മഡ്ഗാവ്: മുപ്പത്തിയേഴാമത് ദേശീയ ഗെയിംസിന് ഇന്ന് തുടക്കം. മത്സരങ്ങള്‍ക്ക് തുടക്കമായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്നതോടെ ദേശീയ ഗെയിംസിന് ഔദ്യോഗിക തുടക്കമാകും. ഗോവയിലെ അഞ്ചും ദല്‍ഹിയിലെ ഒരു വേദിയിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. സൈക്ലിങ് (ട്രാക്ക്), ഗോള്‍ഫ് ഇനങ്ങളാണ് ദല്‍ഹിയില്‍ നടക്കുക. ഗോവയിലെ മാപുസ, പന്‍ജിം, പോണ്ട, വാസ്കോ, മഡ്ഗാവ് എന്നിവയാണ മറ്റ് വേദികള്‍. ആദ്യമായാണ് ഗോവ ദേശീയ ഗെയിംസിന് വേദിയാകുന്നത്. 2016-ല്‍ നടക്കേണ്ട ഗെയിംസിനാണ് ഇന്ന് തുടക്കമാകുന്നത്. ഇതിനിടെ കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ ദേശീയ ഗെയിംസ് നടക്കുകയും ചെയ്തു.
രണ്ടാഴ്ചയിലേറെ ദിവസം നീണ്ടുനില്‍ക്കുന്ന ഗെയിംസില്‍ 43 ഇനങ്ങളിലായി പതിനായിരത്തിലേറെ കായിക താരങ്ങള്‍ പങ്കെടുക്കും.
ഭാരോദ്വഹനം, ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോള്‍ മത്സരങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇന്നലെ ഭാരോദ്വഹനത്തില്‍ രണ്ട് പുതിയ ദേശീയ റിക്കാര്‍ഡുകള്‍ പിറന്നു. വനിതകളുടെ 45 കി.ഗ്രാം വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ ദിപാലി ഗുര്‍സാലെ സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലുമായി 165 കി.ഗ്രാം ഉയര്‍ത്തി റിക്കാര്‍ഡോടെ സ്വര്‍ണം നേടി. സ്നാച്ചില്‍ 75 കി.ഗ്രാമും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 90 കി.ഗ്രാമും ഉയര്‍ത്തിയാണ് ദിപാലിയുടെ സ്വര്‍ണനേട്ടം. സ്നാച്ചില്‍ കഴിഞ്ഞ വര്‍ഷം കോമള്‍ കൊഹാര്‍ ഉയര്‍ത്തിയ 72 കി.ഗ്രാം റിക്കാര്‍ഡാണ് ഇന്നലെ ദിപാലി മറികടന്നത്.
സര്‍വീസസിന്റെ പ്രശാന്ത് കോലിയാണ് മറ്റൊരു റിക്കാര്‍ഡ് സ്വന്തമാക്കിയത്. സ്നാച്ചില്‍ 115 കി.ഗ്രാം ഉയര്‍ത്തിയാണ് പ്രശാന്ത് റിക്കാര്‍ഡ് സ്വര്‍ണം നേടിയത്.
വനിതകളുടെ 49 കി.ഗ്രാമില്‍ ചത്തീസ്ഗഢിന്റെ ജ്ഞാനേശ്വരി യാദവിനാണ് സ്വര്‍ണം.
പുരുഷ-വനിതാ നെറ്റ് ബോളില്‍ ഹരിയാന സ്വര്‍ണം നേടി. ഫൈനലില്‍ പുരുഷന്മാര് 45-42ന് കേരളത്തെയും വനിതകള്‍ 58-52ന് കര്‍ണാടകത്തെയും തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: