെടുത്ത് വിദ്യാഭ്യാസം, സാംസ്കാരികം, രാജനീതി തുടങ്ങി സമാജത്തിലുടനീളം തെറ്റിദ്ധാരണയും ഭിന്നതയും സൃഷ്ടിക്കലാണ് ഇവരുടെ പ്രവര്‍ത്തനശൈലി. ഇത്തരം പരിസ്ഥിതിയില്‍ വ്യാജവും വികലവും അതിശയോക്തി കലര്‍ന്നതുമായ വാര്‍ത്തകളിലൂടെ ജനങ്ങളില്‍ ഭീതിയും തെറ്റിദ്ധാരണയും വിദ്വഷവും അനായാസം പടരും. ആശയക്കുഴപ്പവും പരസ്പരം തര്‍ക്കവും മൂലം ദുര്‍ബലമാകുകയും തകരുകയും ചെയ്യുന്ന സമൂഹം എല്ലായിടത്തും വിധ്വംസക ശക്തികളുടെ ഇരകളായി മാറുന്നു. ഏതെങ്കിലും നാട്ടില്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പവും പരസ്പരവിദ്വേഷവും സൃഷ്ടിക്കുന്ന ഇത്തരം പ്രവര്‍ത്തനത്തിന് നമ്മുടെ രാജ്യത്ത് പറയാറുള്ളത് അപവാദ പ്രചരണമെന്നോ ഗൂഢാലോചനയെന്നോ ഒക്കെയാണ്.
കക്ഷിരാഷ്ട്രീയത്തിലെ സ്വാര്‍ത്ഥവും മത്സരങ്ങളും കാരണം പരാജയപ്പെട്ട കക്ഷികള്‍ അനാവശ്യ ശക്തികളുമായി സഖ്യം ചേരുന്ന പ്രവണത അവിവേകമാണ്. സമാജം നേരത്തെതന്നെ ആത്മവിസ്മൃതി മൂലം പല പല ഭേദവിചാരങ്ങളില് കുടുങ്ങി സ്വാര്‍ത്ഥം, പരസ്പര മത്സരം, ഈര്‍ഷ്യ, ദ്വേഷം ഇതിലെല്ലാം അകപ്പെട്ടിരിക്കുന്നു. അതുകൊണ്ട് രാഷ്ട്രത്തെയും സമാജത്തെയും തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ആസുരിക ശക്തികള്‍ക്ക് അകത്തുനിന്നും പുറത്തുനിന്നും പിന്തുണ ലഭിക്കുന്നു.
മണിപ്പൂര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
മണിപ്പൂരിന്റെ ഇപ്പോഴത്തെ സ്ഥിതി കാണുമ്പോള്‍ ഇങ്ങനെ തോന്നുന്നു. ഒരു പതിറ്റാണ്ടായി ശാന്തമായിരുന്ന മണിപ്പൂരില്‍ പൊടുന്നനെ എങ്ങനെയാണ് പരസ്പര വിഭജനത്തിന്റെ തീ ആളിപ്പടര്‍ന്നത്? കൊലയാളികളായ ആളുകള്‍ അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളാണോ? സ്വന്തം അസ്തിത്വത്തെക്കുറിച്ച് ആശങ്കയിലായ മണിപ്പൂരി മൈതേയി സമാജത്തിനും കുക്കി സമാജത്തിനുമിടയിലെ സംഘര്‍ഷത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം എന്തിന് ആര് ചെയ്തു? വര്‍ഷങ്ങളായി അവിടെ സമഭാവത്തോടെ സേവനം ചെയ്യുന്ന രാഷ്ട്രീയ സ്വയംസേവകസംഘം പോലുള്ള സംഘടനയെ ഒരു കാരണവുമില്ലാതെ ഇതിലേക്ക് വലിച്ചിടാന്‍ ശ്രമിച്ചത് ആരുടെ സ്വാര്‍ത്ഥതയാണ്? അതിര്‍ത്തിപ്രദേശത്ത് നാഗഭൂമിക്കും മിസോറാമിനുമിടയില്‍ സ്ഥിതി ചെയ്യുന്ന മണിപ്പൂരില്‍ അശാന്തിയും അസ്ഥിരതയും സൃഷ്ടിക്കുന്നതുകൊണ്ട് ലാഭമുണ്ടാകുന്ന ഏതെങ്കിലും വിദേശ ഭരണകൂടത്തിന്റെ താത്പര്യങ്ങളിതിലുണ്ടോ? തെക്ക് കിഴക്കന്‍ ഏഷ്യയില്‍ വര്‍ഷങ്ങളായുള്ള ഭൂ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഇതിന് കാരണമായിട്ടുണ്ടോ? രാജ്യത്ത് ശക്തമായ ഭരണകൂടമുണ്ടായിട്ടും ആരുടെ ബലത്തിലാണ് ഇത്രയും കാലമായി അവിടെ സംഘര്‍ഷം തുടരുന്നത്? കഴിഞ്ഞ ഒമ്പത് വര്‍ഷമായി തുടരുന്ന സമാധാനം നിലനിര്‍ത്താന്‍ സംസ്ഥാനസര്‍ക്കാര്‍ പരിശ്രമിച്ചിട്ടും കൊലപാതകം എന്തുകൊണ്ടാണ് തുടരുന്നത്? സംഘര്‍ഷത്തിലേര്‍പ്പെട്ട വിഭാഗങ്ങള്‍ സമാധാനം ആഗ്രഹിക്കുകയും ആ ദിശയില്‍ ഭാവാത്മകമായ ചില നടപടികള്‍ മുന്നോട്ടുവരികയും ഉണ്ടാകുമ്പോള്‍ അതിനെ തകര്‍ക്കുംവിധം വിദ്വേഷവും അക്രമവും സൃഷ്ടിക്കുന്ന ശക്തികള്‍ ഏതാണ്? ഈ പ്രശ്നത്തിന്റെ പരിഹാരത്തിന് വിവിധ തരത്തിലുള്ള പരിശ്രമങ്ങള്‍ ആവശ്യമാണ്. ഇത് പരിഹരിക്കുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തി, അതിനനുസൃതമായ സക്രിയ നടപടികള്‍, സാമര്‍ത്ഥ്യം എന്നിവയ്ക്കൊപ്പം ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങള്ക്കിടയാക്കിയ സമാജങ്ങള്‍ തമ്മിലെ അവിശ്വാസം പരിഹരിക്കുന്നതിന് പ്രാപ്തമായ നേതൃത്വത്തിന്റെ പങ്ക് വളരെ വലുതാണ്. സംഘസ്വയംസേവകര്‍ സമാജത്തിലുടനീളം എല്ലാവര്ക്കും സേവനം ചെയ്യുകയും സജ്ജനശക്തിയെ സംഘടിപ്പിച്ച് ശാന്തിക്കായി ആഹ്വാനം ചെയ്യുകയും ചെയ്യും. എല്ലാവരെയും സ്വന്തമെന്ന് കരുതി, കാര്യങ്ങള്‍ മനസിലാക്കി സുരക്ഷിതവും വ്യവസ്ഥിതവും സദ്ഭാവപൂര്ണവും ശാന്തവുമായ സാഹചര്യം സൃഷ്ടിക്കുന്നതിനായി സംഘം പ്രവര്‍ത്തിക്കുന്നു. ഭയങ്കരവും ആശങ്കാജനകവുമായ സാഹചര്യത്തിലും ശാന്തവും ധീരവുമായ മനസ്സോടെ എല്ലാത്തരത്തിലുള്ള സേവനപ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്ന സ്വയംസേവകരെ ഓര്‍ത്ത് അഭിമാനിക്കുന്നു.
ഏകതയുടെ രഹസ്യം
പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം അപവാദപ്രചരണത്തിനുള്ള ശരിയായ പരിഹാരം രാഷ്ട്രത്തിന്റെ ഏകതയാണ്. ഏത് പരിസ്ഥിതിയിലും ഏകതയുടെ പ്രകാശം സമാജത്തിന്റെ വിവേകത്തില്‍ ഉണര്‍ന്നിരിക്കേണ്ടതാണ്. ഭരണഘടനയില്‍ത്തന്നെ മാര്ഗദര്ശകതത്വമെന്ന നിലയില്‍ ഭാവാത്മക ഏകതയെപ്പറ്റി എഴുതിയിട്ടുണ്ട്. ഓരോ ദേശത്തിലും ഈ ഏകതയെ പ്രകടമാക്കുന്ന പശ്ചാത്തലം വ്യത്യസ്തമാണ്. ചില ദേശങ്ങളില്‍ അത് ഭാഷയാണ്. ചിലയിടത്ത് ദേശവാസികളുടെ വിശ്വാസമോ ആരാധനയോ ആണ്. ചിലയിടത്ത് വാണിജ്യ ഇടപെടലുകളാണ്, ചിലയിടത്ത് പ്രബലമായ ഭരണകൂട വ്യവസ്ഥിതിയാണ് ഏകതയുടെ നൂലായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മനുഷ്യനിര്‍മ്മിതമായ കൃത്രിമ അടിസ്ഥാനങ്ങളില്‍, അല്ലെങ്കില്‍ സമാനമായ സ്വാര്‍ത്ഥത്തിന്റെ ആധാരത്തില്‍ സൃഷ്ടിക്കുന്ന ഏകത ശാശ്വതമല്ല. നമ്മുടെ രാജ്യത്ത് ഇത്രയും വിവിധതകളുണ്ടായിട്ടും ഒറ്റ രാഷ്ട്രമെന്ന നിലയില്‍ കോര്‍ത്തിണക്കുന്ന അസ്തിത്വത്തെ ജനങ്ങള്‍ തിരിച്ചറിയാനും സമയമെടുക്കും. എന്നാല്‍ നമ്മുടെ ഈ ദേശം, ഒരു രാഷ്ട്രമെന്ന നിലയില്‍, ഒരു സമാജമെന്ന നിലയില്‍, ലോക ചരിത്രത്തിലുണ്ടായ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഭൂതകാലത്തിന്റെ ചരടിനാല്‍ ഇണക്കി അവിച്ഛിന്നമായ ബന്ധം നിലനിര്‍ത്തിക്കൊണ്ട് സജീവമായി നിലനില്ക്കുന്നു.
യൂനാന്‍ മിസ്ര റോമാ സബ് മിട് ഗയേ ജഹാം സേ
അബ് തക് മഗര്‍ ഹേ ബാകീ നാമോം നിശാം ഹമാരാ
കുഛ് ബാത് ഹേ കി ഹസ്തി മിട്തി നഹി ഹമാരി
സദിയോം രഹാ ഹേ ദുശ്മന്‍ ദൗരേം ജഹാം ഹമാരാ
(ഗ്രീക്കും ഈജിപ്തും റോമുമൊക്കെ നശിച്ച് നാമാവശേഷമായി. എന്നാല്‍ ഇപ്പോഴും നമ്മുടെ പേരും പെരുമയും ശേഷിക്കുന്നു. എത്രയെത്ര നൂറ്റാണ്ടുകളായി ശത്രുക്കളെത്രയോ പടയോട്ടം നടത്തി. എന്നിട്ടും നശിക്കാത്തതായി ചിലതുണ്ട് നമ്മുടേതായി)
ഭാരതത്തിന് പുറത്തുള്ള ജനത ആശ്ചര്യപ്പെട്ടേക്കാം, എന്നാല്‍ മനസുകളെ ആകര്‍ഷിക്കുന്ന ഈ ഏകാത്മകത നമ്മുടെ പാരമ്പര്യമാണ്. ഇതിന്റെ രഹസ്യമെന്താണ്? തീര്‍ച്ചയായും അത് സര്‍വാശ്ലേഷിയായ നമ്മുടെ സംസ്കാരമാണ്. പൂജ, പരമ്പര, ഭാഷ, ദേശം, ജാതി സമ്പ്രദായങ്ങള്‍ തുടങ്ങിയ ഭേദങ്ങളില്‍ നിന്നെല്ലാം ഉയര്‍ന്ന് സ്വന്തം കുടുംബം മുതല്‍ വിശ്വകുടുംബം വരെ ആത്മീയതയുടെ അടിസ്ഥാനത്തില്‍ വികസിക്കുന്ന നമ്മുടെ ജീവിതരീതിയാണത്. നമ്മുടെ പൂര്‍വികര്‍ സാംസ്കാരിക ഏകതയുടെ സത്യത്തെ സാക്ഷാത്കരിച്ചു. അതിന്റെ ഫലമായി ശരീരം, മനസ്, ബുദ്ധി എന്നിവയെ ഒരുപോലെ ഉയര്‍ത്തി, മൂന്നിനും സുഖം പകരുന്ന, അര്‍ത്ഥ, കാമങ്ങളെ സംയോജിപ്പിച്ച് മോക്ഷത്തിലേക്ക് നയിക്കുന്ന ധര്‍മതത്വം അവര്‍ പ്രാപ്തമാക്കി. ഇതിന്റെ ആധാരത്തില്‍ സത്യം, കരുണ, ശുചിത്വം, തപസ് എന്നിങ്ങനെ ധര്മ്മതത്വത്തിന്റെ നാല് ശാശ്വത മൂല്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ആചരണത്തിലൂടെ സംസ്കൃതിയുടെ വികാസം സാധ്യമാക്കി. നാലു അതിര്‍ത്തികളും സുരക്ഷിതവും, സമൃദ്ധവുമായ നമ്മുടെ മാതൃഭൂമിയുടെ അന്നവും വായുവും ജലവും കാരണമാണിതുണ്ടായത്. ഇതുകൊണ്ടാണ് ഈ ഭാരതഭൂമിയെ സംസ്കൃതിയുടെ അധിഷ്ഠാനദേവതയായി കണ്ട് നാം ഭക്തിപൂര്‍വം പൂജിക്കുന്നത്.
(നാളെ: ജീവിതം ധര്‍മ്മ മാര്‍ഗ്ഗത്തില്‍ മുന്നേറട്ടെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: