ബെംഗളൂരു: പവര്‍കട്ടിനെതിരെ കര്‍ണാടകയില്‍ കര്‍ഷക പ്രതിഷേധം. വിജയ്പുരയിലെ കര്‍ഷകര്‍ ഇന്നലെ വൈദ്യുത ബോര്‍ഡിന്റെ ഓഫീസില്‍ പ്രതിഷേധിക്കാനെത്തിയത് മുതലയുമായി. ഹൂബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെ (ഹെസ്കോം) ഓഫീസിലേക്കാണ് മുതലയുമായി പ്രതിഷേധക്കാരെത്തിയത്.
പകല്‍ സമയങ്ങളില്‍ വൈദ്യുതി ഇല്ലാത്തതുകാരണം കര്‍ഷകര്‍ രാത്രിയാണ് ജോലിക്കിറങ്ങുന്നത്. രാത്രികാലങ്ങളില്‍ കൃഷിയിടങ്ങളിലേക്ക് പോകുമ്പോള്‍ വന്യമൃഗങ്ങളും പാമ്പുകളും അപകടഭീഷണിയുയര്‍ത്തുന്നത് ഇവരെ പരിഭ്രാന്തരാക്കിയിരുന്നു.
രാത്രി വൈകി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതിനെത്തുടര്‍ന്ന് കൃഷിയിടത്തില്‍ വെള്ളം നനയ്ക്കാന്‍ പോയപ്പോഴാണ് ഒരു കര്ഷകന് തന്റെ കൃഷിയിടത്തില്‍ മുതലയെ കണ്ടത്. കൃഷ്ണ നദിയില്‍ നിന്ന് കടന്നുവന്നതാണ് മുതല എത്തിയതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. കര്ഷകന് മറ്റ് ഗ്രാമവാസികളുമായി ചേര്‍ന്ന് മുതലയെ പിടിച്ചുകെട്ടി ഹെസ്കോം ഓഫീസിലേക്ക് പോവുകയായിരുന്നു. പേടിച്ചുപോയ ഉദ്യോഗസ്ഥര്‍ പോലീസിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും വിളിച്ചാണ് പ്രശ്നം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: