Categories: KeralaKozhikode

അറിവ് നേടുക എന്നത് അവകാശമാണെന്ന് തിരിച്ചറിയണം: കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്

ജനങ്ങളെ ചിന്തിപ്പിക്കാതിരിക്കാന്‍ സാങ്കേതിക വിദ്യകള്‍ ശ്രമിക്കുമ്പോള്‍ ചിന്തയിലൂടെ സ്വതന്ത്രമാകാന്‍ ശ്രമിക്കണം, പ്രത്യേകിച്ച് സ്ത്രീകള്‍.

Published by

അരീക്കാട്: അറിവ് നേടുക എന്നത് അവകാശമാണെന്ന് തിരിച്ചറിയുക എന്നതാണ് വ്യക്തിവികാസത്തിന്റെ ആദ്യ പടിയെന്ന് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്. ജനങ്ങളെ ചിന്തിപ്പിക്കാതിരിക്കാന്‍ സാങ്കേതിക വിദ്യകള്‍ ശ്രമിക്കുമ്പോള്‍ ചിന്തയിലൂടെ സ്വതന്ത്രമാകാന്‍ ശ്രമിക്കണം, പ്രത്യേകിച്ച് സ്ത്രീകള്‍.

അരീക്കാട് ആരംഭിച്ച ത്രിദിന ബോധവത്കരണ പരിപാടിയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു മേയര്‍. സര്‍ക്കാര്‍ പദ്ധതികളെകുറിച്ച് അറിവ് ഉണ്ടായാല്‍ മാത്രമേ അതിന്റെ സൗകര്യങ്ങള്‍ നേടിയെടുക്കാന്‍ ആവൂ, ഡോ. ബീന ഫിലിപ്പ് കൂട്ടിചേര്‍ത്തു.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണികേഷന്‍ വയനാട് ഫീല്‍ഡ് ഓഫീസ്, ഐ. സി. ഡി. എസ്. പ്രൊജക്ട്, കോഴിക്കോട് അര്‍ബന്‍ 4 ന്റെയും കോഴിക്കോട് സര്‍വകലാശാല ജില്ലാ എന്‍. എസ്. എസ്. യൂണിറ്റുകളുടെയും സഹകരണത്തോടെ അരീക്കാട് ആര്‍. ആര്‍. ഓഡിറ്റോറിയത്തില്‍ ആണ് ത്രിദിന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ ഭാഗമായി സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടന്നു. ആധാര്‍ സംബന്ധമായ തിരുത്തലുകള്‍ക്കുള്ള സൗകര്യം മൂന്ന് ദിവസവും ഉണ്ടായിരിക്കും. സ്വയം തൊഴില്‍ പദ്ധതികളെ കുറിച്ച് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിലെ റിസോഴ്‌സ് പേഴ്‌സന്‍ നിതീഷ് കുമാര്‍ കെ. ക്ലാസ് എടുത്തു. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള പ്രദര്‍ശനവും വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ റഫീന അന്‍വര്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ കൗണ്‍സിലര്‍മാരായ മൈമൂന ടീച്ചര്‍, അജീബ ബീവി, ഐ. സി. ഡി. എസ്. ജില്ലാ പ്രോഗ്രാം ഓഫിസര്‍ അനിത പി., സി. ഡി. പി. ഒ. പ്രസന്ന കുമാരി കെ. ബി., എന്‍. എസ്. എസ്. കോഴിക്കോട് സര്‍വകലാശാല കോര്‍ഡിനേറ്റര്‍ ഷിഹാബ് എന്‍., എന്‍. എസ്. എസ്. ജില്ലാ കോര്‍ഡിനേറ്റര്‍ ഫസീല്‍ അഹ്മദ്, ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ പ്രജിത്ത് കുമാര്‍ എം. വി., സി. ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നാളെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടക്കും. കൂടാതെ നല്ല അടുക്കള, സര്‍ക്കാര്‍ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്‌ളാസുകളും കലാപരിപാടികളും ഉണ്ടാകും. 27ആം തീയതി ബോധവത്കരണ പരിപാടി സമാപിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by