ന്യൂദല്‍ഹി: ആദ്യം ഡേവിഡ് വാര്‍ണറുടെയും ഗ്ലെന്‍ മാക്സ്വെല്ലിന്റെയും തകര്‍പ്പന്‍ സെഞ്ചുറി, പിന്നാലെ ആദം സാംപയുടെ തകര്‍പ്പന്‍ ബൗളിങ്. ഇതു മതിയയായിരുന്നു നെതര്‍ലന്‍ഡ്സിനെതിരെ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ വിജയം സ്വന്തമാക്കാന്‍. 309 റണ്‍സിന്റെ അതിഗംഭീര വിജയമാണ് ഓസീസ് ഇന്നലെ ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. ഓസീസിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.
റണ്‍സ് അടിസ്ഥാനത്തില്‍ ലോകകപ്പിലെ ഏറ്റവും വലിയ വിജയമാണിത്. 2015-ല്‍ പെര്‍ത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ തന്നെ നേടിയ 275 റണ്‍സിന്റെ വിജയമായിരുന്നു ഇതിന് മുന്‍പ് റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയം.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് വിക്കറ്റിന് 399 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ നെതര്‍ലന്‍ഡ്സ് 21 ഓവറില്‍ വെറും 90 റണ്‍സിന് പുറത്തായി. മൂന്ന് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത ആദം സാംപയാണ് നെതര്‍ലന്‍ഡ്സിനെ തകര്‍ത്തത്. രണ്ട് വിക്കറ്റ് മിച്ചല്‍ മാര്‍ഷും സ്വന്തമാക്കി. 25 റണ്‍സെടുത്ത ഓപ്പണര്‍ വിക്രംജിത്ത് സിങ്ങാണ് നെതര്‍ലന്‍ഡ്സിന്റെ ടോപ് സ്കോറര്‍. കോളിന് ആക്കര്മാന് (10), സിബ്രാന്‍ഡ് ഏങ്കല്‍ബ്രഷ് (11), സ്കോട്ട് എഡ്വേര്‍ഡ്സ് (പുറത്താവാതെ 12) തേജ നിഡമനുരു (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മാക്സ് ഒഡൗഡ് (6), ബാസ് ഡീ ലീഡെ (4), ലോഗന് വാന്‍ ബീക്ക് (0), റോള്‍ഫ് വാന്‍ ഡര് മെര്‍വെ (0), ആര്യന് ദത്ത് (1), പോള്‍ വാന്‍ മീകെരന്‍ (0) എന്നിവരും പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഡേവിഡ് വാര്‍ണര്‍, (93 പന്തില്‍ 104), ഗ്ലെന്‍ മാക്സ്വെല് (44 പന്തില്‍ 106) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറി കരുത്തിലാണ് കൂറ്റന്‍ സ്കോറിലെത്തിയത്. സ്റ്റീവന്‍ സ്മിത്ത് (71), മര്‍നസ് ലബുഷെയ്ന് (62) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവെച്ചു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തില്‍ തന്നെ മിച്ചല്‍ മാര്‍ഷിന്റെ (9) വിക്കറ്റ് നഷ്ടമായി. വാന്‍ ബീക്കിന്റെ പന്തില്‍ കോളിന് ആക്കര്മാന് ക്യാച്ച്. മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍-സ്മിത്ത് സഖ്യം ഒത്തുചേര്‍ന്നതോടെ ഓസീസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തിത്തുടങ്ങി. ഇരുവരും 132 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സ്മിത്തിനെ ആര്യന് ദത്ത് പുറത്താക്കി. 68 പന്തില്‍ ഒരു സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്സ്. നാലാമതെത്തിയ ലബുഷെയ്നും അക്രമിച്ചു കളിച്ചു. വാര്‍ണര്‍ക്കൊപ്പം 84 റണ്‍സാണ് ലബുഷെയ്ന് കൂട്ടിച്ചേര്‍ത്തത്. 37-ാം ഓവറിലെ ആദ്യ പന്തില്‍ ഡീ ലീഡെയുടെ പന്തില്‍ ദത്തിന് ക്യാച്ച് നല്കി ലബുഷെയ്ന് മടങ്ങി. തുടര്‍ന്നെത്തിയ ജോഷ് ഇന്‍ഗ്ലിസിന് (14) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. തൊട്ടടുത്ത ഓവറില്‍ വാര്‍ണറും കൂടാരം കയറിയതോടെ ഓസീസ് 39.1 ഓവറില്‍ അഞ്ചിന് 267 എന്ന നിലയിലായി. ഇന്‍ഗ്ലിസ് പുറത്തായശേഷം ക്രീസിലെത്തിയ മാക്സ്വെല് തകര്‍ത്തടിച്ചതോടെ ഓസീസ് സ്കോര്‍ കുത്തനെ ഉയര്‍ന്നു. ഇതിനിടെ കാമറൂണ്‍ ഗ്രീന്‍ (8) റണ്ണൗട്ടായി. എന്നാല്‍ മാക്സ്വെല് തകര്‍ത്താടിയപ്പോള്‍ ഓസീസ് സ്കോര്‍ 400ന് അടുത്തെത്തി. അവസാന ഓവറിലാണ് മാക്സി മടങ്ങുന്നത്. 44 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്സും ഒമ്പത് ഫോറും നേടി. ലോഗന് വാന്‍ ബീക്ക് 10 ഓവറില്‍ 74 റണ്‍സിന് നാല് വിക്കറ്റെടുത്തു. ബാസ് ഡീ ലീഡെയ്ക്ക് രണ്ട് വിക്കറ്റുണ്ട്. മാക്സ്വെല്ലാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: