ലഖ്നൗ: കഴിഞ്ഞ കുറേ ദിവസമായി കോണ്‍ഗ്രസിനെ വെല്ലുവിളിക്കുക ശീലമാക്കിയ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഐഎന്‍ഡിഐ സഖ്യത്തിനു പുറത്തേക്കു നീങ്ങുന്നതിന്റെ സൂചനകള്‍ കടുപ്പിച്ചു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞടുപ്പില്‍ ആറു സീറ്റെങ്കിലും കിട്ടണം എന്ന കാര്യത്തില്‍ അഖിലേഷ് ഉറച്ചു നില്‍ക്കുന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്.
എന്‍ഡിഎക്കെതിരെ ഇന്‍ഡി സഖ്യം എന്ന നീക്കം മുന്നോട്ടു പോകണമെങ്കില്‍ അഖിലേഷ് ഏറെ പ്രധാനപ്പെട്ടതാണെന്ന് കോണ്‍ഗ്രസിന് അറിയാം. എന്നാല്‍ കമല്‍നാഥ് അടക്കമുള്ള മധ്യപ്രദേശിലെ നേതാക്കള്‍ തുടര്‍ച്ചയായി അഖിലേഷിനെതിരെ പ്രസ്താവനകള്‍ നടത്തുകയാണ്.
കഴിഞ്ഞ ദിവസം അഖിലേഷ് കോണ്‍ഗ്രസിനെ ചൊടിപ്പിക്കാന്‍ മറ്റൊരു നമ്പരിട്ടു. എസ്പിയുടെ ലഖ്നൗ ഓഫീസിനു മുന്നില്‍ അഖിലേഷിന്റെ കൂറ്റന്‍ കട്ടൗട്ട് പ്രത്യക്ഷപ്പെട്ടു. അതില്‍ അതി മനോഹരമായി എഴുതിയിരിക്കുന്നു, ഭാവി പ്രധാനമന്ത്രി. രാഹുല്‍ പ്രധാനമന്ത്രി എന്ന മോഹം ഇപ്പോഴും താഴെവച്ചിട്ടില്ല കോണ്‍ഗ്രസ്. പ്രധാനമന്ത്രി മോഹികള്‍ ധാരാളമുണ്ട് ഇന്‍ഡി സഖ്യത്തില്‍.
അതിനിടെയാണ് അഖിലേഷിന്റെയും വരവ്. എനിക്കൊന്നുമറിയില്ല, പാര്‍ട്ടി വക്താവ് ഫക്രുല്‍ ഹസാണ് പോസ്റ്ററിനു മുന്നില്‍ എന്നാണ് അഖിലേഷിന്റെ വിനയം. ഒരു പോസ്റ്റര്‍ വച്ചതു കൊണ്ട് ഒരാള്‍ പ്രധാനമന്ത്രിയായുമോ എന്നും ചോദിക്കുന്നു എസ്പി നേതാവ്. പക്ഷേ കോണ്‍ഗ്രസിന് ലക്ഷ്യമിട്ടുള്ള ഒരു ഒളിയമ്പാണ് പോസ്റ്ററെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നാണ് പോസ്റ്ററിനെക്കുറിച്ചുള്ള ബിജെപിയുടെ പ്രതികരണം. ഉത്തര്‍പ്രദേശ് ജനത അഖിലേഷിനെ മൊത്തത്തില്‍ തള്ളിക്കളഞ്ഞു. മറ്റു സംസ്ഥാനങ്ങളിലും അടിത്തറയില്ല. സഖ്യകക്ഷികള്‍ നിരന്തരമായി അദ്ദേഹത്തില്‍നിന്ന് വേര്‍പിരിയുന്നു.
അത്തരം സാഹചര്യത്തില്‍ ഭാവി പ്രധാനമന്ത്രി എന്നത് നടക്കാത്ത മോഹമാണ്. അതൊരിക്കലും വെളിച്ചം കാണാന്‍ പോകുന്നില്ല, ബിജെപി വക്താവ് അവനീഷ് ത്യാഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: